
വര്‍ഷം 1999-മാര്‍ച്ചോ മറ്റോ ആണ് മാസം -ദിവസ(കുറച്ചു സമയം ആലോചിക്കുന്നു,എന്നിട്ട്)...ഓര്‍മ്മയില്ല.
പൊറത്തിശ്ശേരിയിലെ വളരെ പാവപ്പെട്ട ഈ ഞാനും പണക്കാരായ പിള്ളേരും ഏഴാം ക്ലാസ്സില്‍ നിന്നും ടൂര്‍ പോകുന്നു. സ്‌കൂളിന്റെ ചരിത്രത്തിലാദ്യമായി തൃശ്ശൂര്‍ ജില്ല വിട്ട് ഒരു വിനോദയാത്ര, അതും കന്യാകുമാരിയിലേക്ക്..ഹെഡ്‌മാസ്റ്ററായ അഷ്‌റഫ് മാഷിന്റെ ചൂരലിന്റെ ഒരൊറ്റ ബലത്തിലാണ് ടീച്ചര്‍മാരെല്ലാവരും ടൂറിന് പോകാന്‍ സമ്മതിച്ചത്. അല്ലാതെ അത്രയും ദൂരം തല തെറിച്ച ഇത്രയും പിള്ളേരെയും കൊണ്ട് എങ്ങനെ പോകും? ഒപ്പം സുന്ദരികളായ കുറേ പെണ്‍മണികളും..! എന്തൊക്കെയായാലും അവസാനം യാത്ര പോകാന്‍ തന്നെ ഉറച്ചു. അഷറഫ് മാഷ് ആ വര്‍ഷം പെന്‍ഷനാവുകയാണ്. അതിനു മുമ്പെങ്കിലും പിള്ളേരെ നല്ല കുറച്ച് സ്ഥലം കാണിച്ചിട്ടേയുള്ളൂ എന്ന വാശിയിലായിരുന്നുവെന്ന് തോന്നുന്നു മാഷ്. അങ്ങനെ ഒരു രാത്രിയില്‍ എല്ലാവരുടേയും അനുഗ്രഹാശ്ശിസുകളോടെ മഹാത്മ യു പി സ്‌ക്കൂളിന്റെ മുന്നില്‍ നിന്ന് കല്ലടക്കാരുടെ ആ ഗമണ്ടന്‍ ലക്ഷ്വറി ബസ് കുറേ കൊച്ച് ടൂറിസ്റ്റുകളെയും ടീച്ചര്‍മാരാകുന്ന ടൂറിസ്റ്റ് ഗൈഡുകളേയും വഹിച്ച് യാത്രയായി. ഇരുട്ടിലൂടെ..പുറത്തെ വെളിച്ചത്തില്‍ ആദ്യം ഇരിഞ്ഞാലക്കുട ടൗണ്‍, ഠാണാവ്, കല്ലേറ്റുംകര ..അതിനുമപ്പുറത്തേക്കുള്ള ലോകം എനിക്ക് അപരിചിതമായിരുന്നു. എല്ലാവരും പുറം കാഴ്‌ചകള്‍ കാണുന്നു. തണുത്ത കാറ്റേറ്റ് ഞാനും സുഹൃത്ത് അരുണ്‍രാജും മിണ്ടിയും പറഞ്ഞും അങ്ങനെയിരുന്നു. ഇരുട്ടിലൂടെ യാത്ര തുടരുകയാണ്..പേടിച്ചു വിറച്ച് ഒന്നു കൈയടിക്കാന്‍ പോലുമാകാതെയായിരുന്നു ആദ്യത്തെ കുറച്ച് ലാപ്പുകള്‍ ഞങ്ങളെയും വഹിച്ചുള്ള ടൂറിസ്റ്റ് ബസ് ഓടിയത്. ഇടക്കെപ്പോഴോ ഏതോ നല്ലോരു ടീച്ചര്‍ കൂറ്റാക്കൂരിരുട്ടിലും കനത്ത നിശബ്‌ദതയിലും ഭ്രാന്ത് പിടിച്ച് പിറകില്‍ ഞങ്ങള്‍ പിള്ളേര്‍ സെറ്റ് ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു. "ഉന്തൂട്ടാ പിള്ളേരേ ഒരൊച്ചേം അനക്കോക്കെ അങ്ങട്‌ണ്ടാക്ക്,നമ്മളൊരു ടൂറ് പൂവാന്ന് നാലാളറിയട്ടെ". ഞങ്ങള്‍ ഹെഡ്‌മാസ്റ്ററെ നോക്കി, മിണ്ടാട്ടമില്ല. മൗനം സമ്മതം. "ഹൊയ്,കുട്ടനാടന്‍ കുഞ്ചയിലെ.."(പുഞ്ച ഞങ്ങള്‍ക്കന്ന് കുഞ്ചയാണ്) ആരോ പാടി..എന്റെ കുട്ടിക്കാമുകി ഏഴാം ക്ലാസ്സുകാരിയും വണ്ടിയിലുണ്ട്. ആളാവാന്‍ കിട്ടുന്ന അവസരമല്ലേ,ഞാനങ്ങ് അലറി വിളിച്ചു.."ഹൊയ്,കൊച്ചു പെണ്ണേ കുയിലാളേ..."പിറകെ സിജോ,ശ്രീജിത്ത്,ജിതിന്‍ മുതലായ ഭീമന്മാരും.."ആ,തിത്തിത്താരോ തിത്തിത്തൈ തിത്തൈ തകതെയ്..."അതങ്ങ് കുറേ നേരം തുടര്‍ന്നു. കുറേ നേരം പാടി തുഴച്ചില്‍ നിര്‍ത്തി ഇടക്ക് ഞങ്ങളൊന്നു നിര്‍ത്തി ചുറ്റും നോക്കി..ഈശ്വരാ കലാവാസനയില്ലാത്ത മാഷമ്മാരും ടീച്ചര്‍മാരും കാമുകിയും മടിച്ചികളായ പെണ്‍കിടാങ്ങളും ദാണ്ടെ വായും പൊളിച്ച് കിടന്നുറങ്ങുന്നു. പതുക്കെ ഞങ്ങളും തോണി ഒരു തീരത്തോട്ടടുപ്പിച്ചങ്ങ് കിടന്നു. പിന്നെ രാത്രിയുടെ നിശബ്‌ദമായ ആരവങ്ങള്‍ കേട്ട് യാത്ര..
വെളുപ്പിന് കന്യാകുമാരിയില്‍.കുറേ ചുറ്റിക്കറങ്ങി,തമിഴരുടെ വലിയ മസാലദോശ തിന്ന്,അനിയത്തിക്ക് കന്യാകുമാരി പെന്‍സില് വാങ്ങി,കളിപ്പാട്ടം വാങ്ങാത്തതിന് തമിഴന്‍ കച്ചവക്കാരന്റെ ഇടി വാങ്ങി,സൂര്യോദയം കണ്ട് മടക്കം..തക്കല വഴി തലസ്ഥാനത്തേക്ക്..എത്തുമ്പോള്‍ ഉച്ച തിരിഞ്ഞിരുന്നു. രാത്രിയിലെ ഉറക്കം ശരിയാവാഞ്ഞിട്ടോ യാത്രാക്ഷീണം കൊണ്ടോ പിള്ളേരെല്ലാം ഉറക്കമാണ്. പെട്ടെന്നാണൊരാക്രോശം, "ദാണ്ടെടാ പിള്ളേരേ നിയമസഭ..വേണേല്‍ കണ്ടോ".

"ഏയ്, ഒന്നുമില്ല,എന്തോ ഓര്‍ത്തു..."
വര്‍ഷം 2005, മാസം-ആഗസ്റ്റ് ദിവസം-ശ്ശോ,പിന്നേം മറന്നു
ഞങ്ങളൊരു യാത്രയിലാണ്. ഇതും തലസ്ഥാനത്തേക്ക് തന്നെ..അന്നത്തെ ഏഴാം ക്ലാസ്സുകാരന്റെ ഓര്‍മ്മകളില്‍ നിന്നും ആ വിനോദയാത്രകള്‍ യാത്ര പറഞ്ഞ് പോയിരുന്നു. ഇന്ന് ഒരു പിടി സ്വപ്‌നങ്ങളേയും, മനസ്സു കൊണ്ട് അഛന്റേയും അമ്മയുടെയും കൈയും പിടിച്ചാണ് എന്റെ യാത്ര. ആരില്‍ നിന്നൊക്കെയോ കടം വാങ്ങിയ കുറേ കാശുമായി ഡിഗ്രിക്ക് മാര്‍ ഇവാനിയോസില്‍ ജേര്‍ണലിസത്തിന് ചേരാനായിട്ടാണ് യാത്ര. ട്രെയിനിറങ്ങി സ്റ്റേഷനു മുന്നിലെ സുലഭില്‍ കുളിയും കാര്യങ്ങളുമൊക്കെ ഭംഗിയായി അവസാനിപ്പിച്ച് ഹോസ്റ്റല്‍ താമസത്തിനുള്ള ഒരായിരം ബാഗുകളും സഞ്ചികളുമായി ഞങ്ങള്‍ പുറത്തിറങ്ങി. പുലര്‍ച്ചെയാണ്, ആറുമണി ആയിക്കാണും..ബാഗുകളിലേക്ക് നോക്കിയപ്പോഴേ ബോധ്യമായി ബസ്സിനെ ആശ്രയിക്കേണ്ട. പരിചയമില്ലാത്ത നാട്, തുടക്കത്തില്‍ത്തന്നെ ബസ്സുകാരുടെ തെറി കേട്ട് തുടങ്ങണോ? അതും അവിടെ മൊത്തം കെ എസ് ആര്‍ ടി സിയാണ്. ഞങ്ങള്‍ പൊറത്തിശ്ശേരിക്കാര്‍ക്കാകട്ടെ നാട്ടിലൂടെ ഓടുന്ന വീണാമോളിനേയും സത്ത്‌നാമിനേയും കല്ലടയേയുമൊക്കെയേ പരിചയമുള്ളൂ. എന്നെ ഇവിടെ ചേര്‍ക്കുന്നതില്‍ അഛന് വല്യ താത്‌പര്യവുമില്ല.(എന്നെ പിരിയാന്‍ പറ്റാഞ്ഞിട്ടാണ്‌ട്ടോ..). പിന്നെ രണ്ടും കല്‌പിച്ച് ഒരോട്ടോ വിളിച്ചു. പിന്നീട് ഞാന്‍ തലസ്ഥാനത്ത് പരിചയപ്പെട്ട കേ ഡി കളായ ഓട്ടോക്കാര്‍ക്ക് അപമാനമായ നല്ലൊരു ഓട്ടോക്കാരന്‍. ആ പുലര്‍ക്കാലത്തില്‍ സ്ഥലമാറിയാത്ത ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ നല്ലൊരു ഹോട്ടല്‍ കാണിച്ചു തരുക മാത്രമല്ല ഒരു ടൂറിസ്റ്റ് ഗൈഡിന്റെ മുഴുവന്‍ കഴിവുകളോടെ പിന്നിടുന്ന ഓരോ സ്ഥലവും പരിചയപ്പെടുത്തിത്തരുകയും ചെയ്‌തു. "ഇത് ബേക്കറി ജംഗ്‌ഷന്‍, ഇത് പാളയം രക്തസാക്ഷി മണ്‌ഡപം,ഇത് എം എല്‍ എ ഹോസ്റ്റല്‍,ഇത് പുതുതായി പണി തീര്‍ത്ത അണ്ടര്‍ ഗ്രൗണ്ട് എന്നിങ്ങനെ..."പുലര്‍ക്കാലത്തിന്റെ നേര്‍ത്ത തണുപ്പില്‍ എന്റെ കാഴ്‌ചകള്‍ക്ക്‌ആ ഓട്ടോക്കാരന്റെ വാക്കുകള്‍ ശരിക്കും ഒരു റണ്ണിംഗ് കമന്ററിയായിരുന്നു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയവും കഴിഞ്ഞുള്ള വളവിലെത്തിയപ്പോള്‍ നമ്മുടെ കമന്റേറ്ററുടെ ശബ്‌ദം വല്ലാതൊന്നുയര്‍ന്നു. ഇതാണ് ഞങ്ങളുടെ നിയമസഭാ മന്ദിരം. പ്രൗഢിയോടെ പുലരിയുടെ നേര്‍ത്ത ഇരുട്ടിലും തണുപ്പിലും നിശബ്‌ദഗാംഭീര്യത്തോടെ നിന്ന ആ വലിയ കെട്ടിടത്തിലേക്ക് ഞാന്‍ നോക്കി. ഒരിക്കല്‍ കണ്ടതാണ്. ഓര്‍മ്മകള്‍ക്ക് വല്ലാത്തൊരു കുതിപ്പ്..കണ്ണുകളടച്ച് കിടക്കുമ്പോള്‍ അമ്മ പറയുന്നത് കേട്ടു. "കുറച്ച് കൊല്ലം കൂടിക്കഴിഞ്ഞാല്‍ എന്റെ മോനും വലിയൊരു റിപ്പോര്‍ട്ടറായി ഇതിനകത്ത് കയറും.."എന്നോടൊപ്പം ഒരു തണുത്ത കാറ്റും ആ വാക്കുകള്‍ ഏറ്റു വാങ്ങി.
വര്‍ഷം 2006,2007,2008:
നിയമസഭയുടെ മുന്നിലൂടെ ഫിലിം ഫെസ്റ്റിവലും കഴിഞ്ഞ് മിക്ക ദിവസവും രാത്രിയില്‍ മുടി നീട്ടിവളര്‍ത്തിയ ഒരു പയ്യന്‍ സംശയാസ്‌പദമായ രീതിയില്‍ കറങ്ങുന്നു.

വര്‍ഷം 2008.ഏതോ ഒരു വെറുത്ത മാസം..
വാതിലുകളും ജനലുകളും കൊട്ടിയടച്ച് ആരെയും പുറത്തിറങ്ങാന്‍ സമ്മതിക്കാതെ അന്താരാഷ്‌ട്ര റിപ്പോര്‍ട്ടിംഗും കോടതി,സ്‌പോര്‍ട്‌സ്,ക്രൈം,നിയമസഭ മുതലായ റിപ്പോര്‍ട്ടിംഗ് രീതികളെയും കുറിച്ച് ക്ലാസ്സെടുക്കുന്ന ടീച്ചറെ പുഛത്തോടെ നോക്കിയിരിക്കുന്ന ഒരു കൂട്ടം തല തെറിച്ച പിള്ളേര്‍(ടീച്ചറുടെ ഭാഷയില്‍ ഒരു മാതൃകാവിദ്യാര്‍ത്ഥിക്ക് വേണ്ട അടിസ്ഥാന ഗുണഗണങ്ങളില്ലാത്തവര്‍). അവരുടെയിടയില്‍ ക്ലാസ്സിലെ പെണ്‍പിള്ളേരെയും നോക്കി തല ചൊറിഞ്ഞിരിക്കുന്ന ഈയുള്ളവന്‍. മടുത്തിരിക്കുന്ന ക്ലാസ്സില്‍ ഉയരുന്ന ക്രമാതീതമായ ബഹളം. ഒരു നിമിഷം ക്ലാസ്സ് നിര്‍ത്തി ഭ്രാന്തായി ചുറ്റും നോക്കുന്ന ടീച്ചര്‍. "ഗെറ്റൗട്ട് ഓള്‍ ഓഫ് യു. ആരോടാണ് പറഞ്ഞത്,ആരാണാ ഭാഗ്യവാനെന്നറിയാന്‍ ചുറ്റിലും നോക്കുന്ന ഞങ്ങള്‍". 'കഷ്‌ടം..ടീച്ചറത് ആത്മഗതിച്ചതാണ്..'പിന്നാലെ ഉപദേശങ്ങളുടെ വന്‍പട. ക്ലാസ്സ് നിശബ്‌ദം. പിന്നാലെ ഉറക്കത്തിലേക്ക് തെറിച്ച് വീഴുന്ന ഭാസുര കേരളത്തിലെ ഭാവി ജേര്‍ണലിസ്റ്റുകളും ജേര്‍ണലിസ്റ്റികളും. നീട്ടി മുഴങ്ങുന്ന ബെല്‍..എല്ലാ മുഖങ്ങളിലും ഒരേ ഭാവം..ദൈവമേ,നിനക്ക് സ്‌തോത്രം.
വര്‍ഷം 2008 .12-ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം നടക്കുന്ന സമയം. ഒരുച്ച:
ഞാനുള്‍പ്പെടുന്ന ഒരു സംഘം പിള്ളേര്‍ ഒരു വാക്കാലുള്ള നിവേദനവുമായി ഓഫീസ് റൂമില്‍ റിപ്പോര്‍ട്ടിംഗ് പഠിപ്പിക്കുന്ന ടീച്ചറെ കാണാനെത്തി.
കുട്ടികള്‍: "ടീച്ചര്‍ പിള്ളേര്‍ക്ക് നിയമസഭ കാണാന്‍ ഒരാഗ്രഹം"
ടീച്ചര്‍:"ഓ,അതിനെന്താ ഞാനൊന്ന് പ്രിന്‍സിപ്പലോട് പറഞ്ഞ് നോക്കാം" പ്രതീക്ഷയോടെ പുറത്തിറങ്ങുന്ന കുട്ടികള്‍. തീര്‍ന്നു,ആ വിഷയം അവിടെ തീര്‍ന്നു. ക്ലാസ്സില്‍ ഐക്യമില്ലെന്ന പേരില്‍ ഞങ്ങളുടെ എല്ലാ ആനുകൂല്യങ്ങളും പ്രിന്‍സിപ്പലെന്ന കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നു. ക്ലാസ്സിലെ എന്റെ എസ് എഫ് ഐ ചങ്ങാതിമാര്‍ക്ക് എവിടെ പോയില്ലേലും വേണ്ട ഡിഗ്രി കിട്ടിയാല്‍ മതി എന്നായിരുന്നു നയമെന്നതിനാല്‍ പന്തല് കെട്ടി സമരത്തിനാരും നിന്നില്ല. പിന്നെയും പിന്നെയും ടീച്ചര്‍ തന്നെ,അടച്ച മുറി, ഉറക്കം, ഉപദേശം... അവസാനം വെയിലും മഴയുമേല്‍ക്കാതെ റിപ്പോര്‍ട്ടിംഗ് കാണാപ്പാഠം പഠിച്ച് ഭേദപ്പെട്ട മാര്‍ക്കോടെ ഡിഗ്രിയുമായി ഓരോരുത്തരായി പടിയിറങ്ങി, ഒപ്പം ഞാനും...
വര്‍ഷം 2008 നിയമസഭയുടെ എട്ടാം സമ്മേളന സമയം.
വൈകീട്ട് അഞ്ച് മണിയോടെ ബ്യൂറോ ചീഫ് ബഷീറിക്കായുടെ കൂടെ ചായ കുടിച്ച് തിരിച്ചു വരുന്ന ഞാന്‍. (2500 രൂപ ശമ്പളത്തില്‍ സിറാജില്‍ ഒരു ജോലി കിട്ടിയത് പറയാന്‍ മറന്നതാണ്. ഇപ്പോള്‍ ശമ്പളം കൂട്ടീട്ടോ..)നിയമസഭയില്‍ കയറാനുള്ള അടക്കാനാകാത്ത ആക്രാന്തം കാരണം വെറും ട്രെയിനിയായ ഞാന്‍ ചോദിക്കുന്നു
"ബഷീറിക്കാ, നിയമസഭയിലെങ്ങനാ കാര്യങ്ങളൊക്കെ നടക്കുന്നേ..?"
കാര്യം പിടി കിട്ടിയ മട്ടില്‍ ഒന്നു ചിരിച്ച് തിരൂരുകാരന്‍ ബഷീറിക്ക ചോദിച്ചു
"എന്താ, അനക്ക് വരണാ...?"
ഈശ്വരാ, എന്തായീ കേട്ടത് "കയറണമെന്നാഗ്രഹമുണ്ട്" മുക്കിയും മൂളിയും പറഞ്ഞൊപ്പിച്ചു
"അടുത്ത സഭാസമയമാകട്ടെ, ഒരു ടെമ്പററി പാസ്സ് എടുത്തു തരാം"
"എന്നാ അടുത്ത സഭ
വരുന്നേ..? ആകാംക്ഷയോടെ ഞാന്‍
"നവംബറില്‍"
'ഹ്‌ം..ഇനിയും കാത്തിരിക്കണം'. ടീച്ചറുടെ വാക്ക് അഥവാ പഴയ ചാക്ക് പോലാവാതിരുന്നാല്‍ മതിയായിരുന്നു. പിന്നെയു കാത്തിരിപ്പ്
2008 നവംബര്‍ 20.
പ്രസ്സ് ക്ലബ്ബിലെ തിരക്കിനിടയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഒരു ഫോണ്‍. ബഷീറിക്കയാണ്. ഒരു ചോദ്യം "നവീനേ ഇയ്യിപ്പഴൊന്നും സിറാജ് വിടില്ലല്ലോ?"
"എറക്കി വിട്ടാല്‍ പോവും, അല്ലാതെ പോവില്ല" മറുപടിക്ക് അധിക സമയം വേണ്ടി വന്നില്ല.എന്താ ബഷീറിക്കാ..?
"അല്ലാ, നിയമസഭേലെ പെര്‍മനന്റ് പാസൊരെണ്ണം എടുക്കാനാണ്".
ഈശ്വരാ, എന്താണ് കേട്ടത്? നുള്ളി നോക്കി. വേദനിക്കുന്നു. കാര്യം ശരിയാണ്. ടെമ്പററി പാസ്സല്ല,2009 ജൂണ്‍ വരെയുള്ള നിയമസഭാ റിപ്പോര്‍ട്ടിംഗ് പാസ്സ്. സ്ഥിരമായി ബഷീറിക്കായുടെ കൂടെ പോകുന്ന സുബിന്‍ ചേട്ടന്‍ സ്വന്തമായി വാര്‍ത്താ വെബ്‌സൈറ്റ് തുടങ്ങാന്‍ പോയതാണ് ഇപ്പോഴത്തെ നിലപാട് മാറ്റത്തിന് കാരണം. അങ്ങനെ ആ സ്വപ്‌നവും നടക്കാന്‍ പോകുന്നു. എന്റെ നമ്പറും വന്നു.
2008 നവംബര്‍ 24 തിങ്കള്‍ രാവിലെ 8.45
കോരിച്ചൊരിയുന്ന മഴയില്‍ ബഷീറിക്കായുടെ വണ്ടിക്ക് പിറകിലിരുന്ന് യാതൊരു പരിശോധനകളുമില്ലാതെ ഞാന്‍ നിയമസഭാമന്ദിരത്തില്‍. പാസ്സ് ശരിയായിട്ടില്ല. ആദ്യത്തെ മൂന്ന് ദിവസം ടെമ്പററി പാസ്സാണ്. എന്റെ കൂടെ കോഴിക്കോട് നിന്ന് സീനിയര്‍ റിപ്പോര്‍ട്ടര്‍ ഹംസ ആലുങ്കലുമുണ്ട്. ആളും നിയമസഭയില്‍ ആദ്യാക്ഷരം കുറിക്കാന്‍ പോകുന്നേ ഉള്ളൂ. എട്ടരക്കു തന്നെ ചോദ്യോത്തര പരിപാടി തുടങ്ങി. ഗണപതിക്ക് വച്ചത് തന്നെ പോയെന്നാണ് കരുതിയത്. എന്തായാലും ഏറെ വൈകാതെ പാസ്സുമായി ബഷീറിക്കായെത്തി. ഞങ്ങള്‍ അകത്തോട്ട്..ലിഫ്‌റ്റില്‍ രണ്ടാം നിലയില്‍. പിന്നെ ചെറിയതല്ലാത്ത പേടിയോടെ പ്രസ്സ് ഗാലറിയില്‍. ചുറ്റും ഏ സിയുടെ തണുപ്പ്. എന്നിട്ടും വിയര്‍ത്ത് പോയി. നിറയെ സീനിയര്‍ റിപ്പോര്‍ട്ടര്‍മാര്‍. ഞാന്‍ നല്ല ഭവ്യതയോടെ കസേരയില്‍ ഇരുന്നു ഇരുന്നില്ലെന്ന മട്ടില്‍ ഇരിപ്പായി. മുന്നില്‍ത്തന്നെ നോട്ട് പാഡും കുറേ എന്തൊക്കെയോ അച്ചടിച്ച കടലാസുകളുമുണ്ട്. കസേരയുടെ വലതു വശത്ത് ഒരു ഇയര്‍ ഫോണ്‍. നിയമസഭയുടെ വിശാലമായ അകത്തളത്തില്‍ കേരളത്തിലെ ജനകോടികള്‍ തെരഞ്ഞെടുത്ത എം എല്‍ എ വര്‍ഗ്ഗം വേണ്ടതും വേണ്ടാത്തതുമായ ചേദ്യങ്ങളങ്ങനെ ചോദിക്കാണ്.

അധികം കനത്തിലല്ലാതെ ഒരു മറുപടി. "ശരി, ഞാന്‍ ബഷീറിന്റെ മെയിലിലയക്കാം"
സന്തോഷം, അങ്ങനെ റഫര്‍ ചെയ്യാന്‍ ഒരു റിപ്പോര്‍ട്ടായി. എല്ലാം കഴിഞ്ഞ് ഉച്ചയോടെ പുറത്തിറങ്ങുമ്പോള്‍ ഓര്‍മ്മകളുടെ ഒരു കുത്തൊഴുക്കായിരുന്നു. ഒരു ഏഴാം ക്ലാസ്സ് ടൂര്‍, അമ്മയുടെ വാക്കുകള്‍, ഡിഗ്രി ക്ലാസ്സ്, പി എം ജി യിലൂടെ നിയമസഭ കാവല്‍ക്കാരുടെ സംശയനിഴലില്‍ രാത്രിയാത്ര...പുറത്തിറങ്ങി ആ വിശാലമായ കോമ്പൗണ്ടിലൂടെ ഞാനൊന്ന് കണ്ണോടിച്ചു. ഒരു കാലത്ത് എന്നെ തീവ്രവാദിയാക്കിയ ഗാര്‍ഡ് മാമന്മാര്‍ അങ്ങനെ തോക്കും പിടിച്ച് നില്‍ക്കാണ്. അവരുടെ അടുത്തു കൂടെ പ്രസ്സ് പാസ്സും നെഞ്ചില്‍ ചേര്‍ത്ത് നടക്കുമ്പോള്‍ ഞാന്‍ പതുക്കെ പറഞ്ഞു. 'കണ്ടോടാ ശവീ...ഞാനന്നേ പറഞ്ഞതല്ലേ ഒരു നാള്‍ ഞാനും...'
( എല്ലാം കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം നിയമസഭാ റിപ്പോര്‍ട്ടിംഗിന് വന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ് ഞാനടിച്ചെടുത്തോയെന്ന്. 20 വയസ്സും 11 മാസവും പ്രായമുള്ള ആരെങ്കിലും ഇതിനു മമ്പ് ഔദ്യോഗിക റിപ്പോര്‍ട്ടറായി സഭയില്‍ കയറിയിട്ടുണ്ടെങ്കില്‍ ഒന്നറിയിച്ചേക്കണേ..)
6 comments:
അപ്പോൾ റിപ്പോർട്ടിങ്ങ് പാസ് കിട്ടിക്കഴിഞ്ഞാൽ പിന്നെ സെക്യൂരിറ്റി ചെക്കിങ്ങിന് വിധേയനാവണ്ടാ എന്നാണോ? അതു കഷ്ടമാ.
നീണ്ട പോസ്റ്റാണെങ്കിലും രസമുണ്ടായിരുന്നു വായിക്കാൻ. കർമ്മപാഥയിൽ എല്ലാവിധ വിജയങ്ങളും നേരുന്നു.
എന്തായാലും താന്‍ ആള് പുലിയാണ് കേട്ടാ, നിയമസഭയില്‍ കയറി പറ്റിയല്ലോ...സംഭവം വളരെ ചെറുത് ആണേലും പോസ്റ്റ് ഗംഭീരമാക്കി , ബോറടിചില്ലാന്നു മാത്രമല്ല നന്നായിട്ടും ഉണ്ട്. ഞാനും ആദ്യമായിട്ട് നിയമസഭയില്‍ പോയത് പത്രക്കാരുടെ കൂടെ ആയിരുന്നു.. അവര്‍ ഭയന്കരന്മാര്‍ ആണല്ലോ...
അണ്ണാ തകര്‍പ്പന്‍, ഇനി എന്തേലും ആവശ്യം ഉണ്ടേല്‍ പറഞ്ഞാല്‍ മതിയെല്ലോ. പിന്നെ ചിത്രങ്ങള്‍ ഗംഭീരം
:)
നീണ്ട പോസ്റ്റ് ആണെങ്കിലും നല്ല രസകരമായിത്തന്നെ വായിച്ചു...
നല്ല പോസ്റ്റ്..
ഇനിയും,നിയമസഭാ റിപ്പോര്‍ട്ടിംഗിന് സാധിക്കട്ടെ..ശമ്പളം കൂടട്ടെ(ഞാന്‍ ജോലിയ്ക്ക് ജോയിന്‍ ചെയ്തപ്പോഴും എന്നും പ്രാര്‍ത്ഥന ആയിരുന്നു..ശമ്പളം കൂടണേ ന്നു).. .....കൂടെ പാടാം..കുട്ടനാടന്‍ "കുഞ്ചയിലെ"...
അയ്..ഗഡ്യേ...
കലക്കീണ്ട്..ട്ടാ
Post a Comment