
രാവിലെ മുതല്‍ നടക്കുകയാണ് ആ അമ്മയും കൊച്ചു മകനും. ചൂടില്‍ ഉരുകിയൊലിക്കുന്ന റോഡില്‍ ഉണ്ണിയുടെ കാലുകള്‍ പൊള്ളാതിരിക്കാന്‍ അവനെയെടുത്ത് കുറേ ദൂരമായി ആ അമ്മ നടക്കുന്നു. കീറിപ്പറിഞ്ഞ അവളുടെ വസ്ത്രങ്ങള്‍ക്കിടയിലൂടെ തെളിഞ്ഞ മാംസക്കഷണങ്ങളെ വഴിയോരത്തെ കഴുകന്മാര് കണ്ണുകള്‍ കൊണ്ട് കൊത്തിയെടുക്കുന്നുണ്ടായിരുന്നു അവര്‍ക്കു നേരെയും അവള് ഭിക്ഷാ പാത്രം നീട്ടി. പലരും അവളെ ക്ഷണിച്ചു. അവള് ഓടിയകന്നു. ഇടുപ്പ് കഴച്ചിട്ടും അവനെ നിലത്തിറക്കാതെ അവള് പിന്നെയും നടന്നു. വഴിയരികിലെ വര്‍ണ്ണ ബലൂണുകളില്‍ നിന്ന് അവന്റെ കണ്ണുകളെ അകറ്റാന്‍ വല്ലാതെ പാടു പെടേണ്ടി വന്നു അവള്‍ക്ക്. ഒരു കുട്ടി അവനു നേരെ നീട്ടിക്കൊതിപ്പിച്ച ബലൂണ്‍ പക്ഷേ ആ അമ്മയെ വല്ലാതെ കഷ്ടപ്പെടുത്തിക്കളഞ്ഞു. അത് കിട്ടാതെ ദേഷ്യപ്പെട്ടവന്‍ അവളുടെ കഴുത്തില്‍ നഖങ്ങളാഴ്ത്തി.പിന്നെ ഉറക്കെക്കരയാന്‍ തുടങ്ങി. "അമ്മ തളരും കുട്ടാ ഇങ്ങനെ കരയല്ലേ" അവള് കെഞ്ചി. കഴുത്തില്‍ ആ കുഞ്ഞിക്കൈകള്‍ തീര്‍ത്ത നഖക്ഷതങ്ങളില്‍ അവളുടെ വിയര്‍പ്പിന്റെ ഉപ്പാഴ്ന്നപ്പോള്‍ നീറിപ്പിടഞ്ഞു പോയി. ഇടനെഞ്ചിനെ കീറി വരച്ച് അവന് പിന്നെയും കരഞ്ഞപ്പോളും അവള് കെഞ്ചി "അമ്മക്ക് വയ്യ മോനെ." കരഞ്ഞു കരഞ്ഞ് അവനുറങ്ങി. അപ്പോഴും അവളേതോ താരാട്ടു പാടുന്നുണ്ടായിരുന്നു
ഒരു ബഹളം കേട്ടാണ് പിന്നെയവന് ഉണര്‍ന്നത്
ചുറ്റിലും നോക്കി ഒരു വീട്ടില്‍ വര്‍ണ്ണ ബലൂണുകളുടെ കൂമ്പാരം. കൊതിപ്പിക്കുന്ന ഗന്ധം. മദിപ്പിക്കുന്ന സംഗീതം."വെശക്കുന്നമ്മാ." അവന് പറഞ്ഞു. നെഞ്ചില്‍ കഫം കെട്ടി ശ്വാസം ആഞ്ഞു വലിക്കുമ്പോള്‍ ആ ശബ്ദം ഇടറിയിരുന്നു. തുളുമ്പി നിന്ന കണ്ണീരടക്കാന്‍ പാടുപെടുന്നതിനിടയില്‍ വീടിനകത്തു നിന്നൊരു ശബ്ദം"അഭിക്കുട്ടന് അമ്മേടേം അഛന്റെയും പിറന്നാളാശംസകള്‍.." പിന്നെയും ആരൊക്കെയോ അത് തുടര്‍ന്നു "എന്താമ്മേ പെറന്നാള്ന്ന് വച്ചാ.."
വീട്ടുമുറ്റത്തെ ഭിക്ഷക്കാരിയെ കാവല്ക്കാരന് ആട്ടിയൊടിച്ചു. ഒരു കല്ലിലിടിച്ച് ആ റോഡിലേക്കു വീഴുമ്പോഴും നെഞ്ചില്‍ കുഞ്ഞുണ്ണിയെ അവള് അടക്കിപ്പിടിച്ചിരുന്നു. കാല്‍വിരല്‍ത്തുമ്പില്‍ ഒരു നീറ്റല്‍ പടര്‍ന്നു. അടര്‍ന്ന കാല്‍നഖത്തില്‍ നിന്നും കുതിച്ചു ചാടിയ ചോരത്തുള്ളികള്‍ അവള് കണ്ടില്ലെന്നു നടിച്ചു. പെട്ടെന്ന് സമീപത്തെന്തോ വീഴുന്ന ശബ്ദം. ആരോ തിന്ന് വലിച്ചെറിഞ്ഞ ചുരുട്ടിക്കൂട്ടിയ ഒരു പൊതിച്ചോറ്. കുരച്ച് വന്ന തെരുവുനായില്‍ നിന്നും അത് തട്ടിപ്പറിച്ചെടുക്കാന്‍ ഉണ്ണിയെ നിലത്തു വച്ച് അവള് ഓടി. ഭക്ഷണം തട്ടിപ്പറിച്ച ദേഷ്യത്തില്‍ ആ നായ് കടിച്ചെടുത്ത കൈയിലെ മുറിവിനേയും അവള് ശ്രദ്ധിച്ചില്ല. ഒരു ഭ്രാന്തിയെപ്പോലെ ഓടി വന്ന് പൊതിച്ചോറഴിച്ച് ഉണ്ണിയുടെ വായിലേക്ക് കുറച്ച് ചോറു വറ്റുകള്‍ വച്ചു കൊടുക്കുന്നതിനിടയില്‍ നെഞ്ചിടറി അവള് പറഞ്ഞു "പൊന്നുമോന് അമ്മേടെ പിറന്നാളാശംസകള്‍.."
(അന്ന് ആരുമില്ലാത്തവനായി മാറിയ എന്റെ കണ്ണുകളില്‍ നോക്കി അവിടെ പുതിയൊരു ജീവിതം നിറച്ചു തന്ന അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങള്‍ക്കായി എന്റെയീ പിറന്നാള്‍ ദിനത്തില്‍..)