Sunday, June 27, 2010

ബുദ്ധിജീവി

എനിക്കുമുണ്ട് പ്രണയിക്കാനും പാപം ചെയ്യാനുമുള്ള ആഗ്രഹം
എന്നിട്ടും ബുദ്ധിജീവിയെന്ന് വിളിച്ച് അവരെന്നെ മാറ്റി നിര്‍ത്തുന്നു
ഇതെന്ത് ജീവിയെന്നറിയാതെ ഞാനും..

Sunday, June 20, 2010

നിസ്സഹായര്‍

സി ഐ ദത്തനെ യൂണിഫോമിട്ട് കണ്ടാല്‍ പോലും ആരും പറയില്ല പോലീസാണെന്ന്. കൂടിപ്പോയാല്‍ സെക്രട്ടറിയേറ്റിലെ ഒരു അണ്ടര്‍ സെക്രട്ടറി അല്ലെങ്കില്‍ എക്‌സൈസ് വകുപ്പിലെ ഒരുദ്യോഗസ്ഥന്‍. അതും നീണ്ട മീശ പിരിച്ചു വച്ചാല്‍ മാത്രം. പക്ഷേ ദത്തന്‍ സാറിന്റെ ശബ്ദം ഈ സങ്കല്പത്തെയെല്ലാം മാറ്റി മറിക്കും. മുഴക്കമുള്ള, സുരേഷ്‌ഗോപി ചിത്രങ്ങളില്‍ മാത്രം കേട്ടിട്ടുള്ള ഗാംഭീര്യമുള്ള ഒരു പോലീസിന്റെ ശബ്ദം. ആ ശബ്ദത്തിലാണ് ദത്തന്‍ ഇപ്പോള്‍ ഡോ.നീതയെ ചോദ്യം ചെയ്യുന്നത്. വിയര്‍ത്തു കുളിച്ചിരുന്ന നീതക്ക് എന്തോ ദത്തന്റെ ശബ്ദം അസഹ്യമായിത്തോന്നി. അത് വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നുവെന്നതാണ് സത്യം.
''ആ കുട്ടിയുടെ മരണത്തിന് ഡോക്ടര്‍ ഉത്തരം പറഞ്ഞേ പറ്റൂ..''
ദത്തന്റെ മുഴക്കമുള്ള ശബ്ദം നീതയുടെ കണ്‍സള്‍ട്ടിംഗ് റൂമിലാകെ നിറഞ്ഞു. മേശമേലിരുന്ന കൂട്ടിലിരിക്കുന്ന തത്തയുടെ കൊച്ചുപ്രതിമയെ ദത്തന്‍ വെറുതെ കറക്കി. അതിനേക്കാളും വേഗത്തില്‍ ഫാന്‍ കറങ്ങുന്നു. എന്നിട്ടും നീത വിയര്‍ത്തു.
''ഞങ്ങളുടെ കയ്യില്‍ ഇവിടെ ഇങ്ങിനെയിരുന്ന് കളയാന്‍ ഒട്ടും സമയമില്ല, ഡോകടര്‍ സഹകരിച്ചില്ലെങ്കില്‍..'' ശബ്ദം ഭീഷണിയുടെ മൂര്‍ധന്യത്തിലെത്തി.
ദത്തനും നീതക്കുമിടയില്‍ ഫാനിന്റെ ശബ്ദം മാത്രം. തത്തക്കൂട് കറങ്ങുന്നത് പോലും നിശബ്ദമായാണ്.
''ഞാന്‍ പറയാം..'' നീതക്ക് എവിടെ നിന്നോ ധൈര്യം കിട്ടിയ പോലെ. മനസിലപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ മുഖം മാത്രം. പൊക്കം കുറഞ്ഞ, വെളുത്ത, ഇരുവശത്തും തുള്ളിച്ചാടുന്ന മുടിക്കെട്ടുള്ള, ഭംഗിയായി ചിരിക്കുന്ന, പാവാടയും ഷര്‍ട്ടുമിട്ട ഒരു പെണ്‍കുട്ടി.
ആകാശത്തെ കുത്താനെന്ന പോലെ നില്‍ക്കുന്ന ഒരു പേനത്തുമ്പ്. ആ വലിയകെട്ടിടത്തിന് മുകളില്‍ മീനാക്ഷി അതെന്നും കാണുന്നതാണ്. എന്നും അതിനപ്പുറത്തുള്ള റോഡില്‍ അവളെത്തുമ്പോള്‍ ട്രാഫിക്ക്‌ഐലന്റില്‍ ചുവന്ന വെളിച്ചം കത്തും. കാത്തിരുന്ന് പച്ച വെളിച്ചത്തിന്റെ ചുവട് പിടിച്ച് സീബ്രാലൈനിലൂടെ നടക്കുമ്പോള്‍ ഇരുവശത്തു നിന്നും തനിക്ക് നേരെ കുതിച്ചു വരാനൊരുങ്ങി നില്‍ക്കുന്ന പോലെ കുറേ വാഹനങ്ങള്‍ നില്പുണ്ടാവും. കണ്ണുമടച്ചാണ് പലപ്പോഴും റോഡ് ക്രോസ് ചെയ്യുക. റോഡിന് നടുവിലെത്തുമ്പോഴോ മറ്റോ ചുവപ്പ് സിഗ്നല്‍ വീണാല്‍ പെട്ടെന്നുയരുന്ന വണ്ടികളുടെ എന്‍ജിന്റെ മുരള്‍ച്ച എന്തോ അവള്‍ക്കിഷ്ടമല്ലായിരുന്നു. മുകളില്‍ പേനത്തുമ്പിരിക്കുന്ന കെട്ടിടത്തില്‍ നിന്നും നടക്കാവുന്ന ദൂരത്താണ് മീനുവിന്റെ ഫ്‌ളാറ്റ്. രണ്ട് ഹോട്ടലും ഒരു പിസാഹട്ടും ഒരു മരുന്ന് കടയും ഒന്നു രണ്ട് തട്ടുകടയും കഴിഞ്ഞാല്‍ ഒരു എട്ടുനില ഫ്‌ളാറ്റ്. അതിന്റെ നാലാം നിലയില്‍ മീനാക്ഷിയുടെയും അഛന്‍ ഗോപാല്‍ മേനോന്റെയും ഫ്‌ളാറ്റ്. അമ്മ മരിച്ചതില്‍ പിന്നെ മീനു ഏതാണ്ട് ഒറ്റക്കാണവിടെ. അഛന്‍ വല്ലാത്ത മദ്യപാനിയായി മാറിയിരിക്കുന്നു. സ്വന്തമായുള്ള അഡ്വര്‍ടൈസിംഗ് ഏജന്‍സി ആരെയോ ഏല്പിച്ചിരിക്കുകയാണ്. അതുകൊണ്ട് കമ്പനി ഇപ്പോഴും ലാഭത്തിലാണ്. പക്ഷേ, എന്ത് നന്നായി വരച്ചിരുന്ന അഛനാ? ഇപ്പോഴോ, തന്റെ പരീക്ഷാഉത്തരക്കടലാസില്‍ ഒപ്പിടുമ്പോള്‍ വരെ അഛന്റെ കൈവിറക്കുന്നു. അമ്മയുള്ളപ്പോള്‍ തന്റെ നോട്ട്ബുക്കില്‍ വരച്ചു തന്ന മിക്കിമൗസിന്റെയും ദിനോസറുകളുടെയുമെല്ലാം പടങ്ങള്‍ അതുകൊണ്ട് തന്നെ മീനു നോക്കാറില്ല, എന്തോ, സങ്കടം വരും.
''പപ്പാ, പിസ പറഞ്ഞിട്ടുണ്ട്‌ട്ടോ..'' പെട്ടെന്നെത്തിക്കാം..പിസാഹട്ടില്‍ നിന്നും ഗോപുചേട്ടനാണ് വിളിച്ച് പറഞ്ഞത്. അപ്പോള്‍ അഛന്‍ ഇന്നും രാത്രി വൈകും. അങ്ങിനെ വരുമ്പോളൊക്കെ പിസാഹട്ടില്‍ നിന്നാണ് തന്റെ ഭക്ഷണം. അജിനാമോട്ടോയുടെ മണമാണ് അഛനില്ലാത്ത രാത്രികള്‍ക്ക്..
പിസാഹട്ടിന് തൊട്ടപ്പുറത്താണ് ഫ്‌ളാറ്റ്. പരിസരത്തെങ്ങും ആരുമില്ല. സമയം സന്ധ്യയായി, ആരുണ്ടാവാനാ? എല്ലാവരും തിരക്കിലാവും. തനിക്കും തിരക്കില്ലേ! വെറുതെ കാര്‍പോര്‍ച്ചിനടുത്തേക്ക് നോക്കി. ഭാഗ്യം ആ വാച്ച് മേനെ കാണാനില്ല. ഇപ്പോ അടുത്തായിട്ട് അയാളുടെ നോട്ടം സഹിക്കാനാവുന്നില്ല. അയാള്‍ടെ മോള്‍ടെ മോള്‍ടെ പ്രായം ഉണ്ടാവും തനിക്ക്. എന്നിട്ടാണ്..പെട്ടെന്ന് പോര്‍ച്ചിന്റെ അങ്ങേയറ്റത്ത് നിന്ന് നിലത്തുരയുന്ന ഒരു മുളവടിയുടെ ശബ്ദം മീനു കേട്ടു. കോണ്‍ക്രീറ്റ് തറയില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് ആ കുഞ്ഞുചെരിപ്പുകള്‍ ലിഫ്റ്റിന് നേരെ പാഞ്ഞു. ലിഫ്റ്റിന്റെ അഴികളടക്കുമ്പോള്‍ അതിനിടയിലൂടെ ഒരു വെളിച്ചത്തിന്റെ പൊട്ട് കണ്ടു. പോര്‍ച്ചിലെ ഇരുട്ടില്‍ കത്തുന്ന ഒരു തീപ്പെട്ടിയുടെ വെളിച്ചം. അതിന്റെ പിറകില്‍ തീപ്പന്തം പോലെ ഒരു മുഖം. മീനു ലിഫ്റ്റിന്റെ ചുമരിലേക്ക് മുഖം ചേര്‍ത്തു, അത് മുകളിലേക്കുയര്‍ന്നു.
മുറിയിലെത്തി. ടൈ ഊരിമാറ്റി. കുളിക്കാനായി വെള്ളം ചൂടാക്കാന്‍ ഹീറ്റര്‍ ഓണാക്കിയപ്പോഴേക്കും കോളിംഗ്‌ബെല്‍ ശബ്ദിച്ചു. പിസാഹട്ടില്‍ നിന്നാവണം. മിക്ക ദിവസങ്ങളിലും ഈ സമയത്ത് അവിടെ നിന്ന് മാത്രമാണല്ലോ ആരെങ്കിലും വരിക. അല്ലേല്‍ പിന്നെ ഡോക്ടറാന്റിയാവണം. ആന്റി ഗൈനക്കോളജിസ്റ്റുമാരുടെ ദേശീയസെമിനാറിന് നോയ്ഡയിലും. നന്നായി വിശപ്പുണ്ടായിരുന്നു മീനുവിന്. പിസാഹട്ടിലെ ഗുഡ് ഈവനിംഗ് മേഡം എന്ന വിളി പ്രതീക്ഷിച്ച് വാതില്‍ തുറന്ന മീനുവിനെ പക്ഷേ കനത്ത ഒരു പ്രഹരമായിരുന്നു സ്വീകരിച്ചത്. അടിവയറ്റില്‍ കിട്ടിയ തള്ളലില്‍ അംമ്...എന്നൊരു ശബ്ദത്തോടെ ഹാളിലേക്കവള്‍ തെറിച്ച് വീണു. കൊടുങ്കാറ്റ് പോലെ അകത്തേക്കൊരാള്‍ പാഞ്ഞ് കയറി. ഇടിയുടെ ആഘാതത്തിലാവണം, മങ്ങിപ്പോയ കാഴ്ചയില്‍ ആ കൊമ്പന്‍മീശ അവള്‍ കണ്ടു. തൊണ്ടയില്‍ നിന്നും ശബ്ദമുയരുമ്പോഴേക്കും രണ്ട് വൃത്തികെട്ട മണമുള്ള വിരലുകള്‍ അവളുടെ വായിലേക്ക് കയറി. ഓക്കാനം വന്നു. കണ്ണുകള്‍ പുറത്തേക്ക് തള്ളി. ഒരു കൈ വായിലിരിക്കുമ്പോള്‍ തന്നെ മറ്റേ കൈ ആ കുഞ്ഞു ദേഹത്തെ വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ആരംഭിച്ചിരുന്നു. കരയാന്‍ പോലുമാവാതെ വായില്‍ നിറയുന്ന ചോര തുപ്പാന്‍ പോലുമാവാതെ മീനു കിതച്ചു. മര്യാദക്ക് ശ്വാസം വിടാന്‍ പോലും പറ്റുന്നില്ല. കനത്ത മുട്ടുകാലുകള്‍ അവളുടെ കാലുകള്‍ക്കിടയിലേക്ക് തിരുകിക്കയറ്റുമ്പോള്‍ എവിടെ നിന്നോ കിട്ടിയ ശക്തിയില്‍ മീനു അയാളുടെ കൈകളില്‍ കടിച്ചു. ഒരു നിമിഷം കൈ വലിച്ചെടുത്തെങ്കിലും വല്ലാത്തൊരു മുരള്‍ച്ചയോടെ അയാള്‍ കൈവീശിയടിച്ചു. ലോകം നിശബ്ദമായ പോലെ. എല്ലാം നിശ്ചലമായ പോലെ. ശബ്ദിക്കാന്‍ പോലുമാവാതെ കിടക്കാനേ മീനുവിനായുള്ളൂ. അതിനിടയില്‍ അയാള്‍ തന്നെയെന്തൊക്കെ ചെയ്തുവെന്ന് പോലും അവള്‍ക്ക് മനസിലായില്ല. മൂക്കിലേക്ക് വൃത്തി കെട്ട ഒരു ദുര്‍ഗന്ധം വന്നപ്പോഴാണ് ബോധമണ്ഡലത്തിലേക്ക് പിന്നെ തിരിച്ചെത്തുന്നത്. തുറന്ന കണ്മുന്നിക്കെത്തിയത് ഒരു കാവി നിറമുള്ള പാന്റിന്റെ സിബ്ബിനുള്ളിലെ തുറന്ന ഇരുട്ടിലേക്ക്..മൂത്രവും വിയര്‍പ്പും കൂടിക്കലര്‍ന്ന അസഹ്യമായ ഗന്ധം. കുടല്‍മാല ഇളകിവന്ന പോലെ മീനു ഛര്‍ദ്ദിച്ചു. കൊഴുത്ത ദ്രാവകത്തിനും ചോരക്കുമൊപ്പം എന്തൊക്കെയോ പുറത്ത് വന്നു. ആ മണം അടുത്തത് വരികയാണ്. പെട്ടെന്ന് എന്തോ പ്രേരണയാല്‍ അയാളെ തള്ളിമാറ്റി മീനു ബാത്ത്‌റൂമിലേക്കോടി. പിന്നാലെയെത്തിയ പാദപതനങ്ങള്‍ക്ക് നേരെ അവള്‍ വാതില്‍ വലിച്ചടച്ചു. നിലത്താകെ ചോര പടരുന്നു. തനിക്കെന്താണ് സംഭവിച്ചത്. ദേഹമാസകലം വേദന. പുറത്തൊരു ചെകുത്താന്റെ കിതപ്പ്.
''മര്യാദക്ക് തുറക്കുന്നതാ നിനക്ക് നല്ലത്. അല്ലേല്‍, ദാ ഈ മൊബൈലിലെ കാഴ്ചകള് ലോകം മുഴുവന്‍ കാണും..''
ആ ശബ്ദം അവിടമാകെ മുഴങ്ങുന്ന പോലെ തോന്നി. കാലുകളിലേക്കിറങ്ങുന്ന ചോരയുടെ കൊഴുപ്പ് കൂടി. അവള്‍ തളര്‍ന്ന് നിലത്തിരുന്നു. ഒരു വാതില്‍ മറയുടെ, ഒരു നിശ്വാസത്തിന്റെ ദൂരത്തില്‍ അയാളിരിക്കുന്നത് മീനു മനസ്സില്‍ കണ്ടു. അയാള്‍ തന്നെ ഒരു മൊബൈലും ഉയര്‍ത്തിക്കാണിച്ച് ഭീഷണിപ്പെടുത്തുകയാണ്. അയാള്‍ ഉറക്കെയുറക്കെ വാതിലില്‍ ഇടിക്കുന്നു..
''പോടാ, പോടാ നായേ...''കരച്ചിലിനിടയില്‍ വീണ്ടും വീണ്ടും മീനുവില്‍ നിന്നും വാക്കുകള്‍ ചിതറി വീണു. ''പോ..പോയ്‌ക്കോ...'' നിലത്ത് പരന്ന ചോരയില്‍ കാല്‍ വഴുതി മീനു നിലത്തൂര്‍ന്നു വീണു. കാണെക്കാണെ ഏതോ കാലടി ശബ്ദം അകന്നു പോകുന്നത് കേട്ടു. ബാത്ത്‌റൂമില്‍ വെള്ളം വീഴുന്നത് കേട്ടാവണം. ''പിസ ഇവിടെ വച്ചിട്ടുണ്ട് മേഡം'' എന്ന ശബ്ദം വന്നത് കേട്ടു. പിന്നെയൊന്നും കേട്ടില്ല. കേള്‍ക്കാനായില്ല..ഹീറ്ററിട്ട വെള്ളം തിളച്ച് മറിയാറായിരുന്നു...
(തുടരും..)