Sunday, June 27, 2010

ബുദ്ധിജീവി

എനിക്കുമുണ്ട് പ്രണയിക്കാനും പാപം ചെയ്യാനുമുള്ള ആഗ്രഹം
എന്നിട്ടും ബുദ്ധിജീവിയെന്ന് വിളിച്ച് അവരെന്നെ മാറ്റി നിര്‍ത്തുന്നു
ഇതെന്ത് ജീവിയെന്നറിയാതെ ഞാനും..

Sunday, June 20, 2010

നിസ്സഹായര്‍

സി ഐ ദത്തനെ യൂണിഫോമിട്ട് കണ്ടാല്‍ പോലും ആരും പറയില്ല പോലീസാണെന്ന്. കൂടിപ്പോയാല്‍ സെക്രട്ടറിയേറ്റിലെ ഒരു അണ്ടര്‍ സെക്രട്ടറി അല്ലെങ്കില്‍ എക്‌സൈസ് വകുപ്പിലെ ഒരുദ്യോഗസ്ഥന്‍. അതും നീണ്ട മീശ പിരിച്ചു വച്ചാല്‍ മാത്രം. പക്ഷേ ദത്തന്‍ സാറിന്റെ ശബ്ദം ഈ സങ്കല്പത്തെയെല്ലാം മാറ്റി മറിക്കും. മുഴക്കമുള്ള, സുരേഷ്‌ഗോപി ചിത്രങ്ങളില്‍ മാത്രം കേട്ടിട്ടുള്ള ഗാംഭീര്യമുള്ള ഒരു പോലീസിന്റെ ശബ്ദം. ആ ശബ്ദത്തിലാണ് ദത്തന്‍ ഇപ്പോള്‍ ഡോ.നീതയെ ചോദ്യം ചെയ്യുന്നത്. വിയര്‍ത്തു കുളിച്ചിരുന്ന നീതക്ക് എന്തോ ദത്തന്റെ ശബ്ദം അസഹ്യമായിത്തോന്നി. അത് വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നുവെന്നതാണ് സത്യം.
''ആ കുട്ടിയുടെ മരണത്തിന് ഡോക്ടര്‍ ഉത്തരം പറഞ്ഞേ പറ്റൂ..''
ദത്തന്റെ മുഴക്കമുള്ള ശബ്ദം നീതയുടെ കണ്‍സള്‍ട്ടിംഗ് റൂമിലാകെ നിറഞ്ഞു. മേശമേലിരുന്ന കൂട്ടിലിരിക്കുന്ന തത്തയുടെ കൊച്ചുപ്രതിമയെ ദത്തന്‍ വെറുതെ കറക്കി. അതിനേക്കാളും വേഗത്തില്‍ ഫാന്‍ കറങ്ങുന്നു. എന്നിട്ടും നീത വിയര്‍ത്തു.
''ഞങ്ങളുടെ കയ്യില്‍ ഇവിടെ ഇങ്ങിനെയിരുന്ന് കളയാന്‍ ഒട്ടും സമയമില്ല, ഡോകടര്‍ സഹകരിച്ചില്ലെങ്കില്‍..'' ശബ്ദം ഭീഷണിയുടെ മൂര്‍ധന്യത്തിലെത്തി.
ദത്തനും നീതക്കുമിടയില്‍ ഫാനിന്റെ ശബ്ദം മാത്രം. തത്തക്കൂട് കറങ്ങുന്നത് പോലും നിശബ്ദമായാണ്.
''ഞാന്‍ പറയാം..'' നീതക്ക് എവിടെ നിന്നോ ധൈര്യം കിട്ടിയ പോലെ. മനസിലപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ മുഖം മാത്രം. പൊക്കം കുറഞ്ഞ, വെളുത്ത, ഇരുവശത്തും തുള്ളിച്ചാടുന്ന മുടിക്കെട്ടുള്ള, ഭംഗിയായി ചിരിക്കുന്ന, പാവാടയും ഷര്‍ട്ടുമിട്ട ഒരു പെണ്‍കുട്ടി.
ആകാശത്തെ കുത്താനെന്ന പോലെ നില്‍ക്കുന്ന ഒരു പേനത്തുമ്പ്. ആ വലിയകെട്ടിടത്തിന് മുകളില്‍ മീനാക്ഷി അതെന്നും കാണുന്നതാണ്. എന്നും അതിനപ്പുറത്തുള്ള റോഡില്‍ അവളെത്തുമ്പോള്‍ ട്രാഫിക്ക്‌ഐലന്റില്‍ ചുവന്ന വെളിച്ചം കത്തും. കാത്തിരുന്ന് പച്ച വെളിച്ചത്തിന്റെ ചുവട് പിടിച്ച് സീബ്രാലൈനിലൂടെ നടക്കുമ്പോള്‍ ഇരുവശത്തു നിന്നും തനിക്ക് നേരെ കുതിച്ചു വരാനൊരുങ്ങി നില്‍ക്കുന്ന പോലെ കുറേ വാഹനങ്ങള്‍ നില്പുണ്ടാവും. കണ്ണുമടച്ചാണ് പലപ്പോഴും റോഡ് ക്രോസ് ചെയ്യുക. റോഡിന് നടുവിലെത്തുമ്പോഴോ മറ്റോ ചുവപ്പ് സിഗ്നല്‍ വീണാല്‍ പെട്ടെന്നുയരുന്ന വണ്ടികളുടെ എന്‍ജിന്റെ മുരള്‍ച്ച എന്തോ അവള്‍ക്കിഷ്ടമല്ലായിരുന്നു. മുകളില്‍ പേനത്തുമ്പിരിക്കുന്ന കെട്ടിടത്തില്‍ നിന്നും നടക്കാവുന്ന ദൂരത്താണ് മീനുവിന്റെ ഫ്‌ളാറ്റ്. രണ്ട് ഹോട്ടലും ഒരു പിസാഹട്ടും ഒരു മരുന്ന് കടയും ഒന്നു രണ്ട് തട്ടുകടയും കഴിഞ്ഞാല്‍ ഒരു എട്ടുനില ഫ്‌ളാറ്റ്. അതിന്റെ നാലാം നിലയില്‍ മീനാക്ഷിയുടെയും അഛന്‍ ഗോപാല്‍ മേനോന്റെയും ഫ്‌ളാറ്റ്. അമ്മ മരിച്ചതില്‍ പിന്നെ മീനു ഏതാണ്ട് ഒറ്റക്കാണവിടെ. അഛന്‍ വല്ലാത്ത മദ്യപാനിയായി മാറിയിരിക്കുന്നു. സ്വന്തമായുള്ള അഡ്വര്‍ടൈസിംഗ് ഏജന്‍സി ആരെയോ ഏല്പിച്ചിരിക്കുകയാണ്. അതുകൊണ്ട് കമ്പനി ഇപ്പോഴും ലാഭത്തിലാണ്. പക്ഷേ, എന്ത് നന്നായി വരച്ചിരുന്ന അഛനാ? ഇപ്പോഴോ, തന്റെ പരീക്ഷാഉത്തരക്കടലാസില്‍ ഒപ്പിടുമ്പോള്‍ വരെ അഛന്റെ കൈവിറക്കുന്നു. അമ്മയുള്ളപ്പോള്‍ തന്റെ നോട്ട്ബുക്കില്‍ വരച്ചു തന്ന മിക്കിമൗസിന്റെയും ദിനോസറുകളുടെയുമെല്ലാം പടങ്ങള്‍ അതുകൊണ്ട് തന്നെ മീനു നോക്കാറില്ല, എന്തോ, സങ്കടം വരും.
''പപ്പാ, പിസ പറഞ്ഞിട്ടുണ്ട്‌ട്ടോ..'' പെട്ടെന്നെത്തിക്കാം..പിസാഹട്ടില്‍ നിന്നും ഗോപുചേട്ടനാണ് വിളിച്ച് പറഞ്ഞത്. അപ്പോള്‍ അഛന്‍ ഇന്നും രാത്രി വൈകും. അങ്ങിനെ വരുമ്പോളൊക്കെ പിസാഹട്ടില്‍ നിന്നാണ് തന്റെ ഭക്ഷണം. അജിനാമോട്ടോയുടെ മണമാണ് അഛനില്ലാത്ത രാത്രികള്‍ക്ക്..
പിസാഹട്ടിന് തൊട്ടപ്പുറത്താണ് ഫ്‌ളാറ്റ്. പരിസരത്തെങ്ങും ആരുമില്ല. സമയം സന്ധ്യയായി, ആരുണ്ടാവാനാ? എല്ലാവരും തിരക്കിലാവും. തനിക്കും തിരക്കില്ലേ! വെറുതെ കാര്‍പോര്‍ച്ചിനടുത്തേക്ക് നോക്കി. ഭാഗ്യം ആ വാച്ച് മേനെ കാണാനില്ല. ഇപ്പോ അടുത്തായിട്ട് അയാളുടെ നോട്ടം സഹിക്കാനാവുന്നില്ല. അയാള്‍ടെ മോള്‍ടെ മോള്‍ടെ പ്രായം ഉണ്ടാവും തനിക്ക്. എന്നിട്ടാണ്..പെട്ടെന്ന് പോര്‍ച്ചിന്റെ അങ്ങേയറ്റത്ത് നിന്ന് നിലത്തുരയുന്ന ഒരു മുളവടിയുടെ ശബ്ദം മീനു കേട്ടു. കോണ്‍ക്രീറ്റ് തറയില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് ആ കുഞ്ഞുചെരിപ്പുകള്‍ ലിഫ്റ്റിന് നേരെ പാഞ്ഞു. ലിഫ്റ്റിന്റെ അഴികളടക്കുമ്പോള്‍ അതിനിടയിലൂടെ ഒരു വെളിച്ചത്തിന്റെ പൊട്ട് കണ്ടു. പോര്‍ച്ചിലെ ഇരുട്ടില്‍ കത്തുന്ന ഒരു തീപ്പെട്ടിയുടെ വെളിച്ചം. അതിന്റെ പിറകില്‍ തീപ്പന്തം പോലെ ഒരു മുഖം. മീനു ലിഫ്റ്റിന്റെ ചുമരിലേക്ക് മുഖം ചേര്‍ത്തു, അത് മുകളിലേക്കുയര്‍ന്നു.
മുറിയിലെത്തി. ടൈ ഊരിമാറ്റി. കുളിക്കാനായി വെള്ളം ചൂടാക്കാന്‍ ഹീറ്റര്‍ ഓണാക്കിയപ്പോഴേക്കും കോളിംഗ്‌ബെല്‍ ശബ്ദിച്ചു. പിസാഹട്ടില്‍ നിന്നാവണം. മിക്ക ദിവസങ്ങളിലും ഈ സമയത്ത് അവിടെ നിന്ന് മാത്രമാണല്ലോ ആരെങ്കിലും വരിക. അല്ലേല്‍ പിന്നെ ഡോക്ടറാന്റിയാവണം. ആന്റി ഗൈനക്കോളജിസ്റ്റുമാരുടെ ദേശീയസെമിനാറിന് നോയ്ഡയിലും. നന്നായി വിശപ്പുണ്ടായിരുന്നു മീനുവിന്. പിസാഹട്ടിലെ ഗുഡ് ഈവനിംഗ് മേഡം എന്ന വിളി പ്രതീക്ഷിച്ച് വാതില്‍ തുറന്ന മീനുവിനെ പക്ഷേ കനത്ത ഒരു പ്രഹരമായിരുന്നു സ്വീകരിച്ചത്. അടിവയറ്റില്‍ കിട്ടിയ തള്ളലില്‍ അംമ്...എന്നൊരു ശബ്ദത്തോടെ ഹാളിലേക്കവള്‍ തെറിച്ച് വീണു. കൊടുങ്കാറ്റ് പോലെ അകത്തേക്കൊരാള്‍ പാഞ്ഞ് കയറി. ഇടിയുടെ ആഘാതത്തിലാവണം, മങ്ങിപ്പോയ കാഴ്ചയില്‍ ആ കൊമ്പന്‍മീശ അവള്‍ കണ്ടു. തൊണ്ടയില്‍ നിന്നും ശബ്ദമുയരുമ്പോഴേക്കും രണ്ട് വൃത്തികെട്ട മണമുള്ള വിരലുകള്‍ അവളുടെ വായിലേക്ക് കയറി. ഓക്കാനം വന്നു. കണ്ണുകള്‍ പുറത്തേക്ക് തള്ളി. ഒരു കൈ വായിലിരിക്കുമ്പോള്‍ തന്നെ മറ്റേ കൈ ആ കുഞ്ഞു ദേഹത്തെ വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ആരംഭിച്ചിരുന്നു. കരയാന്‍ പോലുമാവാതെ വായില്‍ നിറയുന്ന ചോര തുപ്പാന്‍ പോലുമാവാതെ മീനു കിതച്ചു. മര്യാദക്ക് ശ്വാസം വിടാന്‍ പോലും പറ്റുന്നില്ല. കനത്ത മുട്ടുകാലുകള്‍ അവളുടെ കാലുകള്‍ക്കിടയിലേക്ക് തിരുകിക്കയറ്റുമ്പോള്‍ എവിടെ നിന്നോ കിട്ടിയ ശക്തിയില്‍ മീനു അയാളുടെ കൈകളില്‍ കടിച്ചു. ഒരു നിമിഷം കൈ വലിച്ചെടുത്തെങ്കിലും വല്ലാത്തൊരു മുരള്‍ച്ചയോടെ അയാള്‍ കൈവീശിയടിച്ചു. ലോകം നിശബ്ദമായ പോലെ. എല്ലാം നിശ്ചലമായ പോലെ. ശബ്ദിക്കാന്‍ പോലുമാവാതെ കിടക്കാനേ മീനുവിനായുള്ളൂ. അതിനിടയില്‍ അയാള്‍ തന്നെയെന്തൊക്കെ ചെയ്തുവെന്ന് പോലും അവള്‍ക്ക് മനസിലായില്ല. മൂക്കിലേക്ക് വൃത്തി കെട്ട ഒരു ദുര്‍ഗന്ധം വന്നപ്പോഴാണ് ബോധമണ്ഡലത്തിലേക്ക് പിന്നെ തിരിച്ചെത്തുന്നത്. തുറന്ന കണ്മുന്നിക്കെത്തിയത് ഒരു കാവി നിറമുള്ള പാന്റിന്റെ സിബ്ബിനുള്ളിലെ തുറന്ന ഇരുട്ടിലേക്ക്..മൂത്രവും വിയര്‍പ്പും കൂടിക്കലര്‍ന്ന അസഹ്യമായ ഗന്ധം. കുടല്‍മാല ഇളകിവന്ന പോലെ മീനു ഛര്‍ദ്ദിച്ചു. കൊഴുത്ത ദ്രാവകത്തിനും ചോരക്കുമൊപ്പം എന്തൊക്കെയോ പുറത്ത് വന്നു. ആ മണം അടുത്തത് വരികയാണ്. പെട്ടെന്ന് എന്തോ പ്രേരണയാല്‍ അയാളെ തള്ളിമാറ്റി മീനു ബാത്ത്‌റൂമിലേക്കോടി. പിന്നാലെയെത്തിയ പാദപതനങ്ങള്‍ക്ക് നേരെ അവള്‍ വാതില്‍ വലിച്ചടച്ചു. നിലത്താകെ ചോര പടരുന്നു. തനിക്കെന്താണ് സംഭവിച്ചത്. ദേഹമാസകലം വേദന. പുറത്തൊരു ചെകുത്താന്റെ കിതപ്പ്.
''മര്യാദക്ക് തുറക്കുന്നതാ നിനക്ക് നല്ലത്. അല്ലേല്‍, ദാ ഈ മൊബൈലിലെ കാഴ്ചകള് ലോകം മുഴുവന്‍ കാണും..''
ആ ശബ്ദം അവിടമാകെ മുഴങ്ങുന്ന പോലെ തോന്നി. കാലുകളിലേക്കിറങ്ങുന്ന ചോരയുടെ കൊഴുപ്പ് കൂടി. അവള്‍ തളര്‍ന്ന് നിലത്തിരുന്നു. ഒരു വാതില്‍ മറയുടെ, ഒരു നിശ്വാസത്തിന്റെ ദൂരത്തില്‍ അയാളിരിക്കുന്നത് മീനു മനസ്സില്‍ കണ്ടു. അയാള്‍ തന്നെ ഒരു മൊബൈലും ഉയര്‍ത്തിക്കാണിച്ച് ഭീഷണിപ്പെടുത്തുകയാണ്. അയാള്‍ ഉറക്കെയുറക്കെ വാതിലില്‍ ഇടിക്കുന്നു..
''പോടാ, പോടാ നായേ...''കരച്ചിലിനിടയില്‍ വീണ്ടും വീണ്ടും മീനുവില്‍ നിന്നും വാക്കുകള്‍ ചിതറി വീണു. ''പോ..പോയ്‌ക്കോ...'' നിലത്ത് പരന്ന ചോരയില്‍ കാല്‍ വഴുതി മീനു നിലത്തൂര്‍ന്നു വീണു. കാണെക്കാണെ ഏതോ കാലടി ശബ്ദം അകന്നു പോകുന്നത് കേട്ടു. ബാത്ത്‌റൂമില്‍ വെള്ളം വീഴുന്നത് കേട്ടാവണം. ''പിസ ഇവിടെ വച്ചിട്ടുണ്ട് മേഡം'' എന്ന ശബ്ദം വന്നത് കേട്ടു. പിന്നെയൊന്നും കേട്ടില്ല. കേള്‍ക്കാനായില്ല..ഹീറ്ററിട്ട വെള്ളം തിളച്ച് മറിയാറായിരുന്നു...
(തുടരും..)

Friday, December 5, 2008

പിറന്നാള്‍...?





രാവിലെ മുതല്‍ നടക്കുകയാണ്‌ ആ അമ്മയും കൊച്ചു മകനും. ചൂടില്‍ ഉരുകിയൊലിക്കുന്ന റോഡില്‍ ഉണ്ണിയുടെ കാലുകള്‍ പൊള്ളാതിരിക്കാന്‍ അവനെയെടുത്ത്‌ കുറേ ദൂരമായി ആ അമ്മ നടക്കുന്നു. കീറിപ്പറിഞ്ഞ അവളുടെ വസ്‌ത്രങ്ങള്‍ക്കിടയിലൂടെ തെളിഞ്ഞ മാംസക്കഷണങ്ങളെ വഴിയോരത്തെ കഴുകന്മാര്‍ കണ്ണുകള്‍ കൊണ്ട്‌ കൊത്തിയെടുക്കുന്നുണ്ടായിരുന്നു അവര്‍ക്കു നേരെയും അവള്‍ ഭിക്ഷാ പാത്രം നീട്ടി. പലരും അവളെ ക്ഷണിച്ചു. അവള്‍ ഓടിയകന്നു. ഇടുപ്പ്‌ കഴച്ചിട്ടും അവനെ നിലത്തിറക്കാതെ അവള്‍ പിന്നെയും നടന്നു. വഴിയരികിലെ വര്‍ണ്ണ ബലൂണുകളില്‍ നിന്ന്‌ അവന്റെ കണ്ണുകളെ അകറ്റാന്‍ വല്ലാതെ പാടു പെടേണ്ടി വന്നു അവള്‍ക്ക്‌. ഒരു കുട്ടി അവനു നേരെ നീട്ടിക്കൊതിപ്പിച്ച ബലൂണ്‍ പക്ഷേ ആ അമ്മയെ വല്ലാതെ കഷ്‌ടപ്പെടുത്തിക്കളഞ്ഞു. അത്‌ കിട്ടാതെ ദേഷ്യപ്പെട്ടവന്‍ അവളുടെ കഴുത്തില്‍ നഖങ്ങളാഴ്‌ത്തി.പിന്നെ ഉറക്കെക്കരയാന്‍ തുടങ്ങി. "അമ്മ തളരും കുട്ടാ ഇങ്ങനെ കരയല്ലേ" അവള്‍ കെഞ്ചി. കഴുത്തില്‍ ആ കുഞ്ഞിക്കൈകള്‍ തീര്‍ത്ത നഖക്ഷതങ്ങളില്‍ അവളുടെ വിയര്‍പ്പിന്റെ ഉപ്പാഴ്‌ന്നപ്പോള്‍ നീറിപ്പിടഞ്ഞു പോയി. ഇടനെഞ്ചിനെ കീറി വരച്ച്‌ അവന്‍ പിന്നെയും കരഞ്ഞപ്പോളും അവള്‍ കെഞ്ചി "അമ്മക്ക്‌ വയ്യ മോനെ." കരഞ്ഞു കരഞ്ഞ്‌ അവനുറങ്ങി. അപ്പോഴും അവളേതോ താരാട്ടു പാടുന്നുണ്ടായിരുന്നു
ഒരു ബഹളം കേട്ടാണ്‌ പിന്നെയവന്‍ ഉണര്‍ന്നത്‌
ചുറ്റിലും നോക്കി ഒരു വീട്ടില്‍ വര്‍ണ്ണ ബലൂണുകളുടെ കൂമ്പാരം. കൊതിപ്പിക്കുന്ന ഗന്ധം. മദിപ്പിക്കുന്ന സംഗീതം."വെശക്കുന്നമ്മാ." അവന്‍ പറഞ്ഞു. നെഞ്ചില്‍ കഫം കെട്ടി ശ്വാസം ആഞ്ഞു വലിക്കുമ്പോള്‍ ആ ശബ്‌ദം ഇടറിയിരുന്നു. തുളുമ്പി നിന്ന കണ്ണീരടക്കാന്‍ പാടുപെടുന്നതിനിടയില്‍ വീടിനകത്തു നിന്നൊരു ശബ്‌ദം"അഭിക്കുട്ടന്‌ അമ്മേടേം അഛന്റെയും പിറന്നാളാശംസകള്‍.." പിന്നെയും ആരൊക്കെയോ അത്‌ തുടര്‍ന്നു "എന്താമ്മേ പെറന്നാള്‌ന്ന്‌ വച്ചാ.."
വീട്ടുമുറ്റത്തെ ഭിക്ഷക്കാരിയെ കാവല്‍ക്കാരന്‍ ആട്ടിയൊടിച്ചു. ഒരു കല്ലിലിടിച്ച്‌ ആ റോഡിലേക്കു വീഴുമ്പോഴും നെഞ്ചില്‍ കുഞ്ഞുണ്ണിയെ അവള്‍ അടക്കിപ്പിടിച്ചിരുന്നു. കാല്‍വിരല്‍ത്തുമ്പില്‍ ഒരു നീറ്റല്‍ പടര്‍ന്നു. അടര്‍ന്ന കാല്‍നഖത്തില്‍ നിന്നും കുതിച്ചു ചാടിയ ചോരത്തുള്ളികള്‍ അവള്‍ കണ്ടില്ലെന്നു നടിച്ചു. പെട്ടെന്ന്‌ സമീപത്തെന്തോ വീഴുന്ന ശബ്‌ദം. ആരോ തിന്ന്‌ വലിച്ചെറിഞ്ഞ ചുരുട്ടിക്കൂട്ടിയ ഒരു പൊതിച്ചോറ്‌. കുരച്ച്‌ വന്ന തെരുവുനായില്‍ നിന്നും അത്‌ തട്ടിപ്പറിച്ചെടുക്കാന്‍ ഉണ്ണിയെ നിലത്തു വച്ച്‌ അവള്‍ ഓടി. ഭക്ഷണം തട്ടിപ്പറിച്ച ദേഷ്യത്തില്‍ ആ നായ്‌ കടിച്ചെടുത്ത കൈയിലെ മുറിവിനേയും അവള്‍ ശ്രദ്ധിച്ചില്ല. ഒരു ഭ്രാന്തിയെപ്പോലെ ഓടി വന്ന്‌ പൊതിച്ചോറഴിച്ച്‌ ഉണ്ണിയുടെ വായിലേക്ക്‌ കുറച്ച്‌ ചോറു വറ്റുകള്‍ വച്ചു കൊടുക്കുന്നതിനിടയില്‍ നെഞ്ചിടറി അവള്‍ പറഞ്ഞു "പൊന്നുമോന്‌ അമ്മേടെ പിറന്നാളാശംസകള്‍.."

(അന്ന്‌ ആരുമില്ലാത്തവനായി മാറിയ എന്റെ കണ്ണുകളില്‍ നോക്കി അവിടെ പുതിയൊരു ജീവിതം നിറച്ചു തന്ന അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങള്‍ക്കായി എന്റെയീ പിറന്നാള്‍ ദിനത്തില്‍..)

Monday, December 1, 2008

അഛന്‍





















യുദ്ധാനന്തരം
കൂട്ടിക്കിഴിക്കാനിരുന്നപ്പോള്‍
എന്റെ നഷ്‌ടം ജീവിതമായിരുന്നു
അവള്‍ക്ക്‌ നഷ്‌ടപ്പെട്ടത്‌
അമ്പത്‌ ലക്ഷവും
ഒരു ഇന്നോവ കാറും
എന്റെ നേട്ടം നാശമായിരുന്നു
അവളുടേത്‌ പുതിയൊരാണും
കാലാള്‍പ്പടയെ നഷ്‌ടപ്പെട്ട എനിക്ക്‌
പക്ഷേ എന്റെ മകള്‍ കൂട്ടുണ്ടായിരുന്നു
അതാണിപ്പോള്‍ എന്റ ദു:ഖവും
സംശയം മാത്രം ചോദിക്കാനറിയുന്ന
ഈ പ്രായത്തില്‍ അവള്‍
എന്നോട്‌ അമ്മയുടെ
അര്‍ത്ഥം ചോദിക്കുന്നു
ഉത്തരം പറയാന്‍ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി
പിന്നെ അവളുടെ കൊച്ച്‌ സ്ലേറ്റില്‍ ഞാന്‍ 'സ്‌നേഹം' എന്നെഴുതി
നെറ്റിയില്‍ ചുംബിച്ചു കൊണ്ടു പറഞ്ഞു
ഇതാണ്‌ അമ്മ
"അപ്പോള്‍ അഛനോ?"
ഞാന്‍ കുഴങ്ങിപ്പോയി
പെട്ടെന്നൊരു പൊന്നുമ്മ
എന്റെ കവിളില്‍ തന്ന്‌
അവള്‍ പറഞ്ഞു
എനിക്കറിയാട്ടോ
ഇതാ എന്റെ അഛന്‍..

Friday, November 28, 2008

അങ്ങനെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാതെ ഞാനും നിയമസഭയിലേക്ക്‌..
















വര്‍ഷം 1999-മാര്‍ച്ചോ മറ്റോ ആണ്‌ മാസം -ദിവസ(കുറച്ചു സമയം ആലോചിക്കുന്നു,എന്നിട്ട്‌)...ഓര്‍മ്മയില്ല.

പൊറത്തിശ്ശേരിയിലെ വളരെ പാവപ്പെട്ട ഈ ഞാനും പണക്കാരായ പിള്ളേരും ഏഴാം ക്ലാസ്സില്‍ നിന്നും ടൂര്‍ പോകുന്നു. സ്‌കൂളിന്റെ ചരിത്രത്തിലാദ്യമായി തൃശ്ശൂര്‍ ജില്ല വിട്ട്‌ ഒരു വിനോദയാത്ര, അതും കന്യാകുമാരിയിലേക്ക്‌..ഹെഡ്‌മാസ്റ്ററായ അഷ്‌റഫ്‌ മാഷിന്റെ ചൂരലിന്റെ ഒരൊറ്റ ബലത്തിലാണ്‌ ടീച്ചര്‍മാരെല്ലാവരും ടൂറിന്‌ പോകാന്‍ സമ്മതിച്ചത്‌. അല്ലാതെ അത്രയും ദൂരം തല തെറിച്ച ഇത്രയും പിള്ളേരെയും കൊണ്ട്‌ എങ്ങനെ പോകും? ഒപ്പം സുന്ദരികളായ കുറേ പെണ്‍മണികളും..! എന്തൊക്കെയായാലും അവസാനം യാത്ര പോകാന്‍ തന്നെ ഉറച്ചു. അഷറഫ്‌ മാഷ്‌ ആ വര്‍ഷം പെന്‍ഷനാവുകയാണ്‌. അതിനു മുമ്പെങ്കിലും പിള്ളേരെ നല്ല കുറച്ച്‌ സ്ഥലം കാണിച്ചിട്ടേയുള്ളൂ എന്ന വാശിയിലായിരുന്നുവെന്ന്‌ തോന്നുന്നു മാഷ്‌. അങ്ങനെ ഒരു രാത്രിയില്‍ എല്ലാവരുടേയും അനുഗ്രഹാശ്ശിസുകളോടെ മഹാത്മ യു പി സ്‌ക്കൂളിന്റെ മുന്നില്‍ നിന്ന്‌ കല്ലടക്കാരുടെ ആ ഗമണ്ടന്‍ ലക്ഷ്വറി ബസ്‌ കുറേ കൊച്ച്‌ ടൂറിസ്റ്റുകളെയും ടീച്ചര്‍മാരാകുന്ന ടൂറിസ്റ്റ്‌ ഗൈഡുകളേയും വഹിച്ച്‌ യാത്രയായി. ഇരുട്ടിലൂടെ..പുറത്തെ വെളിച്ചത്തില്‍ ആദ്യം ഇരിഞ്ഞാലക്കുട ടൗണ്‍, ഠാണാവ്‌, കല്ലേറ്റുംകര ..അതിനുമപ്പുറത്തേക്കുള്ള ലോകം എനിക്ക്‌ അപരിചിതമായിരുന്നു. എല്ലാവരും പുറം കാഴ്‌ചകള്‍ കാണുന്നു. തണുത്ത കാറ്റേറ്റ്‌ ഞാനും സുഹൃത്ത്‌ അരുണ്‍രാജും മിണ്ടിയും പറഞ്ഞും അങ്ങനെയിരുന്നു. ഇരുട്ടിലൂടെ യാത്ര തുടരുകയാണ്‌..പേടിച്ചു വിറച്ച്‌ ഒന്നു കൈയടിക്കാന്‍ പോലുമാകാതെയായിരുന്നു ആദ്യത്തെ കുറച്ച്‌ ലാപ്പുകള്‍ ഞങ്ങളെയും വഹിച്ചുള്ള ടൂറിസ്റ്റ്‌ ബസ്‌ ഓടിയത്‌. ഇടക്കെപ്പോഴോ ഏതോ നല്ലോരു ടീച്ചര്‍ കൂറ്റാക്കൂരിരുട്ടിലും കനത്ത നിശബ്‌ദതയിലും ഭ്രാന്ത്‌ പിടിച്ച്‌ പിറകില്‍ ഞങ്ങള്‍ പിള്ളേര്‍ സെറ്റ്‌ ഇരിക്കുന്ന ഭാഗത്തേക്ക്‌ നോക്കി വിളിച്ച്‌ പറഞ്ഞു. "ഉന്തൂട്ടാ പിള്ളേരേ ഒരൊച്ചേം അനക്കോക്കെ അങ്ങട്‌ണ്ടാക്ക്‌,നമ്മളൊരു ടൂറ്‌ പൂവാന്ന്‌ നാലാളറിയട്ടെ". ഞങ്ങള്‍ ഹെഡ്‌മാസ്റ്ററെ നോക്കി, മിണ്ടാട്ടമില്ല. മൗനം സമ്മതം. "ഹൊയ്‌,കുട്ടനാടന്‍ കുഞ്ചയിലെ.."(പുഞ്ച ഞങ്ങള്‍ക്കന്ന്‌ കുഞ്ചയാണ്‌) ആരോ പാടി..എന്റെ കുട്ടിക്കാമുകി ഏഴാം ക്ലാസ്സുകാരിയും വണ്ടിയിലുണ്ട്‌. ആളാവാന്‍ കിട്ടുന്ന അവസരമല്ലേ,ഞാനങ്ങ്‌ അലറി വിളിച്ചു.."ഹൊയ്‌,കൊച്ചു പെണ്ണേ കുയിലാളേ..."പിറകെ സിജോ,ശ്രീജിത്ത്‌,ജിതിന്‍ മുതലായ ഭീമന്മാരും.."ആ,തിത്തിത്താരോ തിത്തിത്തൈ തിത്തൈ തകതെയ്‌..."അതങ്ങ്‌ കുറേ നേരം തുടര്‍ന്നു. കുറേ നേരം പാടി തുഴച്ചില്‍ നിര്‍ത്തി ഇടക്ക്‌ ഞങ്ങളൊന്നു നിര്‍ത്തി ചുറ്റും നോക്കി..ഈശ്വരാ കലാവാസനയില്ലാത്ത മാഷമ്മാരും ടീച്ചര്‍മാരും കാമുകിയും മടിച്ചികളായ പെണ്‍കിടാങ്ങളും ദാണ്ടെ വായും പൊളിച്ച്‌ കിടന്നുറങ്ങുന്നു. പതുക്കെ ഞങ്ങളും തോണി ഒരു തീരത്തോട്ടടുപ്പിച്ചങ്ങ്‌ കിടന്നു. പിന്നെ രാത്രിയുടെ നിശബ്‌ദമായ ആരവങ്ങള്‍ കേട്ട്‌ യാത്ര..
വെളുപ്പിന്‌ കന്യാകുമാരിയില്‍.കുറേ ചുറ്റിക്കറങ്ങി,തമിഴരുടെ വലിയ മസാലദോശ തിന്ന്‌,അനിയത്തിക്ക്‌ കന്യാകുമാരി പെന്‍സില്‌ വാങ്ങി,കളിപ്പാട്ടം വാങ്ങാത്തതിന്‌ തമിഴന്‍ കച്ചവക്കാരന്റെ ഇടി വാങ്ങി,സൂര്യോദയം കണ്ട്‌ മടക്കം..തക്കല വഴി തലസ്ഥാനത്തേക്ക്‌..എത്തുമ്പോള്‍ ഉച്ച തിരിഞ്ഞിരുന്നു. രാത്രിയിലെ ഉറക്കം ശരിയാവാഞ്ഞിട്ടോ യാത്രാക്ഷീണം കൊണ്ടോ പിള്ളേരെല്ലാം ഉറക്കമാണ്‌. പെട്ടെന്നാണൊരാക്രോശം, "ദാണ്ടെടാ പിള്ളേരേ നിയമസഭ..വേണേല്‍ കണ്ടോ".ആരാണ്‌ പറയുന്നതെന്നു പോലും ഓര്‍ക്കാതെ ഞങ്ങള്‍ പുറത്തേക്ക്‌ നോക്കി,ശരിയാണ്‌ റോഡരികില്‍ പ്രൗഢിയെടെ തലയുയര്‍ത്തി കേരളത്തിന്റെ ഭരണ സിരാകേന്ദ്രം..ഇപ്പോഴടുത്താണ്‌ സെക്രട്ടറിയേറ്റില്‍ നിന്നും സഭ അങ്ങോട്ട്‌ മാറ്റിയത്‌. ആ മാറ്റുന്ന ദിവസം ആരോ ഒരാള്‍ സഭാമന്ദിരത്തിന്റെ ആകൃതിയില്‍ നിര്‍മ്മിച്ച കേക്കിന്റെ പടം എന്റെ അന്നത്തെ ന്യൂസ്‌ പേപ്പര്‍ ഫോട്ടോ കളക്ഷന്‍ ബുക്കില്‍ ഒട്ടിച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ മൊതല്‌ തൊട്ടു മുന്നില്‍. ആ കൂറ്റന്‍ കെട്ടിടം കണ്‍നിറയെ കണ്ട്‌ അവസാനം കാഴ്‌ച കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ ഞാന്‍ സീറ്റില്‍ച്ചാരി പതുക്കെ കണ്ണുകളടച്ചു. അടുത്തിരിക്കുന്ന അരുണ്‍രാജ്‌ ചോദിച്ചു. "എന്ത്യേ?"
"ഏയ്‌, ഒന്നുമില്ല,എന്തോ ഓര്‍ത്തു..."
വര്‍ഷം 2005, മാസം-ആഗസ്റ്റ്‌ ദിവസം-ശ്ശോ,പിന്നേം മറന്നു
ഞങ്ങളൊരു യാത്രയിലാണ്‌. ഇതും തലസ്ഥാനത്തേക്ക്‌ തന്നെ..അന്നത്തെ ഏഴാം ക്ലാസ്സുകാരന്റെ ഓര്‍മ്മകളില്‍ നിന്നും ആ വിനോദയാത്രകള്‍ യാത്ര പറഞ്ഞ്‌ പോയിരുന്നു. ഇന്ന്‌ ഒരു പിടി സ്വപ്‌നങ്ങളേയും, മനസ്സു കൊണ്ട്‌ അഛന്റേയും അമ്മയുടെയും കൈയും പിടിച്ചാണ്‌ എന്റെ യാത്ര. ആരില്‍ നിന്നൊക്കെയോ കടം വാങ്ങിയ കുറേ കാശുമായി ഡിഗ്രിക്ക്‌ മാര്‍ ഇവാനിയോസില്‍ ജേര്‍ണലിസത്തിന്‌ ചേരാനായിട്ടാണ്‌ യാത്ര. ട്രെയിനിറങ്ങി സ്റ്റേഷനു മുന്നിലെ സുലഭില്‍ കുളിയും കാര്യങ്ങളുമൊക്കെ ഭംഗിയായി അവസാനിപ്പിച്ച്‌ ഹോസ്റ്റല്‍ താമസത്തിനുള്ള ഒരായിരം ബാഗുകളും സഞ്ചികളുമായി ഞങ്ങള്‍ പുറത്തിറങ്ങി. പുലര്‍ച്ചെയാണ്‌, ആറുമണി ആയിക്കാണും..ബാഗുകളിലേക്ക്‌ നോക്കിയപ്പോഴേ ബോധ്യമായി ബസ്സിനെ ആശ്രയിക്കേണ്ട. പരിചയമില്ലാത്ത നാട്‌, തുടക്കത്തില്‍ത്തന്നെ ബസ്സുകാരുടെ തെറി കേട്ട്‌ തുടങ്ങണോ? അതും അവിടെ മൊത്തം കെ എസ്‌ ആര്‍ ടി സിയാണ്‌. ഞങ്ങള്‍ പൊറത്തിശ്ശേരിക്കാര്‍ക്കാകട്ടെ നാട്ടിലൂടെ ഓടുന്ന വീണാമോളിനേയും സത്ത്‌നാമിനേയും കല്ലടയേയുമൊക്കെയേ പരിചയമുള്ളൂ. എന്നെ ഇവിടെ ചേര്‍ക്കുന്നതില്‍ അഛന്‌ വല്യ താത്‌പര്യവുമില്ല.(എന്നെ പിരിയാന്‍ പറ്റാഞ്ഞിട്ടാണ്‌ട്ടോ..). പിന്നെ രണ്ടും കല്‌പിച്ച്‌ ഒരോട്ടോ വിളിച്ചു. പിന്നീട്‌ ഞാന്‍ തലസ്ഥാനത്ത്‌ പരിചയപ്പെട്ട കേ ഡി കളായ ഓട്ടോക്കാര്‍ക്ക്‌ അപമാനമായ നല്ലൊരു ഓട്ടോക്കാരന്‍. ആ പുലര്‍ക്കാലത്തില്‍ സ്ഥലമാറിയാത്ത ഞങ്ങള്‍ക്ക്‌ ഭക്ഷണം കഴിക്കാന്‍ നല്ലൊരു ഹോട്ടല്‍ കാണിച്ചു തരുക മാത്രമല്ല ഒരു ടൂറിസ്റ്റ്‌ ഗൈഡിന്റെ മുഴുവന്‍ കഴിവുകളോടെ പിന്നിടുന്ന ഓരോ സ്ഥലവും പരിചയപ്പെടുത്തിത്തരുകയും ചെയ്‌തു. "ഇത്‌ ബേക്കറി ജംഗ്‌ഷന്‍, ഇത്‌ പാളയം രക്തസാക്ഷി മണ്‌ഡപം,ഇത്‌ എം എല്‍ എ ഹോസ്റ്റല്‍,ഇത്‌ പുതുതായി പണി തീര്‍ത്ത അണ്ടര്‍ ഗ്രൗണ്ട്‌ എന്നിങ്ങനെ..."പുലര്‍ക്കാലത്തിന്റെ നേര്‍ത്ത തണുപ്പില്‍ എന്റെ കാഴ്‌ചകള്‍ക്ക്‌ആ ഓട്ടോക്കാരന്റെ വാക്കുകള്‍ ശരിക്കും ഒരു റണ്ണിംഗ്‌ കമന്ററിയായിരുന്നു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയവും കഴിഞ്ഞുള്ള വളവിലെത്തിയപ്പോള്‍ നമ്മുടെ കമന്റേറ്ററുടെ ശബ്‌ദം വല്ലാതൊന്നുയര്‍ന്നു. ഇതാണ്‌ ഞങ്ങളുടെ നിയമസഭാ മന്ദിരം. പ്രൗഢിയോടെ പുലരിയുടെ നേര്‍ത്ത ഇരുട്ടിലും തണുപ്പിലും നിശബ്‌ദഗാംഭീര്യത്തോടെ നിന്ന ആ വലിയ കെട്ടിടത്തിലേക്ക്‌ ഞാന്‍ നോക്കി. ഒരിക്കല്‍ കണ്ടതാണ്‌. ഓര്‍മ്മകള്‍ക്ക്‌ വല്ലാത്തൊരു കുതിപ്പ്‌..കണ്ണുകളടച്ച്‌ കിടക്കുമ്പോള്‍ അമ്മ പറയുന്നത്‌ കേട്ടു. "കുറച്ച്‌ കൊല്ലം കൂടിക്കഴിഞ്ഞാല്‍ എന്റെ മോനും വലിയൊരു റിപ്പോര്‍ട്ടറായി ഇതിനകത്ത്‌ കയറും.."എന്നോടൊപ്പം ഒരു തണുത്ത കാറ്റും ആ വാക്കുകള്‍ ഏറ്റു വാങ്ങി.
വര്‍ഷം 2006,2007,2008:
നിയമസഭയുടെ മുന്നിലൂടെ ഫിലിം ഫെസ്റ്റിവലും കഴിഞ്ഞ്‌ മിക്ക ദിവസവും രാത്രിയില്‍ മുടി നീട്ടിവളര്‍ത്തിയ ഒരു പയ്യന്‍ സംശയാസ്‌പദമായ രീതിയില്‍ കറങ്ങുന്നു. സത്യത്തില്‍ അയാള്‍ അഥവാ ഞാന്‍ വിശന്ന്‌ തളര്‍ന്ന്‌ സുഹൃത്തുക്കള്‍ ഹോസ്റ്റലില്‍ എടുത്തു വച്ചിരിക്കുന്ന ചപ്പാത്തിയോ ചോറോ സ്വപ്‌നം കണ്ട്‌ ബസ്‌ കയറാന്‍ പി എം ജിയിലേക്ക്‌ നടക്കുകയാണ്‌. എന്നാല്‍ ഇതു മനസ്സിലാക്കാതെ ഒരു തീവ്രവാദിയായി മനസ്സില്‍ ചിത്രീകരണം നടത്തി അയാളെ തുറിച്ച്‌ നോക്കുന്ന നിയമസഭ കാവല്‍ക്കാരെ നോക്കി ഈ ഞാന്‍ പറയുന്നു, "പോടാ,പുല്ലേ..ഒരു ദിവസം ഞാനും കയറും പുല്ലു പോലെ ഇതിനകത്ത്‌. അന്നും കാണണം അന്റെ ഈ നോട്ടം..ഹ്‌ം"

വര്‍ഷം 2008.ഏതോ ഒരു വെറുത്ത മാസം..
വാതിലുകളും ജനലുകളും കൊട്ടിയടച്ച്‌ ആരെയും പുറത്തിറങ്ങാന്‍ സമ്മതിക്കാതെ അന്താരാഷ്‌ട്ര റിപ്പോര്‍ട്ടിംഗും കോടതി,സ്‌പോര്‍ട്‌സ്‌,ക്രൈം,നിയമസഭ മുതലായ റിപ്പോര്‍ട്ടിംഗ്‌ രീതികളെയും കുറിച്ച്‌ ക്ലാസ്സെടുക്കുന്ന ടീച്ചറെ പുഛത്തോടെ നോക്കിയിരിക്കുന്ന ഒരു കൂട്ടം തല തെറിച്ച പിള്ളേര്‍(ടീച്ചറുടെ ഭാഷയില്‍ ഒരു മാതൃകാവിദ്യാര്‍ത്ഥിക്ക്‌ വേണ്ട അടിസ്ഥാന ഗുണഗണങ്ങളില്ലാത്തവര്‍). അവരുടെയിടയില്‍ ക്ലാസ്സിലെ പെണ്‍പിള്ളേരെയും നോക്കി തല ചൊറിഞ്ഞിരിക്കുന്ന ഈയുള്ളവന്‍. മടുത്തിരിക്കുന്ന ക്ലാസ്സില്‍ ഉയരുന്ന ക്രമാതീതമായ ബഹളം. ഒരു നിമിഷം ക്ലാസ്സ്‌ നിര്‍ത്തി ഭ്രാന്തായി ചുറ്റും നോക്കുന്ന ടീച്ചര്‍. "ഗെറ്റൗട്ട്‌ ഓള്‍ ഓഫ്‌ യു. ആരോടാണ്‌ പറഞ്ഞത്‌,ആരാണാ ഭാഗ്യവാനെന്നറിയാന്‍ ചുറ്റിലും നോക്കുന്ന ഞങ്ങള്‍". 'കഷ്‌ടം..ടീച്ചറത്‌ ആത്മഗതിച്ചതാണ്‌..'പിന്നാലെ ഉപദേശങ്ങളുടെ വന്‍പട. ക്ലാസ്സ്‌ നിശബ്‌ദം. പിന്നാലെ ഉറക്കത്തിലേക്ക്‌ തെറിച്ച്‌ വീഴുന്ന ഭാസുര കേരളത്തിലെ ഭാവി ജേര്‍ണലിസ്റ്റുകളും ജേര്‍ണലിസ്റ്റികളും. നീട്ടി മുഴങ്ങുന്ന ബെല്‍..എല്ലാ മുഖങ്ങളിലും ഒരേ ഭാവം..ദൈവമേ,നിനക്ക്‌ സ്‌തോത്രം.
വര്‍ഷം 2008 .12-ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം നടക്കുന്ന സമയം. ഒരുച്ച:
ഞാനുള്‍പ്പെടുന്ന ഒരു സംഘം പിള്ളേര്‍ ഒരു വാക്കാലുള്ള നിവേദനവുമായി ഓഫീസ്‌ റൂമില്‍ റിപ്പോര്‍ട്ടിംഗ്‌ പഠിപ്പിക്കുന്ന ടീച്ചറെ കാണാനെത്തി.
കുട്ടികള്‍: "ടീച്ചര്‍ പിള്ളേര്‍ക്ക്‌ നിയമസഭ കാണാന്‍ ഒരാഗ്രഹം"
ടീച്ചര്‍:"ഓ,അതിനെന്താ ഞാനൊന്ന്‌ പ്രിന്‍സിപ്പലോട്‌ പറഞ്ഞ്‌ നോക്കാം" പ്രതീക്ഷയോടെ പുറത്തിറങ്ങുന്ന കുട്ടികള്‍. തീര്‍ന്നു,ആ വിഷയം അവിടെ തീര്‍ന്നു. ക്ലാസ്സില്‍ ഐക്യമില്ലെന്ന പേരില്‍ ഞങ്ങളുടെ എല്ലാ ആനുകൂല്യങ്ങളും പ്രിന്‍സിപ്പലെന്ന കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നു. ക്ലാസ്സിലെ എന്റെ എസ്‌ എഫ്‌ ഐ ചങ്ങാതിമാര്‍ക്ക്‌ എവിടെ പോയില്ലേലും വേണ്ട ഡിഗ്രി കിട്ടിയാല്‍ മതി എന്നായിരുന്നു നയമെന്നതിനാല്‍ പന്തല്‌ കെട്ടി സമരത്തിനാരും നിന്നില്ല. പിന്നെയും പിന്നെയും ടീച്ചര്‍ തന്നെ,അടച്ച മുറി, ഉറക്കം, ഉപദേശം... അവസാനം വെയിലും മഴയുമേല്‍ക്കാതെ റിപ്പോര്‍ട്ടിംഗ്‌ കാണാപ്പാഠം പഠിച്ച്‌ ഭേദപ്പെട്ട മാര്‍ക്കോടെ ഡിഗ്രിയുമായി ഓരോരുത്തരായി പടിയിറങ്ങി, ഒപ്പം ഞാനും...

വര്‍ഷം 2008 നിയമസഭയുടെ എട്ടാം സമ്മേളന സമയം.

വൈകീട്ട്‌ അഞ്ച്‌ മണിയോടെ ബ്യൂറോ ചീഫ്‌ ബഷീറിക്കായുടെ കൂടെ ചായ കുടിച്ച്‌ തിരിച്ചു വരുന്ന ഞാന്‍. (2500 രൂപ ശമ്പളത്തില്‍ സിറാജില്‍ ഒരു ജോലി കിട്ടിയത്‌ പറയാന്‍ മറന്നതാണ്‌. ഇപ്പോള്‍ ശമ്പളം കൂട്ടീട്ടോ..)നിയമസഭയില്‍ കയറാനുള്ള അടക്കാനാകാത്ത ആക്രാന്തം കാരണം വെറും ട്രെയിനിയായ ഞാന്‍ ചോദിക്കുന്നു

"ബഷീറിക്കാ, നിയമസഭയിലെങ്ങനാ കാര്യങ്ങളൊക്കെ നടക്കുന്നേ..?"
കാര്യം പിടി കിട്ടിയ മട്ടില്‍ ഒന്നു ചിരിച്ച്‌ തിരൂരുകാരന്‍ ബഷീറിക്ക ചോദിച്ചു
"എന്താ, അനക്ക്‌ വരണാ...?"
ഈശ്വരാ, എന്തായീ കേട്ടത്‌ "കയറണമെന്നാഗ്രഹമുണ്ട്‌" മുക്കിയും മൂളിയും പറഞ്ഞൊപ്പിച്ചു
"അടുത്ത സഭാസമയമാകട്ടെ, ഒരു ടെമ്പററി പാസ്സ്‌ എടുത്തു തരാം"
"എന്നാ അടുത്ത സഭ
വരുന്നേ..? ആകാംക്ഷയോടെ ഞാന്‍
"നവംബറില്‍"
'ഹ്‌ം..ഇനിയും കാത്തിരിക്കണം'. ടീച്ചറുടെ വാക്ക്‌ അഥവാ പഴയ ചാക്ക്‌ പോലാവാതിരുന്നാല്‍ മതിയായിരുന്നു. പിന്നെയു കാത്തിരിപ്പ്‌
2008 നവംബര്‍ 20.
പ്രസ്സ്‌ ക്ലബ്ബിലെ തിരക്കിനിടയില്‍ നിന്ന്‌ പുറത്തിറങ്ങിയപ്പോള്‍ ഒരു ഫോണ്‍. ബഷീറിക്കയാണ്‌. ഒരു ചോദ്യം "നവീനേ ഇയ്യിപ്പഴൊന്നും സിറാജ്‌ വിടില്ലല്ലോ?"
"എറക്കി വിട്ടാല്‍ പോവും, അല്ലാതെ പോവില്ല" മറുപടിക്ക്‌ അധിക സമയം വേണ്ടി വന്നില്ല.എന്താ ബഷീറിക്കാ..?
"അല്ലാ, നിയമസഭേലെ പെര്‍മനന്റ്‌ പാസൊരെണ്ണം എടുക്കാനാണ്‌".
ഈശ്വരാ, എന്താണ്‌ കേട്ടത്‌? നുള്ളി നോക്കി. വേദനിക്കുന്നു. കാര്യം ശരിയാണ്‌. ടെമ്പററി പാസ്സല്ല,2009 ജൂണ്‍ വരെയുള്ള നിയമസഭാ റിപ്പോര്‍ട്ടിംഗ്‌ പാസ്സ്‌. സ്ഥിരമായി ബഷീറിക്കായുടെ കൂടെ പോകുന്ന സുബിന്‍ ചേട്ടന്‍ സ്വന്തമായി വാര്‍ത്താ വെബ്‌സൈറ്റ്‌ തുടങ്ങാന്‍ പോയതാണ്‌ ഇപ്പോഴത്തെ നിലപാട്‌ മാറ്റത്തിന്‌ കാരണം. അങ്ങനെ ആ സ്വപ്‌നവും നടക്കാന്‍ പോകുന്നു. എന്റെ നമ്പറും വന്നു.
2008 നവംബര്‍ 24 തിങ്കള്‍ രാവിലെ 8.45
കോരിച്ചൊരിയുന്ന മഴയില്‍ ബഷീറിക്കായുടെ വണ്ടിക്ക്‌ പിറകിലിരുന്ന്‌ യാതൊരു പരിശോധനകളുമില്ലാതെ ഞാന്‍ നിയമസഭാമന്ദിരത്തില്‍. പാസ്സ്‌ ശരിയായിട്ടില്ല. ആദ്യത്തെ മൂന്ന്‌ ദിവസം ടെമ്പററി പാസ്സാണ്‌. എന്റെ കൂടെ കോഴിക്കോട്‌ നിന്ന്‌ സീനിയര്‍ റിപ്പോര്‍ട്ടര്‍ ഹംസ ആലുങ്കലുമുണ്ട്‌. ആളും നിയമസഭയില്‍ ആദ്യാക്ഷരം കുറിക്കാന്‍ പോകുന്നേ ഉള്ളൂ. എട്ടരക്കു തന്നെ ചോദ്യോത്തര പരിപാടി തുടങ്ങി. ഗണപതിക്ക്‌ വച്ചത്‌ തന്നെ പോയെന്നാണ്‌ കരുതിയത്‌. എന്തായാലും ഏറെ വൈകാതെ പാസ്സുമായി ബഷീറിക്കായെത്തി. ഞങ്ങള്‍ അകത്തോട്ട്‌..ലിഫ്‌റ്റില്‍ രണ്ടാം നിലയില്‍. പിന്നെ ചെറിയതല്ലാത്ത പേടിയോടെ പ്രസ്സ്‌ ഗാലറിയില്‍. ചുറ്റും ഏ സിയുടെ തണുപ്പ്‌. എന്നിട്ടും വിയര്‍ത്ത്‌ പോയി. നിറയെ സീനിയര്‍ റിപ്പോര്‍ട്ടര്‍മാര്‍. ഞാന്‍ നല്ല ഭവ്യതയോടെ കസേരയില്‍ ഇരുന്നു ഇരുന്നില്ലെന്ന മട്ടില്‍ ഇരിപ്പായി. മുന്നില്‍ത്തന്നെ നോട്ട്‌ പാഡും കുറേ എന്തൊക്കെയോ അച്ചടിച്ച കടലാസുകളുമുണ്ട്‌. കസേരയുടെ വലതു വശത്ത്‌ ഒരു ഇയര്‍ ഫോണ്‍. നിയമസഭയുടെ വിശാലമായ അകത്തളത്തില്‍ കേരളത്തിലെ ജനകോടികള്‍ തെരഞ്ഞെടുത്ത എം എല്‍ എ വര്‍ഗ്ഗം വേണ്ടതും വേണ്ടാത്തതുമായ ചേദ്യങ്ങളങ്ങനെ ചോദിക്കാണ്‌. തിരിച്ചടിച്ചും വിറളി പിടിച്ചും മന്ത്രിമാരും. എല്ലാം കേട്ട്‌ നല്ലൊരു ചിരിയുമായിരിക്കുന്ന എന്റെ നാട്ടുകാരനും ചേലക്കര എം എല്‍ എ യും നിലവിലെ സ്‌പീക്കറുമായ രാധാകൃഷ്‌ണന്‍ സാറും. സന്ദര്‍ശക ഗാലറിയില്‍ അവിടവിടെ ആരൊക്കെയോ ഇരിക്കുന്നു. മീഡിയ ഗാലറിയില്‍ തകര്‍ത്ത എഴുത്ത്‌. ഈ എഴുതി വായിക്കുന്നതൊക്കെ പുറത്തിറങ്ങിയാല്‍ ബുക്കായി കിട്ടില്ലേ പിന്നെന്തായെന്നോര്‍ത്ത്‌ എല്ലാം കേട്ട്‌ ആസ്വദിച്ചിരിക്കുന്ന ഒരു കൂട്ടര്‍. മുകളിലെ ഗാലറിയില്‍ നിറയെ ചാനല്‍ ക്യാമറകള്‍. ഇതിനെയെല്ലാം വഹിച്ച്‌ റോമിലെ കൊളോസിയം പോലെ വിശാലമായ നമ്മുടെ നിയമസഭാ മന്ദിരവും. ഒരു മൂലക്ക്‌ ഈ ഞാന'എഴുതെഴുത്‌" ഞാന്‍ വെറുതേയിരിക്കുന്നത്‌ കണ്ടാകണം ബഷീറിക്ക ആംഗ്യം കാണിച്ചു. പിന്നെ ഒരാവേശമായിരുന്നു. കേട്ടതും കണ്ടതും പകുതി കേട്ടതും തോന്നിയതൊക്കെ എഴുതി. ഒമ്പതരക്ക്‌ ചോദ്യോത്തരം കഴിഞ്ഞു. എന്റെ ഇന്നത്തെ ഡ്യൂട്ടിയും. പിന്നെ മുന്‍ റിപ്പോര്‍ട്ടര്‍ സുബിന്‍ ചേട്ടന്റെ നിര്‍ദ്ദേശം സ്‌മരിച്ച്‌ നേരെ പ്രസ്സ്‌ റൂമിലേക്ക്‌. അവിടെ മാതൃഭൂമിയിലെ ശ്യാം ലാലേട്ടനാണ്‌ ലക്ഷ്യം. എന്നും ലാപ്‌ടോപ്പുമായി വന്ന്‌ ലൈവായി എല്ലാം അടിച്ച്‌ ആവശ്യക്കാര്‍ക്ക്‌ വിതരണം ചെയ്യുന്നത്‌ ശ്യമേട്ടനാണ്‌. പക്ഷേ ഇന്നെന്തോ കൈയില്‍ ലാപ്‌ടോപ്പില്ല. പിന്നെയാണറിഞ്ഞത്‌, ശ്യാമേട്ടന്‍ കൊടുക്കുന്ന വാര്‍ത്തകള്‍ ചിലര്‍ മറച്ചു വിറ്റതിനെത്തുടര്‍ന്ന്‌ താഴെ കാറില്‍ ലാപ്പ്‌ വച്ചാണ്‌ വന്നതെന്ന്‌. ആവശ്യക്കാര്‍ മെയില്‍ ഐ ഡി കൊടുത്താല്‍ വൈകീട്ട്‌ അയച്ച്‌ തരും. ആദ്യമായി നിയമസഭയിലെത്തിയ തേജസ്സിലെ സുധീറേട്ടന്റെ ഒപ്പം കൂടി വല്യ വല്യ പത്രക്കാരൊക്കെ നക്ഷത്ര ചിഹ്നമിട്ടതും ഇല്ലാത്തതുമായ ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങിയ പുസ്‌തകത്തില്‍ നിന്നും പത്രത്തില്‍ പ്രസിദ്ധീകരിക്കാനുള്ളത്‌ മാത്രം തെരഞ്ഞെടുത്ത്‌ എഴുതിയെടുത്തത്‌ വാങ്ങി എഴുതി ഞങ്ങളുമങ്ങനെ നിയമസഭാ റിപ്പോര്‍ട്ടര്‍മാരായി.(അടിയന്തിര പ്രാധാന്യമുള്ളതാണ്‌ നക്ഷത്രചിഹ്നമിട്ടവ. അത്ര പ്രാധാന്യമില്ലാത്ത ലോക്കല്‍ പ്രശ്‌നങ്ങളടക്കമുള്ളവ നക്ഷത്രചിഹ്നം ഇല്ലാത്തതിലാണ്‌. ഉത്തരങ്ങള്‍ വാക്കാല്‍ പറയുന്നത്‌ മാത്രം നമ്മള്‍ എഴുതിയെടുത്താല്‍ മതി, ബാക്കിയുള്ളവ ഒരു വലിയ പുസ്‌തത്തിലാക്കി അനുബന്ധ സാമഗ്രികളടക്കം പ്രസ്സ്‌ റൂമില്‍ത്തരും. രണ്ടോ മൂന്നോ കോപ്പിയേ കാണൂ. അത്‌ കൊണ്ടു വരുമ്പോള്‍ തന്നെ ചാനലുകാരും പത്രക്കാരും അടിയാണ്‌. ഒരു മാതിരി ഗ്രഹിണിപ്പിള്ളേര്‌ ചക്കക്കൂട്ടാന്‍ കണ്ട മാതിരി) എല്ലാം എഴുതിക്കഴിഞ്ഞ്‌ ഞാനൊന്ന്‌ പരിസര നിരീക്ഷണം നടത്തി. ചുറ്റിലും പലരും ആരാണീ പുതുമുഖം അഥവാ കൊച്ചെറുക്കനെന്ന മട്ടില്‍ നോക്കുന്നുണ്ടായിരുന്നു. ചിലരാകട്ടെ ഇവനൊരു ഫ്രോഡ്‌ ലുക്കുണ്ടല്ലോ എന്ന മട്ടിലാണ്‌. സീനിയര്‍മാരല്ലേ കടിച്ച്‌ പിടിച്ച്‌ നാണിച്ചവിടെയിരുന്നു. അവസാനം പോകാന്‍ നേരം ആര്‍ക്കൊക്കെ അയച്ചു തരണമെന്ന്‌ ശ്യാമേട്ടന്‍ കണക്കെടുക്കുമ്പോള്‍ ഒരു ധൈര്യത്തിന്റെ പുറത്ത്‌ ഞാനും പറഞ്ഞു. "ശ്യാമേട്ടാ സിറാജീന്നാണ്‌. ഒന്നെനിക്കും മെയില്‍...?'
അധികം കനത്തിലല്ലാതെ ഒരു മറുപടി. "ശരി, ഞാന്‍ ബഷീറിന്റെ മെയിലിലയക്കാം"
സന്തോഷം, അങ്ങനെ റഫര്‍ ചെയ്യാന്‍ ഒരു റിപ്പോര്‍ട്ടായി. എല്ലാം കഴിഞ്ഞ്‌ ഉച്ചയോടെ പുറത്തിറങ്ങുമ്പോള്‍ ഓര്‍മ്മകളുടെ ഒരു കുത്തൊഴുക്കായിരുന്നു. ഒരു ഏഴാം ക്ലാസ്സ്‌ ടൂര്‍, അമ്മയുടെ വാക്കുകള്‍, ഡിഗ്രി ക്ലാസ്സ്‌, പി എം ജി യിലൂടെ നിയമസഭ കാവല്‍ക്കാരുടെ സംശയനിഴലില്‍ രാത്രിയാത്ര...പുറത്തിറങ്ങി ആ വിശാലമായ കോമ്പൗണ്ടിലൂടെ ഞാനൊന്ന്‌ കണ്ണോടിച്ചു. ഒരു കാലത്ത്‌ എന്നെ തീവ്രവാദിയാക്കിയ ഗാര്‍ഡ്‌ മാമന്മാര്‍ അങ്ങനെ തോക്കും പിടിച്ച്‌ നില്‍ക്കാണ്‌. അവരുടെ അടുത്തു കൂടെ പ്രസ്സ്‌ പാസ്സും നെഞ്ചില്‍ ചേര്‍ത്ത്‌ നടക്കുമ്പോള്‍ ഞാന്‍ പതുക്കെ പറഞ്ഞു. 'കണ്ടോടാ ശവീ...ഞാനന്നേ പറഞ്ഞതല്ലേ ഒരു നാള്‍ ഞാനും...'
( എല്ലാം കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം നിയമസഭാ റിപ്പോര്‍ട്ടിംഗിന്‌ വന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ്‌ ഞാനടിച്ചെടുത്തോയെന്ന്‌. 20 വയസ്സും 11 മാസവും പ്രായമുള്ള ആരെങ്കിലും ഇതിനു മമ്പ്‌ ഔദ്യോഗിക റിപ്പോര്‍ട്ടറായി സഭയില്‍ കയറിയിട്ടുണ്ടെങ്കില്‍ ഒന്നറിയിച്ചേക്കണേ..)

Thursday, November 20, 2008

ഒരു ഫാഷന്‍ ടി വിയുണ്ടാക്കിയ പുകിലുകളേ...!

















നാട്ടിലൊരു ചക്ക്യമ്മൂമ്മയുണ്ട്‌,അതു പോലെ മേമയുടെ വീടിനടുത്ത്‌ പേരറിയാത്ത ഒരു അമ്മായിയും. മേമയുടെ മോള്‍ മാളു അമ്മായിക്കിട്ടിരിക്കുന്ന പേര്‌ മൊലമ്മായി എന്നാണ്‌. വിവരം വച്ചിട്ടില്ലാത്ത പ്രായത്തില്‍ ഞങ്ങള്‍ പിള്ളേരും ഒളിഞ്ഞും തെളിഞ്ഞും അമ്മായിയെ ആ പേരാണ്‌ വിളിച്ചു പോന്നത്‌. പിന്നെ പരസ്‌പരം കാണുമ്പോള്‍ നാണം തോന്നുന്ന പ്രായമായപ്പോഴാണ്‌ ആ വിളിക്ക്‌ അന്ത്യമായത്‌. ചക്ക്യമ്മൂമ്മയാകട്ടെ പഴയ മാറുമറക്കാക്കാലത്തെ പ്രതിനിധിയാണ്‌. ആളുടെ വയസ്സ്‌ എത്രയാണെന്ന്‌ വീട്ടുകാര്‍ക്ക്‌ പോലും കൃത്യമായറിയില്ല. എന്നാലും മകനായ ശേഖരേട്ടനും കൊച്ചുമോനായ ലല്ലുവിനുമൊക്കെ അമ്മൂമ്മയുടെ ഈ മാറുമറക്കാനയം വല്ലാത്ത ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സാണുണ്ടാക്കുന്നത്‌. ഞങ്ങള്‍ മൊലമ്മായി എന്നു വിളിക്കുമ്പോള്‍ അവിടത്തെ വീട്ടുകാരും ഈ കോംപ്ലക്‌സിന്റെ പരകോടിയില്‍ ചെന്നിരുന്നിരിക്കണം. സ്വന്തം ആള്‍ക്കാര്‍ ഇത്തരത്തില്‍ ഒരു വേറിട്ട ഫാഷന്‍ കാഴ്‌ച പുറത്തിറക്കിയാല്‍ മാത്രമേ ഇവര്‍ക്ക്‌ പ്രശ്‌നമുള്ളൂ. അല്ലേലും ആരാന്റമ്മക്ക്‌ ഭ്രാന്ത്‌ പിടിച്ചാലല്ലേ കാണാന്‍ ചേലുള്ളൂ..?ഇങ്ങനെ മാനസിക പീഠനം അനുഭവിക്കുന്ന ലക്ഷോപകോടികള്‍ നമ്മുടെ രാജ്യത്തുണ്ടെന്നതാണ്‌ സത്യം. സുന്ദരിയായ ഭാര്യയെപ്പേടി, മകള്‍ ഉടുത്തൊരുങ്ങിയാല്‍ മുറുമുറുപ്പ്‌, മകന്‍ ഫാഷന്‍ ടി വി അറിയാതെയെങ്ങാന്‍ വച്ചു കണ്ടാല്‍ ഗ്വാ ഗ്വാ വിളി...സത്യത്തില്‍ നമുക്ക്‌ ഈ എല്ലാം തുറന്നു കാണിക്കുന്ന ഫാഷന്‍ വേണോ? ചോദിക്കാന്‍ കാരണമുണ്ട്‌, ഇക്കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്‌ അനുവദിച്ചതില്‍ കൂടുതല്‍'മാംസം' കാണിക്കുന്നുവെന്ന്‌ പറഞ്ഞ്‌ മലയാളിയുടെ മിഡ്‌ നൈറ്റുകളെ ഹോട്ടാക്കിയിരുന്ന ഫാഷന്‍ ടി വി രണ്ട്‌ മാസത്തേക്കായി നിരോധിച്ചത്‌. കേന്ദ്ര പ്രക്ഷേപണ മന്ത്രി പ്രിയരഞ്‌ജന്‍ ദാസ്‌ മുന്‍ഷിയുടെ ഈ നടപടി അല്‌പം ഭേദപ്പെട്ട രീതിയില്‍ത്തന്നെ അദ്ദേഹത്തോടുള്ള ഒരു വിഭാഗത്തിന്റെ പ്രിയം കുറച്ചു എന്നതാണ്‌ സത്യം. രാവിലത്തെ ഓഫീസ്‌ യാത്ര,ബസ്‌ മാറിക്കയറല്‍, തിരക്ക്‌,വിയര്‍പ്പ്‌,ബോസിന്റെ തെറി,ഓട്ടം,ചാട്ടം,മലക്കം മറിച്ചില്‍..ഇങ്ങനെ ഗ്രേറ്റ്‌ ബോംബെ സര്‍ക്കസുകാര്‍ പോലും മൂക്കത്തു വിരല്‍ വച്ചു പോകുന്ന അഭ്യാസപ്രകടനങ്ങളും കഴിഞ്ഞതിനു ശേഷമാണ്‌ മുഖ്യധാരാ മലയാളികളുടെ വൈകുന്നേരങ്ങളിലെ കുടുംബപ്രവേശം. ഭാര്യയാകട്ടെ ഭക്ഷണം പാകം ചെയ്യല്‍,തുണിയലക്ക്‌, അടിച്ചുവാരല്‍..എണ്ണിയാല്‍ത്തീരില്ല. സ്വന്തമായി ഒരു സര്‍ക്കാര്‍ ജോലി കൂടിയുണ്ടെങ്കില്‍ പിന്നെ അവരുടെ രാത്രിയിലെ നിലപാടെന്താണെന്ന്‌ നമുക്ക്‌ ജഗതിയുടെ ഡയലോഗിലൂടെ മനസ്സിലാക്കാം.

"എന്തു പറയാനാ കിടക്ക കണ്ടാല്‍ ഓളൊരു ശവാണ്"

പിന്നെ പാവപ്പെട്ട ഭര്‍ത്താവിന്‌ വേണമെങ്കിലൊന്ന്‌ സൂചിപ്പിക്കാം-"അല്ലയോ പ്രിയ്യപ്പെട്ട ഭാര്യേ..ബഹുമാന്യനായ കാന്തപുരം തങ്ങള്‍ പറഞ്ഞതു നീ കേട്ടില്ല"യെന്ന്‌. ബഹുഭാര്യത്വമെന്നോ മറ്റോ അറിയാതെ പറഞ്ഞു പോയാല്‍ പിന്നെ ആ രാത്രിയല്ല ഒരു രാത്രിയും നോക്കേണ്ട.അഥവാ ഒരു മയത്തില്‍ അടുത്തു ചെല്ലുമ്പോഴായിരിക്കും ബോംബ്‌ പൊട്ടുക."പോയ്‌ക്കോണം അവിടുന്ന്‌" പാവപ്പട്ട ഭര്‍ത്താവ്‌ മുഖ്യന്‍ അപ്പോള്‍ ചോദിക്കും.
"എങ്ങോട്ട്‌"
മറുപടിയും ഇന്‍സ്റ്റന്റായി കിട്ടും."നിങ്ങള്‍ടെ ബഹുഭാര്യേടെ അടുത്തേക്ക"

"ശരി" പാവപ്പെട്ട ആ മനുഷ്യന്‍ ജുഡീഷ്യറിയേയും ശപിച്ച്‌ മിണ്ടാതവിടെ കിടക്കും. കാരണം,ബലാത്സംഗവും ഭീകരമായ ഒരു കുറ്റമാണല്ലോ...!












ഇത്തരത്തില്‍ പാവങ്ങളായ ഭര്‍ത്താവുദ്യോഗസ്ഥര്‍ക്ക്‌ ആശ്വാസവും ആത്മാവിനെ ചൂടു പിടിപ്പിക്കാനുള്ള സുഹൃത്തും വഴികാട്ടിയുമൊക്കെയായിരുന്നു ഫാഷന്‍ ചാനലും പുത്രി മിഡ്‌നൈറ്റ്‌ ഹോട്ടും. രാത്രിയില്‍ കിടക്കക്കു ചുറ്റും ലൈന്‍ ഓഫ്‌ കണ്‍ട്രോള്‍ നിര്‍മ്മിച്ച ഭാര്യമാരും തങ്ങള്‍ നല്ല ഡ്രസ്സിട്ടാല്‍ കണ്ണുരുട്ടുന്ന അച്ചന്മാര്‍ക്കെതിരെ മക്കളുമാണ്‌ ഇവിടെയും ഇടങ്കോലിട്ടത്‌. കുട്ടികള്‍ പഠിക്കുന്ന സമയത്തും കുടുംബക്കാര്‌ കൂടിയിരുന്ന സൊറ പറഞ്ഞ്‌ സീരിയലും സ്റ്റാര്‍ സിംഗറുമൊക്കെ കാണുന്ന സമയത്തുമാണ്‌ ഫാഷന്‍ ചാനലിന്റെ ഈ അക്രമമെങ്കില്‍ ഓ കെ. പക്ഷേ ഇത്‌ നട്ടപ്പാതിരാക്ക്‌ 11 മണിക്ക്‌ ശേഷം. മന്ത്രിക്ക്‌ കൊടുത്ത പരാതിയില്‍ പറഞ്ഞതോ? കുട്ടികള്‍ ടി വി കാണുന്ന സമയത്താണ്‌ ഈ അതിക്രമങ്ങളെന്ന്‌. എന്തുചെയ്യാനാണ്‌? സര്‍ക്കാരും പത്രക്കാരും ചാനലുകാരും പോലീസുമൊക്കെ ഇപ്പോള്‍ പെണ്ണുങ്ങളുടെ കൂടെയല്ലേ. പരാതി കിട്ടിയതും മന്ത്രി ഭരണമൊക്കെ തത്‌ക്കാലത്തേക്ക്‌ മറന്ന്‌ കുത്തിയിരുന്ന്‌ ചാനല്‍ കാണാനും തുടങ്ങി. പിറ്റേ ദിവസം പ്രസ്‌താവന. പ്രക്ഷേപണ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്‌ത്‌ ഭാരതീയ സംസ്‌ക്കാരത്തെ അപകീര്‍ത്തിപ്പെടുത്തുകയും പൊതുധാര്‍മ്മികതയെ മാരകമായ രീതിയില്‍ ബാധിക്കുകയും ചെയ്‌തതിന്‌ എഫ്‌ ടി വി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഫാഷന്‍ ടി വിക്ക്‌ ഇന്ത്യയില്‍ രണ്ട്‌ മാസത്തേക്ക്‌ വിലക്ക്‌. ഇടി വെട്ടി പിന്നാലെ പാമ്പ്‌ കടിയും. പണ്ടത്തെച്ചങ്കരന്‍ പിന്നേയും ദാണ്ടെ കോക്കനട്ട്‌ ട്രീയില്‍ത്തന്നെ. ഭര്‍ത്താവുദ്യോഗസ്ഥരുടെ രാത്രികള്‍ പിന്നെയും നിദ്രാവിഹീനങ്ങള്‍. പട്ടി പുല്ലു തിന്നുകേമില്ല....! ഇതോടെ അവര്‍ക്ക്‌ ഒരു കാര്യം മനസ്സിലായി ടി വി കാണുന്ന സമയത്ത്‌ എന്റെ മകന്‍/മകള്‍ കാണുന്നത്‌ എഫ്‌ ടി വിയാണ്‌. അല്ലാതെയെങ്ങനെ പിള്ളേരീ പരാതി കൊടുക്കും. എടാ മക്കളേ! എന്തൊക്കെയായാലും ആ ആധിപത്യം അധികനാള്‍ നീണ്ടുനിന്നില്ല. ടി വിക്കാര്‍ ചെന്ന്‌ കരഞ്ഞ്‌ കാലു പിടിച്ച്‌ ഇനിയിതാവര്‍ത്തിക്കില്ലെന്ന്‌ ആണയിട്ടതോടെ മന്ത്രിയും അയഞ്ഞു. ഏപ്രില്‍ അവസാനത്തോടെ നിരോധനം അങ്ങ്‌ അറബിക്കടലില്‍. എന്നാല്‍ കാര്യം അതല്ലായെന്നും മന്ത്രിയെ കാണാന്‍ പോയ ഫാഷന്‍ ടി വി അധികൃതര്‍ മന്ത്രിക്ക്‌ ഇന്ത്യയിലിറങ്ങിയ ഒരു പുസ്‌തകം(കാമസൂത്രമെന്നോ മറ്റോ ആണ്‌ പേര്‌) കൊടുത്തെന്നും അതിലെഴുതിയിരിക്കുന്നതു വായിച്ച്‌ കണ്ണു തള്ളി ഈ ഫാഷന്‍ ടി വി എന്തു മാന്യന്‍ എന്നും പറഞ്ഞ്‌ സംപ്രേഷണാനുമതി കൊടുത്തുവെന്നുമാണ്‌ അസൂയക്കാര്‍ പറഞ്ഞു നടക്കുന്നത്‌. ഇപ്പോള്‍ ഇതെല്ലാം പറയാന്‍ കാരണമുണ്ട്‌. ഈയടുത്ത സമയത്ത്‌ ഈയുള്ളവനും സാഹചര്യങ്ങളുടെ നിരന്തര പ്രേരണ മാനിച്ച്‌ എഫ്‌ ടി വിയൊന്ന്‌ കണ്ടു. അപ്പോഴാണ്‌ അപകടം മണത്തത്‌. വീണ്ടും മന്ത്രിക്ക്‌ പുസ്‌തകം കൊടുക്കാറായെന്നാണ്‌ സൂചന. എല്ലാ പരിധിയും വിട്ട്‌ കാണിക്കാവുന്നതിന്റെ അങ്ങേയറ്റം വരെ കാണിച്ച്‌ നല്ല കുടുംബത്തില്‍പ്പിറന്നതും അല്ലാത്തതുമായ കുറേ പെണ്ണുങ്ങളങ്ങനെയങ്ങനെ..ശ്ശോ,നാണം വരുന്നു. അതും ഇപ്പോഴിത്തിരി നേരത്തെയാണ്‌. 10.30-ഓടെ അക്രമങ്ങള്‍ തുടങ്ങും. മന്ത്രിയും മാന്യമഹിളാജനങ്ങളും പിള്ളേരുമൊന്നും ഇത്‌ കാണുന്നില്ലേ? അതോ കണ്ടിട്ടും കാണാത്ത മട്ടാണോ? പിന്നെയും അന്വേഷിച്ചു,ഇപ്പോഴും പഴയ മന്ത്രി തന്നല്ലേ? ആണല്ലോ! പിന്നെന്താ ഇത്ര കാലതാമലം? ഇതിനു മുമ്പും ചില ചാനലുകള്‍ ചില പ്രത്യേക പരിപാടികളുടെ ജാതകദോഷം കൊണ്ട്‌ പേരുദോഷം കേട്ട്‌ താത്‌ക്കാലികാവധിയിലേക്ക്‌ പ്രവേശിച്ചിട്ടുണ്ട്‌.'The World?s Sexiest Advertisemen' കാണിച്ചതിന്‌ എ എക്‌സ്‌ എന്നും Zee Cafe യുമൊക്കെ ഇപ്രകാരത്തില്‍ അപകടത്തില്‍ പെട്ടതാണ്‌. സെക്‌സിയായ നൃത്തക്കാരികളുടേയും ഒരു പെണ്‍കുട്ടി ഐസ്‌ക്രീം നക്കിത്തിന്നുന്നതിന്റെയും വീഡിയോകളാണ്‌ എഫ്‌ ടി വിയുടെ നെഞ്ചത്തടിച്ചത്‌. സ്‌കൂള്‍-കോളേജ്‌ പിള്ളേരുടെ പരാതി കൂടിയായപ്പോള്‍ അവസാനത്തെ ആണിയുമായി. അമേരിക്കന്‍ സായിപ്പും മദാമ്മയും കെട്ടിപ്പിടിച്ചും ഉമ്മ വച്ചും പൊതുവഴിയില്‍ കാണിക്കുന്നത്‌ അവര്‍ക്ക്‌ അവരുടെ ജീവിതത്തിന്റെ ഒഴിച്ചു കൂടാനാകാത്ത പ്രവൃത്തികളാണെങ്കില്‍ ഇന്ത്യയില്‍ ആ സ്വഭാവവും കൊണ്ട്‌ വന്നാല്‍ വകുപ്പ്‌ പീഡനമാണ്‌. പിന്നെ ഇന്ത്യന്‍ കള്‍ച്ചറിനെ നോക്കി കൊഞ്ഞനം കുത്തിയതിന്‌ ശിക്ഷ വേറെയും. ഇന്ത്യയിലാകമാനം 65 മില്ല്യണ്‍ വീടുകളില്‍ കേബിള്‍ കണക്ഷനുണ്ടെന്നാണ്‌ എയര്‍ടെല്ലിന്റെയും റിലയന്‍സുമൊക്കെ ഡാറ്റാ ഡിഷുമായി വരുന്നതിനു മുമ്പത്തെ(2007) കണക്ക്‌. ഇപ്പോള്‍ റൊമാന്റിസത്തിനും അടിക്കും ഇടിക്കും സ്‌പോര്‍ട്‌സിനുമൊക്കെ ഓരോ വിഭാഗങ്ങള്‍ നല്‍കി ഡിഷ്‌ ടി വി വന്നതോടെ എഫ്‌ ടി വിക്കുമപ്പുറം മലയാളിയുടെ സ്വകാര്യാനന്ദത്തിന്‌ സാധ്യതകളേറെയായിട്ടുണ്ട്‌. 300 കേബിള്‍ ചാനലുകളുമായി 2010-ഓടെ ഏഷ്യയിലെ ഏറ്റവും കൂടുതല്‍ കേബിള്‍ വരിക്കാരുള്ള രാജ്യമാവാനുള്ള ഓട്ടത്തിലാണ്‌ ഇന്ത്യ. ഇതിനിടയിലാണ്‌ Cable Television Networks (Regulation) Act 1995 ന്റെ പേരും പറഞ്ഞ്‌ ആവശ്യത്തിലേരെ ആവശ്യക്കാരുള്ള ചാനലിനോടൊരു ഗുസ്‌തി പിടുത്തം. മന്ത്രിയും വിചാരിച്ച്‌ കാണും നമ്മുടെ പൂര്‍വ്വികന്മാരുടെ ആശയം പ്രചരിപ്പിക്കാന്‍ ഒരു ചാനലെങ്കിലും ഉണ്ടല്ലോയെന്ന്‌. പിന്നെ പിള്ളേരൊക്കെ ഒരുപാട്‌ മാറിയില്ലേ? ഇന്നലെക്കൂടി കേട്ടതേയുള്ളൂ ഒരു മുന്‍ മിസും കൂട്ടുകാരിയും കൂടി അച്ചനെയും അമ്മയേയും കുത്തിക്കൊന്നെന്ന്‌. വിദേശികളെ കാറില്‍ക്കയറ്റിക്കൊണ്ട്‌ നാടു കാണിക്കാമെന്നു പറഞ്ഞ്‌ പീഠനം,കൊച്ചുകുട്ടികള്‍ക്കു പോലും പുറത്തിറങ്ങാനാകാത്ത അവസ്ഥ..എത്ര മഹത്തരമായ സംസ്‌കാരം!
ഇനിയെന്തോന്ന്‌ നിരോധനം? So,ഭാര്യ പിണങ്ങിയാലും വീട്ടില്‍ ആളില്ലേലും മലയാളി മങ്കന്‌ എഫ്‌ ടി വിയി ല്‍ത്തന്നെ കഞ്ഞി...
(ദയവായി ഇതു വായിച്ച്‌ പെണ്‍സുഹൃത്തുക്കളാരും കോപിക്കുകയോ അപകീര്‍ത്തിപ്പെടുത്തിയെന്ന്‌ പരാതിപ്പെടുകയോ ചെയ്യരുത്‌. നിങ്ങളോട്‌ എല്ലാ ബഹുമാനവും പുലര്‍ത്തി മനസ്സില്‍ തോന്നിയ കുറച്ച്‌ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചതാണ്‌. തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ...)

Monday, November 17, 2008

അമേരിക്ക വിളിച്ചുവരുത്തിയ സാമ്പത്തിക പ്രതിസന്ധി


അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ലോകത്തിന്റെ മുക്കിലും മൂലയിലേക്കും വ്യാപിക്കുകയാണ്‌. യു എസില്‍ ബില്ല്യണ്‍ കണക്കിന്‌ ഡോളറുകള്‍ നിക്ഷേപകര്‍ക്ക്‌ നഷ്‌ടപ്പെട്ടിരിക്കുന്നു,ബാങ്കുകള്‍ തകര്‍ന്നടിഞ്ഞു, ഒരു മില്ല്യണോളം പേര്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെട്ട്‌ തൊഴിലില്ലായ്‌മാ നിരക്ക്‌ ഏറ്റവും ഉയര്‍ന്ന ഏഴു ശതമാനത്തിലെത്തിയിരിക്കുന്നു. ഇത്‌ പ്രതീക്ഷിച്ചതാണെന്നതാണ്‌ സാമ്പത്തികവിദഗ്‌ദരുടെ മതം. എന്നാല്‍ എന്തായിരിക്കാം ഇത്തരമൊരു പ്രതിസന്ധിക്ക്‌ കാരണം? ഇക്കഴിഞ്ഞ സെപ്‌തംബര്‍ മധ്യത്തിലായിരുന്നു പ്രതിസന്ധിയുടെ സൂചനകള്‍ നല്‍കിക്കൊണ്ട്‌ യു എസിലെ നാലാമത്തെ വലിയ നിക്ഷേപബാങ്കായ ലീമാന്‍ ബ്രദേഴ്‌സ്‌ പാപ്പര്‍ ഹര്‍ജി നല്‍കിയത്‌. തൊട്ടുപിറകേ മറ്റ്‌ വന്‍കിട ബാങ്കുകളും തകര്‍ച്ചയിലേക്ക്‌ കൂപ്പുകുത്തി. ഒപ്പം കനത്ത നിക്ഷേപം കണ്ട്‌ കണ്ണു മഞ്ഞളിച്ച്‌ ബാങ്കുകള്‍ക്ക്‌ പരിരക്ഷ ഉറപ്പു വരുത്തിയ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്‌ (എ ഐ ജി) അടക്കമുള്ള വമ്പന്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളും.
ഒരു വിഭാഗം വാദിക്കുന്നത്‌ 1970നു ശേഷമാണ്‌ ഏതെങ്കിലും തരത്തിലുള്ള ഒരു സാമ്പത്തിക പ്രതിസന്ധി യു എസില്‍ ഉണ്ടാവന്നതെന്നാണ്‌. അതിനു മുമ്പ്‌ നല്ല രീതിയില്‍ നിയന്ത്രിക്കപ്പെട്ട,ശകതമായ ഒരു സാമ്പത്തിക വ്യവസ്ഥയാണ്‌ രാജ്യത്തുണ്ടായിരുന്നത്‌. അവിടെ ബാങ്കുകള്‍ക്കായിരുന്നു മുന്‍തൂക്കം. നിക്ഷേപനിരക്കുകള്‍ നിയന്ത്രിക്കപ്പെടുകയും ചെറിയതും ഇടത്തരവുമായ നിക്ഷേപങ്ങള്‍ക്ക്‌ ഗാരന്റി ഉറപ്പു വരുത്തുകയും ചെയ്‌തിരുന്നു. ഈട്‌ വച്ചുള്ള വ്യാപാരത്തില്‍ നിന്നും ഇന്‍ഷുറന്‍സില്‍ നിന്നും അകന്നു നില്‍ക്കുന്ന നയമായിരുന്നു ബാങ്കുകള്‍ പിന്‍തുടര്‍ന്നു പോന്നത്‌. നിക്ഷേപ നിരക്കും വായ്‌പാനിരക്കും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയായിരുന്നു അക്കാലത്ത്‌ ബാങ്കിന്റെ ലാഭം നിശ്ചയിച്ചിരുന്നത്‌. കൃത്യമായി പറഞ്ഞാല്‍ ഭവനവായ്‌പകളും ബിസിനസ്സ്‌ വായ്‌പകളും വഴി ബാങ്കിനു ലഭിച്ചിരുന്ന ലാഭവും ഈടും അവിടെ സുരക്ഷിതമായിരുന്നു. ശമ്പളനിരക്ക്‌ വര്‍ധിക്കുകയും ഉല്‌പാദനവും ഉല്‌പന്ന വിലയും താഴാനും തുടങ്ങിയതോടെ പ്രതിസന്ധിയുടെ ആദ്യ സൂചനകള്‍ നല്‍കിക്കൊണ്ട്‌ നാണയപ്പെരുപ്പം രാജ്യത്ത്‌ തലയുയര്‍ത്തി. ഇതോടെ ബാങ്കിംഗ്‌ രംഗത്തിനു പുറത്ത്‌ പലിശനിരക്കുകള്‍ വര്‍ധിക്കുകയും നിക്ഷേപകര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാനും ആരംഭിച്ചു. ഈയവസരം മുതലെടുത്താണ്‌ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി നോണ്‍-ബാങ്കിംഗ്‌ സാമ്പത്തികസ്ഥാപനങ്ങള്‍ വലവീശാന്‍ ആരംഭിച്ചത്‌. പ്രശ്‌നം രൂക്ഷമാകുന്ന സ്ഥിതിയായപ്പോള്‍ നിലവിലെ നിയന്ത്രണങ്ങളെ അട്ടിമറിച്ചു കൊണ്ട്‌ പ്രവര്‍ത്തിക്കാനും ഡീറെഗുലേഷന്‍ ( പുനര്‍നിയന്ത്രണം) സംവിധാനം കൊണ്ടുവരാന്‍ ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെടാനും ബാങ്കുകള്‍ നിര്‍ബന്ധിതരായി. ഇതോടെ അത്രയും നാള്‍ നിലനിന്നിരുന്ന യു എസിന്റെ സുസ്ഥിരമായ സാമ്പത്തികവ്യവസ്ഥ തകരുന്നതിന്റെ അടിത്തറ പൂര്‍ത്തിയാവുകയായിരുന്നു. മാത്രവുമല്ല ബാങ്കുകള്‍ പൊതുജനത്തിന്റെ നിക്ഷേപങ്ങളെ മറന്ന്‌ അതു വരെയില്ലാതിരുന്ന ഈടുവച്ചുള്ള കച്ചവട ബാങ്കിംഗിലേക്കും (merchant banking) ഇന്‍ഷുറന്‍സ്‌ രംഗത്തേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുമാരംഭിച്ചു.
സബ്‌ പ്രൈം പ്രതിസന്ധി
മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ ഭവന വായ്‌പാരംഗത്തുണ്ടാക്കിയ കുതിച്ചുചാട്ടമാണ്‌ സബ്‌പ്രൈം പ്രതിസന്ധിയിലേക്ക്‌ വഴി തെളിച്ചത്‌. 2002 തുടക്കം മുതല്‍ 2005 പകുതി വരെ യു എസ്‌ ഫെഡറല്‍ റിസര്‍വിന്റെ (ഇന്ത്യയിലെ റിസര്‍വ്വ്‌ ബാങ്കിനു തുല്യമായ അമേരിക്കന്‍ സ്ഥാപനം) ഫെഡെറല്‍ ഫണ്ട്‌ നിരക്കുകള്‍ നാണയപ്പെരുപ്പവുമായി തട്ടിച്ച്‌ നോക്കുമ്പോള്‍ നെഗറ്റീവായിരുന്നു ഫലം. അമേരിക്കയിലെ പുത്തന്‍ സാമ്പത്തിക നയത്തിന്റെ പ്രതിഫലനമായിരുന്നു അത്‌. കൂടാതെ 2003 മധ്യത്തോടെ ഫെഡെറല്‍ ഫണ്ട്‌ നിരക്കുകള്‍ ഒരു ശതമാനമായി കുറയുകയും ഒരു കൊല്ലത്തിലധികം അത്‌ തുടരുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ കൂടിയ പലിശ നിരക്കിലാണെങ്കിലും ഈടോ തിരിച്ചടവ്‌ ശേഷി കണക്കാക്കുന്ന രേഖകളോ നല്‍കാതെ ബാങ്കുകളില്‍ നിന്നും പണം ലഭ്യമായിത്തുടങ്ങി. ഇതോടെ സ്ഥല വില്‍പ്പന-ഭവനനിര്‍മ്മാണ രംഗം ഒരു വന്‍ കുതിച്ചുചാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയും ആ മേഖലയില്‍
കൂടുതല്‍ നിക്ഷേപങ്ങളുണ്ടാകാവുന്ന വിധത്തില്‍ റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌ നാണയപ്പെരുപ്പമുണ്ടാവുകയും ചെയ്‌തു. 2001 മുതല്‍ 2007 അവസാനം വരെ ഭവന-വ്യവസായ രംഗത്തെ റിയല്‍ എസ്റ്റേറ്റ്‌ മൂല്യം 14.5 ട്രില്ല്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഇത്‌ തുടരുമെന്നു തന്നെയാണ്‌ ഭൂരിപക്ഷം വരുന്ന യു എസ്‌ ജനതയും വിശ്വസിച്ചിരുന്നത്‌. ആ വിശ്വാസം മുതലെടുത്ത്‌ അമേരിക്കന്‍ സാമ്പത്തികവ്യവസ്ഥയിലെ ദല്ലാളന്മാര്‍ മോഹിപ്പിക്കുന്ന വാഗ്‌ദാനങ്ങള്‍ നല്‍കി കൂടുതല്‍ പേരെ വായ്‌പയെടുക്കാന്‍ ആകര്‍ഷിച്ചു കൊണ്ടിരുന്നു. തങ്ങള്‍ നല്‍കുന്ന പണം തിരിച്ചു കിട്ടുമെന്നും അഥവാ കിട്ടിയില്ലെങ്കില്‍ നിര്‍മ്മിച്ച വീട്‌ ജപ്‌തി ചെയ്‌ത്‌ ഏറ്റെടുത്താല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊടുത്തതിന്റെ ഇരട്ടി തിരിച്ചെടുക്കാമെന്നും സാമ്പത്തിക സ്ഥാപനങ്ങള്‍ കരുതി. അടിസ്ഥാനനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഇപ്രകാരം വാരിക്കോരി കൊടുത്ത വായ്‌പയെയാണ്‌ സബ്‌ പ്രൈം വായ്‌പകളെന്നു പറയു ന്നത്‌. ഇന്ത്യയിലെ പോലെ ഈ വായ്‌പയെടുക്കാന്‍ ഈടോ തിരിച്ചടവുശേഷി തെളിയിക്കുന്ന രേഖകളോ യു എസില്‍ ആവശ്യമുണ്ടായിരുന്നില്ല. ഒന്നര പതീറ്റാണ്ടായി ഈയൊരു രീതിയായിരുന്നു തുടര്‍ന്നു വന്നിരുന്നത്‌. പണയ ആസ്‌തികളായ ഭൂമിക്കും വീടുകള്‍ക്കും വില കുറയില്ലെന്ന വിശ്വാസവും ബലപ്പെട്ടു. അതോടെ 2001-ല്‍ അഞ്ച്‌ ശതമാനം ഉണ്ടായിരുന്ന വായ്‌പയെടുക്കലിന്റെ നിരക്ക്‌ 2007-ല്‍ 20 ശതമാനം കൂടുതലായുയര്‍ന്നു. ഉയര്‍ന്ന പലിശക്കെടുത്ത ഈ വായ്‌പകള്‍ തിരിച്ചടക്കാമെന്ന അമിത പ്രതീക്ഷയും,തിരിച്ചടവിനെ കുറിച്ച്‌ കൃത്യമായി ബോധവത്‌ക്കരണം നടത്താത്തതും ഇപ്രകാരം വായ്‌പയെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധവുണ്ടാക്കി. ഇതിനിടയില്‍ ദല്ലാളന്മാരും കൃത്യമായി കളിച്ചു.ഭവന-സ്ഥല വില്‍പ്പന ഉയര്‍ത്തുന്നവിധത്തില്‍ ഊഹക്കച്ചവടം ശക്തമായി. വസ്‌തുവില ഭാവിയില്‍ ഉയരുമെന്ന ഊഹത്തില്‍ നടന്ന കച്ചവടങ്ങള്‍ ആര്‍ക്കും താങ്ങാന്‍ പറ്റാത്തത്ര വിലക്കൂടുതലുള്ള അവസ്ഥയിലേക്ക്‌ റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ എത്തിച്ചു. എന്നാല്‍ ഇതിനോടകം തന്നെ റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ ഈ അഭൂതപൂര്‍ണ്ണമായ വളര്‍ച്ച കണ്ട്‌ കണ്ണു മഞ്ഞളിച്ച പുറം രാജ്യങ്ങളും ഇന്‍വെസ്റ്റ്‌മെന്റ്‌ കമ്പനികളും അമേരിക്കന്‍ ബാങ്കുകള്‍ക്കായി പണം നല്‍കാന്‍ മത്സരിച്ചു മുന്നോട്ടു വന്നിരുന്നു. ഒപ്പം ഈ ബാങ്കുകള്‍ക്കുള്ള ഇന്‍ഷുറന്‍സ്‌ പരിരക്ഷാപാക്കേജുകളുമായി അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്‌ പോലുള്ള ഇന്‍ഷുറന്‍സ്‌ കമ്പനികളും രംഗത്തെത്തി.
യഥാര്‍ത്ഥത്തില്‍ ലീമാന്‍ ബ്രദേഴ്‌സിന്‌ ഇത്തരം സബ്‌പ്രൈം വായ്‌പകള്‍ ഒരു അനുഗ്രഹമായിരുന്നു. കമ്പനി നടത്തിയ ചില വഴി വിട്ട കളികളും പ്രതിസന്ധിക്ക്‌ വഴിയൊരുക്കിക്കൊടുത്തു. അതധികമാരും അറിഞ്ഞില്ലെന്നു മാത്രം. അമേരിക്കന്‍ ബോണ്ടുകളാണ്‌ ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന വിശ്വാസത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിക്ഷേപം നടത്തിയിട്ടുള്ളവര്‍ ലക്ഷക്കണക്കിനാണ്‌. അതില്‍ ജപ്പാനിലെ പെന്‍ഷന്‍ ഫണ്ടുകള്‍ മുതല്‍ ഫിന്‍ലന്റിലെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ വരെ ഉള്‍പ്പെടുന്നു. എന്നാല്‍ 9/11ലെ ഭീകരാക്രമണത്തിനു ശേഷം നേരിട്ട സാമ്പത്തികരംഗത്തെ തളര്‍ച്ചയില്‍ നിന്നും രാജ്യത്തെ കര കയറ്റുന്നതിനായി ഫെഡറല്‍ റിസര്‍വ്‌ ബാങ്കിന്റെ തലവനായിരുന്ന അലക്‌ ക്രീന്‍സ്‌പാന്‍ പലിശനിരക്കുകള്‍ ഒരു ശതമാനത്തോളം കുറച്ചു. അതോടെ കൂടുതല്‍ ലാഭം കിട്ടുന്ന മറ്റൊരു നിക്ഷേപരംഗം തേടാന്‍ ഫണ്ടുടമകള്‍ നിര്‍ബന്ധിതരായി. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഭവന വായ്‌പാരംഗത്ത്‌ ചുവടുറപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. ഈ രംഗത്ത്‌ പലിശ നിരക്ക്‌ 4-6 ശതമാനം വരെയായിരുന്നു എന്നതായിരുന്നു ഈ ചുവടുമാറ്റത്തിന്‌ കാരണം. ലീമാനുള്‍പ്പെടെയുള്ള നിക്ഷേപക സ്ഥാപനങ്ങള്‍ ഇവിടെയാണ്‌ തങ്ങളുടെ തന്ത്രം പുറത്തെടുത്തത്‌.

അമേരിക്കന്‍ വായ്‌പകള്‍ക്ക്‌ ആവശ്യക്കാരേറിയതോടെ ലീമാന്‍ ബ്രദേഴ്‌സ്‌ നിക്ഷേപകര്‍ക്കായി ഒരു പ്രത്യേക വിഭാഗമാരംഭിച്ചു. ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന ഭവനവായ്‌പകള്‍ വാങ്ങി സി ഡി ഒ ( C D O-Collateralised Debt Organisations) കളാക്കി മാറ്റുകയായിരുന്നു ഈ വിഭാഗത്തിന്റെ ചുമതല. വായ്‌പകളെ ,ചെറുതായി വിഭജിച്ച്‌ പലിശ നിരക്ക്‌, മൂല്ല്യം, പട്ടയം (വായ്‌പകളുടെ കാലാവധി) എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ പാക്കേജുകളാക്കി മാറ്റി ആകര്‍ഷകമായ പേരുകള്‍ നല്‍കി ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക്‌ വില്‍ക്കുന്നതിനെയാണ്‌ സി ഡി ഒ എന്ന്‌ വിളിക്കുന്നത്‌. സി ഡി ഒ വാങ്ങുന്ന നിക്ഷേപകര്‍ക്ക്‌ ഭവനവായ്‌പയെടുത്ത വ്യക്തി മാസം തോറും അടക്കുന്ന ഇ എം ഐ (തിരിച്ചടക്കുന്ന പണം) യുടെ ഒരു പങ്ക്‌ ലീമാന്‍ ബ്രദേഴ്‌സ്‌ വഴി ലഭ്യമാകും. ബാങ്കുകള്‍ ലീമാന്‌ ചെക്കായി അയച്ചുകൊടുക്കുന്നതാണീ പണം. ഈ അസാന്മാര്‍ഗിക കൂട്ടുകെട്ടിലൂടെ കോടിക്കണക്കിന്‌ ഡോളറാണ്‌ ലീമാന്‌ കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചിരുന്നത്‌. ഇത്‌ കൂടാതെ കൂടുതല്‍ പേര്‍ക്ക്‌ വായ്‌പ നല്‍കാനുള്ള പണം വിവിധ ബാങ്കുകള്‍ക്ക്‌ ലീമാന്‍ മുന്‍കൂറായും നല്‍കിപ്പോന്നു. മാസം തോറും മുടക്കു മുതലിനേക്കാള്‍ കൂടുതല്‍ പണം കിട്ടുന്ന ഈ ഇടപാട്‌ ബാങ്കുകള്‍ക്കും ലാഭകരമായിരുന്നു. നേരത്തേയുള്ള രീതിയാണെങ്കില്‍ കൊടുക്കുന്ന വായ്‌പയും ലാഭവും തിരിച്ചു പിടിക്കാന്‍ 20-30 വര്‍ഷങ്ങള്‍ വേണ്ടി വന്നിരുന്നു. ഈ രീതി വന്നതോടെ യു എസ്‌ ഗവണ്‍മെന്റ്‌ ബോണ്ടിന്റെ അതേ വിശ്വാസ്യത ഭവനവായ്‌പകള്‍ക്കും ലഭ്യമായി. എന്നാല്‍ വായ്‌പയെടുത്തവര്‍ പണം തിരിച്ചടക്കാതിരുന്നാല്‍ പൊട്ടുന്ന ഒരു കുമിളയുടെ അവസ്ഥയിലേക്ക്‌ അതിനോടകം തന്നെ സ്ഥല-ഭവന മേഖല എത്തിച്ചേര്‍ന്നിരുന്നു. അത്തരത്തില്‍ ജനങ്ങളുടെ തിരിച്ചടവ്‌ ശേഷി നഷ്‌ടമാകുന്ന രീതി വിരളമാണെന്നും വന്നാല്‍ത്തന്നെ മേഖലക്ക്‌ ഭീഷണിയില്ലാത്ത വിധം 2-3 ഓ ശതമാനമായിരിക്കുമെന്നും ബ്രോക്കര്‍മാരുടെ അവസരോചിത ഇടപെടലിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാന്‍ ലീമാനും മറ്റും എളുപ്പം സാധിച്ചു. അതു പോലെത്തന്നെ ക്രെഡിറ്റ്‌ ഡീഫോള്‍ട്ട്‌ സ്വാപ്‌സ്‌ എന്ന പേരിലും മറ്റും ഇന്‍ഷുറന്‍സ്‌ പരിരക്ഷ വാഗ്‌ദാനം ചെയ്‌ത എ ഐ ജി യുടെ സാന്നിധ്യവും നിക്ഷേപകര്‍ക്ക്‌ ആശ്വാസം പകര്‍ന്നു. ഭവന വായ്‌പാരംഗം കുതിച്ചുയര്‍ന്നപ്പോള്‍ സി ഡി ഒ ക്ക്‌ ആവശ്യക്കാരേറി. പതുക്കെ ലീമാന്‍ ബ്രദേഴ്‌സും തങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം ഈ രംഗത്തേക്കിറക്കാന്‍ ആരംഭിച്ചു. യഥാര്‍ത്ഥത്തില്‍ ഭവന വായ്‌പകള്‍ എടുത്ത താഴെത്തട്ടിലുള്ളവരെ മറന്നായിരുന്നു ഈ കളികളെല്ലാം. അവര്‍ വായ്‌പ തിരിച്ചടച്ചില്ലെങ്കില്‍ തകരുന്നതാണ്‌ നിലവിലെ വളര്‍ച്ചയെന്ന്‌ പലരും സൗകര്യപൂര്‍വ്വം മറന്നു,അല്ലെങ്കില്‍ ലീമാനെപ്പോലുള്ള ഭീമന്മാര്‍ അവരെ ഓര്‍മ്മിപ്പിച്ചില്ല. ഒരു കമ്പനിയുടെ ഷെയറാണെന്ന മട്ടില്‍ ഇത്തരത്തില്‍ സി ഡി ഒ കള്‍ക്കും ഇന്‍ഷുറന്‍സ്‌ പരിരക്ഷ എന്ന നിലയില്‍ ക്രെഡിറ്റ്‌ ഡീഫോള്‍ട്ട്‌ സ്വാപ്‌സുകള്‍ക്കും ആവശ്യക്കാരേറിയതോടെ തിരിച്ചടവുശേഷിയില്‍ വന്‍ ഇളവുകള്‍ നല്‍കി വായ്‌പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറായി. ഇതിനായി അവര്‍ ഏജന്റുമാരെയും ഏര്‍പ്പെടുത്തി.
2005 ആയപ്പോഴേക്കും വരുമാനത്തിന്റെയോ സ്വത്തിന്റെയോ രേഖകളോ, എന്തിന്‌ ഒരു ജോലി പോലുമില്ലാത്ത ഒരാള്‍ക്ക്‌ 45 ലക്ഷം ഇന്ത്യന്‍ രൂപയുണ്ടെങ്കില്‍ അമേരിക്കയില്‍ വീടു കിട്ടുമെന്നായി. നിന (No Income No Assets) എന്ന ഓമനപ്പേരിലായിരുന്നു ഈ വായ്‌പകള്‍ നല്‍കിയിരുന്നത്‌. വായ്‌പക്ക്‌ ആവശ്യക്കാരേറിയതോടെ വീടുകളുടെ വിലയും കുതിച്ചുയര്‍ന്നു. ഒപ്പം റിയല്‍എസ്റ്റേറ്റ്‌ രംഗം നിക്ഷേപമായി കണക്കാക്കി നിക്ഷേപകര്‍ പണമിറക്കാനും തുടങ്ങി. ഇതൊരു വശത്തു കൂടി നടക്കുമ്പോള്‍ തന്നെ വിപണിയില്‍ ഉല്‌പാദനം കുറയുകയും അവശ്യസാധനങ്ങള്‍ക്ക്‌ വില കുതിച്ചുകയറുകയുമായിരുന്നു. താമസിക്കാന്‍ വലിയ വീടുണ്ട്‌ എന്നാല്‍ തിന്നാനും കുടിക്കാനും ഒന്നുമില്ലാത്ത അവസ്ഥ. അന്താരാഷ്‌ട്ര വിപണിയില്‍ വിലയിടിഞ്ഞതില്‍ ഏറ്റവും പ്രധാനം എണ്ണ തന്നെയായിരുന്നു. വിവിധ ഉപരോധങ്ങളിലൂടെയും യുദ്ധത്തിലൂടെയും ഇറാഖിനെ സമ്മര്‍ദ്ദത്തിലാക്കിയ അമേരിക്കന്‍ തന്ത്രം തന്നെയാണ്‌ തിരിച്ചടിച്ചത്‌. ഇറാഖിന്റെ എണ്ണ ഉല്‌പാദനം പ്രതിദിനം 29 ദശലക്ഷം വീപ്പയില്‍ നിന്നും 2005-ഓടെ 17 ദശലക്ഷം ടണ്ണായി ഇടിഞ്ഞു. ഇതോടൊപ്പം അഫ്‌ഗാന്‍-ഇറാഖ്‌ യുദ്ധവും റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ ഊഹക്കച്ചവടവും കൂടിയായതോടെ രാജ്യം വന്‍ വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്നു. ഒപ്പം 2004-06 കാലയളവില്‍ വായ്‌പകളുടെ പലിശനിരക്ക്‌ പലമടങ്ങ്‌ വര്‍ധിച്ചു,സ്വാഭാവികമായി തിരിച്ചടക്കേണ്ട വായ്‌പാനിരക്കും കൂടാന്‍ തുടങ്ങി. പലരും വായ്‌പകളെടുത്ത്‌ ആദ്യഗഡു പോലും അടച്ചിരുന്നില്ല, ലാഭക്കൊതികൊണ്ട്‌ കാഴ്‌ച മറഞ്ഞ ആരും ഈ സാഹചര്യം കണക്കിലെടുത്തില്ലെന്നതാണ്‌ സത്യം. ആരു വായ്‌പ തിരിച്ചടക്കാതായതോടെ വിപണിയിലേക്ക്‌ ധാരാളം വീടുകള്‍ വില്‍പ്പനക്കെത്തി. എന്നാല്‍ കീശ കാലിയായിരിക്കുന്ന അവസ്ഥയില്‍ വാങ്ങാനായി ആരുമുണ്ടായില്ല. അങ്ങനെ 2007 തുടക്കത്തില്‍ വീടുകളുടെ വില വന്‍തോതില്‍ ഇടിഞ്ഞു. എങ്ങനെയെങ്കിലും കുറച്ച്‌ പണം കിട്ടിയാല്‍ മതിയെന്ന അവസ്ഥയില്‍ ഉടമകള്‍ വീടിന്റെ വില കുറച്ചുകൊണ്ടേയിരുന്നു. നിക്ഷേപകര്‍ക്ക്‌ പണവും കിട്ടാതായി. ഇതോടെ പ്രാദേശിക ബാങ്കുകളില്‍ നിന്നും വായ്‌പകളെടുക്കുന്നത്‌ വാള്‍സ്‌ട്രീറ്റ്‌ കമ്പനികള്‍ നിര്‍ത്താനാരംഭിച്ചു.ലീമാന്‍ ബ്രദേഴ്‌സിനും മറ്റും നല്‍കി വന്‍ ലാഭമുണ്ടാക്കാമെന്ന്‌ സ്വപ്‌നം കണ്ട്‌ വന്‍കിടബാങ്കുകളില്‍ നിന്ന്‌ ആവശ്യക്കാര്‍ക്ക്‌ നല്‍കാനെന്നു പറഞ്ഞ്‌ വായ്‌പകളെടുത്ത പ്രാദേശിക ബാങ്കുകളുടെയും മറ്റ്‌ സാമ്പത്തികസ്ഥാപനങ്ങളുടെയും തകര്‍ച്ച അവിടെ നിന്നാരംഭിക്കുകയായിരുന്നു. എന്നാല്‍ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ രക്ഷാപാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്ന അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പെന്ന ഇന്‍ഷുറന്‍സ്‌ കമ്പനി പോലും ഇത്തരമൊരു തകര്‍ച്ച മുന്‍കൂട്ടി കണ്ടിരുന്നില്ല. മാത്രവുമല്ല ധാരാളം പണം അവരും ഓഹരിവിപണിയില്‍ ഇറക്കിയിരുന്നു. അതുകൊണ്ട്‌ തന്നെ പെട്ടെന്നുണ്ടായ ഈ വിലത്തകര്‍ച്ച ഇന്‍ഷുറന്‍സ്‌ കമ്പനികളേയും കാലതാമസമില്ലാതെ പാപ്പരാക്കി. ലാഭം മാത്രം ലക്ഷ്യമിട്ടിട്ടുള്ള, മൂലധന വ്യവസ്ഥയില്‍ അധിഷ്‌ഠിതമായ അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെ അനുകൂലിക്കുകയും അതിന്റെ നയങ്ങള്‍ പിന്‍തുടരുകയും ചെയ്‌ത രാജ്യങ്ങളിലേക്ക്‌ പ്രതിസന്ധിയുടെ വേരുകള്‍ വളരെ പെട്ടെന്നു തന്നെ ആഴ്‌ന്നിറങ്ങി ശ്വാസം മുട്ടിക്കാനും തുടങ്ങി. ഇനിയും പിടിച്ചു നിര്‍ത്താനാകാത്ത വിധം അത്‌ തുടരുകയുമാണ്‌.
ആരെയാണ്‌ പഴിക്കേണ്ടത്‌?
700 മില്ല്യണ്‍ ഡോളറിന്റെ രക്ഷാപാക്കേജാണ്‌ ബാങ്കുകള്‍ക്ക്‌ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടാനായി അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കുന്നത്‌. സാധാരണക്കാരനില്‍ നിന്നും പിരിച്ചെടുത്ത
നികുതിപ്പണമാണിതെന്നോര്‍ക്കണം. നവയുഗ
ബാങ്കുകള്‍ മാത്രമല്ല 100 വര്‍ഷത്തിലധികം പാരമ്പര്യമുള്ള സാമ്പത്തികസ്ഥാപനങ്ങളും സര്‍ക്കാരിന്റെ കൈയില്‍ നിന്ന്‌ പത്തുപൈസ പോലും സഹായം കിട്ടാതെ പാപ്പരായി അകാലചരമമടഞ്ഞു. സാമ്പത്തികസുരക്ഷിതത്വം ഉറപ്പുവരുത്താനാണ്‌ ഈ പണം നല്‍കുന്നതെന്ന്‌ പറയുന്നു. യഥാര്‍ത്ഥത്തില്‍ ആരാണ്‌ ഈ അരക്ഷിതാവസ്ഥയുണ്ടാക്കിയത്‌. യു എസ്‌ സര്‍ക്കാരും ബാങ്കുകളും കുറ്റപ്പെടുത്തുന്നത്‌ വായ്‌പയെടുത്ത്‌ തിരിച്ചടക്കാത്തവരെയാണ്‌. അവര്‍ കുറ്റക്കാരാണ്‌,എന്നാല്‍ അതിന്റെ ഇരട്ടിയായി കുറ്റപത്രം ചുമത്തപ്പെടുക വായ്‌പകളെ രൂപമാറ്റം നടത്തി ലാഭം മാത്രം ലക്ഷ്യമിട്ട്‌ വിപണിയില്‍ കള്ളക്കളി നടത്തിയ ലീമാന്‍ ബ്രദേഴ്‌സിലെപ്പോലെയുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ മേലാണ്‌. അങ്ങനെ വരുമ്പോള്‍ യു എസ്‌ സര്‍ക്കാരിന്റെ 700 മില്ല്യണ്‍ ഡോളര്‍ രക്ഷാപാക്കേജ്‌ ധനകാര്യസ്ഥാപനങ്ങളുടെ വിഢിത്തം നിറഞ്ഞ നടപടികള്‍ക്കും അത്യാര്‍ത്തിക്കുമുള്ള അംഗീകാരമായി മാറുകയാണ്‌. സാമ്പത്തിക മാന്ദ്യക്കൊടുങ്കാറ്റില്‍പ്പെട്ട്‌ വിവിധരാജ്യങ്ങളിലെ ഓഹരിവിപണികളും ആഗോള വിപണിയും ഐ ടി ,ടൂറിസം മേഖലകളും കയറ്റുമതി ഇറക്കുമതി രംഗങ്ങളുമടക്കം തകരുമ്പോള്‍ ഒരു ചോദ്യത്തിനു മാത്രം ആരും ഉത്തരം തരുന്നില്ല. ഇതിനെല്ലാം നാം ആരെപ്പഴിക്കും?