Monday, November 17, 2008

അമേരിക്ക വിളിച്ചുവരുത്തിയ സാമ്പത്തിക പ്രതിസന്ധി


അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ലോകത്തിന്റെ മുക്കിലും മൂലയിലേക്കും വ്യാപിക്കുകയാണ്‌. യു എസില്‍ ബില്ല്യണ്‍ കണക്കിന്‌ ഡോളറുകള്‍ നിക്ഷേപകര്‍ക്ക്‌ നഷ്‌ടപ്പെട്ടിരിക്കുന്നു,ബാങ്കുകള്‍ തകര്‍ന്നടിഞ്ഞു, ഒരു മില്ല്യണോളം പേര്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെട്ട്‌ തൊഴിലില്ലായ്‌മാ നിരക്ക്‌ ഏറ്റവും ഉയര്‍ന്ന ഏഴു ശതമാനത്തിലെത്തിയിരിക്കുന്നു. ഇത്‌ പ്രതീക്ഷിച്ചതാണെന്നതാണ്‌ സാമ്പത്തികവിദഗ്‌ദരുടെ മതം. എന്നാല്‍ എന്തായിരിക്കാം ഇത്തരമൊരു പ്രതിസന്ധിക്ക്‌ കാരണം? ഇക്കഴിഞ്ഞ സെപ്‌തംബര്‍ മധ്യത്തിലായിരുന്നു പ്രതിസന്ധിയുടെ സൂചനകള്‍ നല്‍കിക്കൊണ്ട്‌ യു എസിലെ നാലാമത്തെ വലിയ നിക്ഷേപബാങ്കായ ലീമാന്‍ ബ്രദേഴ്‌സ്‌ പാപ്പര്‍ ഹര്‍ജി നല്‍കിയത്‌. തൊട്ടുപിറകേ മറ്റ്‌ വന്‍കിട ബാങ്കുകളും തകര്‍ച്ചയിലേക്ക്‌ കൂപ്പുകുത്തി. ഒപ്പം കനത്ത നിക്ഷേപം കണ്ട്‌ കണ്ണു മഞ്ഞളിച്ച്‌ ബാങ്കുകള്‍ക്ക്‌ പരിരക്ഷ ഉറപ്പു വരുത്തിയ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്‌ (എ ഐ ജി) അടക്കമുള്ള വമ്പന്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളും.
ഒരു വിഭാഗം വാദിക്കുന്നത്‌ 1970നു ശേഷമാണ്‌ ഏതെങ്കിലും തരത്തിലുള്ള ഒരു സാമ്പത്തിക പ്രതിസന്ധി യു എസില്‍ ഉണ്ടാവന്നതെന്നാണ്‌. അതിനു മുമ്പ്‌ നല്ല രീതിയില്‍ നിയന്ത്രിക്കപ്പെട്ട,ശകതമായ ഒരു സാമ്പത്തിക വ്യവസ്ഥയാണ്‌ രാജ്യത്തുണ്ടായിരുന്നത്‌. അവിടെ ബാങ്കുകള്‍ക്കായിരുന്നു മുന്‍തൂക്കം. നിക്ഷേപനിരക്കുകള്‍ നിയന്ത്രിക്കപ്പെടുകയും ചെറിയതും ഇടത്തരവുമായ നിക്ഷേപങ്ങള്‍ക്ക്‌ ഗാരന്റി ഉറപ്പു വരുത്തുകയും ചെയ്‌തിരുന്നു. ഈട്‌ വച്ചുള്ള വ്യാപാരത്തില്‍ നിന്നും ഇന്‍ഷുറന്‍സില്‍ നിന്നും അകന്നു നില്‍ക്കുന്ന നയമായിരുന്നു ബാങ്കുകള്‍ പിന്‍തുടര്‍ന്നു പോന്നത്‌. നിക്ഷേപ നിരക്കും വായ്‌പാനിരക്കും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയായിരുന്നു അക്കാലത്ത്‌ ബാങ്കിന്റെ ലാഭം നിശ്ചയിച്ചിരുന്നത്‌. കൃത്യമായി പറഞ്ഞാല്‍ ഭവനവായ്‌പകളും ബിസിനസ്സ്‌ വായ്‌പകളും വഴി ബാങ്കിനു ലഭിച്ചിരുന്ന ലാഭവും ഈടും അവിടെ സുരക്ഷിതമായിരുന്നു. ശമ്പളനിരക്ക്‌ വര്‍ധിക്കുകയും ഉല്‌പാദനവും ഉല്‌പന്ന വിലയും താഴാനും തുടങ്ങിയതോടെ പ്രതിസന്ധിയുടെ ആദ്യ സൂചനകള്‍ നല്‍കിക്കൊണ്ട്‌ നാണയപ്പെരുപ്പം രാജ്യത്ത്‌ തലയുയര്‍ത്തി. ഇതോടെ ബാങ്കിംഗ്‌ രംഗത്തിനു പുറത്ത്‌ പലിശനിരക്കുകള്‍ വര്‍ധിക്കുകയും നിക്ഷേപകര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാനും ആരംഭിച്ചു. ഈയവസരം മുതലെടുത്താണ്‌ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി നോണ്‍-ബാങ്കിംഗ്‌ സാമ്പത്തികസ്ഥാപനങ്ങള്‍ വലവീശാന്‍ ആരംഭിച്ചത്‌. പ്രശ്‌നം രൂക്ഷമാകുന്ന സ്ഥിതിയായപ്പോള്‍ നിലവിലെ നിയന്ത്രണങ്ങളെ അട്ടിമറിച്ചു കൊണ്ട്‌ പ്രവര്‍ത്തിക്കാനും ഡീറെഗുലേഷന്‍ ( പുനര്‍നിയന്ത്രണം) സംവിധാനം കൊണ്ടുവരാന്‍ ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെടാനും ബാങ്കുകള്‍ നിര്‍ബന്ധിതരായി. ഇതോടെ അത്രയും നാള്‍ നിലനിന്നിരുന്ന യു എസിന്റെ സുസ്ഥിരമായ സാമ്പത്തികവ്യവസ്ഥ തകരുന്നതിന്റെ അടിത്തറ പൂര്‍ത്തിയാവുകയായിരുന്നു. മാത്രവുമല്ല ബാങ്കുകള്‍ പൊതുജനത്തിന്റെ നിക്ഷേപങ്ങളെ മറന്ന്‌ അതു വരെയില്ലാതിരുന്ന ഈടുവച്ചുള്ള കച്ചവട ബാങ്കിംഗിലേക്കും (merchant banking) ഇന്‍ഷുറന്‍സ്‌ രംഗത്തേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുമാരംഭിച്ചു.
സബ്‌ പ്രൈം പ്രതിസന്ധി
മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ ഭവന വായ്‌പാരംഗത്തുണ്ടാക്കിയ കുതിച്ചുചാട്ടമാണ്‌ സബ്‌പ്രൈം പ്രതിസന്ധിയിലേക്ക്‌ വഴി തെളിച്ചത്‌. 2002 തുടക്കം മുതല്‍ 2005 പകുതി വരെ യു എസ്‌ ഫെഡറല്‍ റിസര്‍വിന്റെ (ഇന്ത്യയിലെ റിസര്‍വ്വ്‌ ബാങ്കിനു തുല്യമായ അമേരിക്കന്‍ സ്ഥാപനം) ഫെഡെറല്‍ ഫണ്ട്‌ നിരക്കുകള്‍ നാണയപ്പെരുപ്പവുമായി തട്ടിച്ച്‌ നോക്കുമ്പോള്‍ നെഗറ്റീവായിരുന്നു ഫലം. അമേരിക്കയിലെ പുത്തന്‍ സാമ്പത്തിക നയത്തിന്റെ പ്രതിഫലനമായിരുന്നു അത്‌. കൂടാതെ 2003 മധ്യത്തോടെ ഫെഡെറല്‍ ഫണ്ട്‌ നിരക്കുകള്‍ ഒരു ശതമാനമായി കുറയുകയും ഒരു കൊല്ലത്തിലധികം അത്‌ തുടരുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ കൂടിയ പലിശ നിരക്കിലാണെങ്കിലും ഈടോ തിരിച്ചടവ്‌ ശേഷി കണക്കാക്കുന്ന രേഖകളോ നല്‍കാതെ ബാങ്കുകളില്‍ നിന്നും പണം ലഭ്യമായിത്തുടങ്ങി. ഇതോടെ സ്ഥല വില്‍പ്പന-ഭവനനിര്‍മ്മാണ രംഗം ഒരു വന്‍ കുതിച്ചുചാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയും ആ മേഖലയില്‍
കൂടുതല്‍ നിക്ഷേപങ്ങളുണ്ടാകാവുന്ന വിധത്തില്‍ റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌ നാണയപ്പെരുപ്പമുണ്ടാവുകയും ചെയ്‌തു. 2001 മുതല്‍ 2007 അവസാനം വരെ ഭവന-വ്യവസായ രംഗത്തെ റിയല്‍ എസ്റ്റേറ്റ്‌ മൂല്യം 14.5 ട്രില്ല്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഇത്‌ തുടരുമെന്നു തന്നെയാണ്‌ ഭൂരിപക്ഷം വരുന്ന യു എസ്‌ ജനതയും വിശ്വസിച്ചിരുന്നത്‌. ആ വിശ്വാസം മുതലെടുത്ത്‌ അമേരിക്കന്‍ സാമ്പത്തികവ്യവസ്ഥയിലെ ദല്ലാളന്മാര്‍ മോഹിപ്പിക്കുന്ന വാഗ്‌ദാനങ്ങള്‍ നല്‍കി കൂടുതല്‍ പേരെ വായ്‌പയെടുക്കാന്‍ ആകര്‍ഷിച്ചു കൊണ്ടിരുന്നു. തങ്ങള്‍ നല്‍കുന്ന പണം തിരിച്ചു കിട്ടുമെന്നും അഥവാ കിട്ടിയില്ലെങ്കില്‍ നിര്‍മ്മിച്ച വീട്‌ ജപ്‌തി ചെയ്‌ത്‌ ഏറ്റെടുത്താല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊടുത്തതിന്റെ ഇരട്ടി തിരിച്ചെടുക്കാമെന്നും സാമ്പത്തിക സ്ഥാപനങ്ങള്‍ കരുതി. അടിസ്ഥാനനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഇപ്രകാരം വാരിക്കോരി കൊടുത്ത വായ്‌പയെയാണ്‌ സബ്‌ പ്രൈം വായ്‌പകളെന്നു പറയു ന്നത്‌. ഇന്ത്യയിലെ പോലെ ഈ വായ്‌പയെടുക്കാന്‍ ഈടോ തിരിച്ചടവുശേഷി തെളിയിക്കുന്ന രേഖകളോ യു എസില്‍ ആവശ്യമുണ്ടായിരുന്നില്ല. ഒന്നര പതീറ്റാണ്ടായി ഈയൊരു രീതിയായിരുന്നു തുടര്‍ന്നു വന്നിരുന്നത്‌. പണയ ആസ്‌തികളായ ഭൂമിക്കും വീടുകള്‍ക്കും വില കുറയില്ലെന്ന വിശ്വാസവും ബലപ്പെട്ടു. അതോടെ 2001-ല്‍ അഞ്ച്‌ ശതമാനം ഉണ്ടായിരുന്ന വായ്‌പയെടുക്കലിന്റെ നിരക്ക്‌ 2007-ല്‍ 20 ശതമാനം കൂടുതലായുയര്‍ന്നു. ഉയര്‍ന്ന പലിശക്കെടുത്ത ഈ വായ്‌പകള്‍ തിരിച്ചടക്കാമെന്ന അമിത പ്രതീക്ഷയും,തിരിച്ചടവിനെ കുറിച്ച്‌ കൃത്യമായി ബോധവത്‌ക്കരണം നടത്താത്തതും ഇപ്രകാരം വായ്‌പയെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധവുണ്ടാക്കി. ഇതിനിടയില്‍ ദല്ലാളന്മാരും കൃത്യമായി കളിച്ചു.ഭവന-സ്ഥല വില്‍പ്പന ഉയര്‍ത്തുന്നവിധത്തില്‍ ഊഹക്കച്ചവടം ശക്തമായി. വസ്‌തുവില ഭാവിയില്‍ ഉയരുമെന്ന ഊഹത്തില്‍ നടന്ന കച്ചവടങ്ങള്‍ ആര്‍ക്കും താങ്ങാന്‍ പറ്റാത്തത്ര വിലക്കൂടുതലുള്ള അവസ്ഥയിലേക്ക്‌ റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ എത്തിച്ചു. എന്നാല്‍ ഇതിനോടകം തന്നെ റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ ഈ അഭൂതപൂര്‍ണ്ണമായ വളര്‍ച്ച കണ്ട്‌ കണ്ണു മഞ്ഞളിച്ച പുറം രാജ്യങ്ങളും ഇന്‍വെസ്റ്റ്‌മെന്റ്‌ കമ്പനികളും അമേരിക്കന്‍ ബാങ്കുകള്‍ക്കായി പണം നല്‍കാന്‍ മത്സരിച്ചു മുന്നോട്ടു വന്നിരുന്നു. ഒപ്പം ഈ ബാങ്കുകള്‍ക്കുള്ള ഇന്‍ഷുറന്‍സ്‌ പരിരക്ഷാപാക്കേജുകളുമായി അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്‌ പോലുള്ള ഇന്‍ഷുറന്‍സ്‌ കമ്പനികളും രംഗത്തെത്തി.
യഥാര്‍ത്ഥത്തില്‍ ലീമാന്‍ ബ്രദേഴ്‌സിന്‌ ഇത്തരം സബ്‌പ്രൈം വായ്‌പകള്‍ ഒരു അനുഗ്രഹമായിരുന്നു. കമ്പനി നടത്തിയ ചില വഴി വിട്ട കളികളും പ്രതിസന്ധിക്ക്‌ വഴിയൊരുക്കിക്കൊടുത്തു. അതധികമാരും അറിഞ്ഞില്ലെന്നു മാത്രം. അമേരിക്കന്‍ ബോണ്ടുകളാണ്‌ ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന വിശ്വാസത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിക്ഷേപം നടത്തിയിട്ടുള്ളവര്‍ ലക്ഷക്കണക്കിനാണ്‌. അതില്‍ ജപ്പാനിലെ പെന്‍ഷന്‍ ഫണ്ടുകള്‍ മുതല്‍ ഫിന്‍ലന്റിലെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ വരെ ഉള്‍പ്പെടുന്നു. എന്നാല്‍ 9/11ലെ ഭീകരാക്രമണത്തിനു ശേഷം നേരിട്ട സാമ്പത്തികരംഗത്തെ തളര്‍ച്ചയില്‍ നിന്നും രാജ്യത്തെ കര കയറ്റുന്നതിനായി ഫെഡറല്‍ റിസര്‍വ്‌ ബാങ്കിന്റെ തലവനായിരുന്ന അലക്‌ ക്രീന്‍സ്‌പാന്‍ പലിശനിരക്കുകള്‍ ഒരു ശതമാനത്തോളം കുറച്ചു. അതോടെ കൂടുതല്‍ ലാഭം കിട്ടുന്ന മറ്റൊരു നിക്ഷേപരംഗം തേടാന്‍ ഫണ്ടുടമകള്‍ നിര്‍ബന്ധിതരായി. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഭവന വായ്‌പാരംഗത്ത്‌ ചുവടുറപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. ഈ രംഗത്ത്‌ പലിശ നിരക്ക്‌ 4-6 ശതമാനം വരെയായിരുന്നു എന്നതായിരുന്നു ഈ ചുവടുമാറ്റത്തിന്‌ കാരണം. ലീമാനുള്‍പ്പെടെയുള്ള നിക്ഷേപക സ്ഥാപനങ്ങള്‍ ഇവിടെയാണ്‌ തങ്ങളുടെ തന്ത്രം പുറത്തെടുത്തത്‌.

അമേരിക്കന്‍ വായ്‌പകള്‍ക്ക്‌ ആവശ്യക്കാരേറിയതോടെ ലീമാന്‍ ബ്രദേഴ്‌സ്‌ നിക്ഷേപകര്‍ക്കായി ഒരു പ്രത്യേക വിഭാഗമാരംഭിച്ചു. ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന ഭവനവായ്‌പകള്‍ വാങ്ങി സി ഡി ഒ ( C D O-Collateralised Debt Organisations) കളാക്കി മാറ്റുകയായിരുന്നു ഈ വിഭാഗത്തിന്റെ ചുമതല. വായ്‌പകളെ ,ചെറുതായി വിഭജിച്ച്‌ പലിശ നിരക്ക്‌, മൂല്ല്യം, പട്ടയം (വായ്‌പകളുടെ കാലാവധി) എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ പാക്കേജുകളാക്കി മാറ്റി ആകര്‍ഷകമായ പേരുകള്‍ നല്‍കി ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക്‌ വില്‍ക്കുന്നതിനെയാണ്‌ സി ഡി ഒ എന്ന്‌ വിളിക്കുന്നത്‌. സി ഡി ഒ വാങ്ങുന്ന നിക്ഷേപകര്‍ക്ക്‌ ഭവനവായ്‌പയെടുത്ത വ്യക്തി മാസം തോറും അടക്കുന്ന ഇ എം ഐ (തിരിച്ചടക്കുന്ന പണം) യുടെ ഒരു പങ്ക്‌ ലീമാന്‍ ബ്രദേഴ്‌സ്‌ വഴി ലഭ്യമാകും. ബാങ്കുകള്‍ ലീമാന്‌ ചെക്കായി അയച്ചുകൊടുക്കുന്നതാണീ പണം. ഈ അസാന്മാര്‍ഗിക കൂട്ടുകെട്ടിലൂടെ കോടിക്കണക്കിന്‌ ഡോളറാണ്‌ ലീമാന്‌ കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചിരുന്നത്‌. ഇത്‌ കൂടാതെ കൂടുതല്‍ പേര്‍ക്ക്‌ വായ്‌പ നല്‍കാനുള്ള പണം വിവിധ ബാങ്കുകള്‍ക്ക്‌ ലീമാന്‍ മുന്‍കൂറായും നല്‍കിപ്പോന്നു. മാസം തോറും മുടക്കു മുതലിനേക്കാള്‍ കൂടുതല്‍ പണം കിട്ടുന്ന ഈ ഇടപാട്‌ ബാങ്കുകള്‍ക്കും ലാഭകരമായിരുന്നു. നേരത്തേയുള്ള രീതിയാണെങ്കില്‍ കൊടുക്കുന്ന വായ്‌പയും ലാഭവും തിരിച്ചു പിടിക്കാന്‍ 20-30 വര്‍ഷങ്ങള്‍ വേണ്ടി വന്നിരുന്നു. ഈ രീതി വന്നതോടെ യു എസ്‌ ഗവണ്‍മെന്റ്‌ ബോണ്ടിന്റെ അതേ വിശ്വാസ്യത ഭവനവായ്‌പകള്‍ക്കും ലഭ്യമായി. എന്നാല്‍ വായ്‌പയെടുത്തവര്‍ പണം തിരിച്ചടക്കാതിരുന്നാല്‍ പൊട്ടുന്ന ഒരു കുമിളയുടെ അവസ്ഥയിലേക്ക്‌ അതിനോടകം തന്നെ സ്ഥല-ഭവന മേഖല എത്തിച്ചേര്‍ന്നിരുന്നു. അത്തരത്തില്‍ ജനങ്ങളുടെ തിരിച്ചടവ്‌ ശേഷി നഷ്‌ടമാകുന്ന രീതി വിരളമാണെന്നും വന്നാല്‍ത്തന്നെ മേഖലക്ക്‌ ഭീഷണിയില്ലാത്ത വിധം 2-3 ഓ ശതമാനമായിരിക്കുമെന്നും ബ്രോക്കര്‍മാരുടെ അവസരോചിത ഇടപെടലിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാന്‍ ലീമാനും മറ്റും എളുപ്പം സാധിച്ചു. അതു പോലെത്തന്നെ ക്രെഡിറ്റ്‌ ഡീഫോള്‍ട്ട്‌ സ്വാപ്‌സ്‌ എന്ന പേരിലും മറ്റും ഇന്‍ഷുറന്‍സ്‌ പരിരക്ഷ വാഗ്‌ദാനം ചെയ്‌ത എ ഐ ജി യുടെ സാന്നിധ്യവും നിക്ഷേപകര്‍ക്ക്‌ ആശ്വാസം പകര്‍ന്നു. ഭവന വായ്‌പാരംഗം കുതിച്ചുയര്‍ന്നപ്പോള്‍ സി ഡി ഒ ക്ക്‌ ആവശ്യക്കാരേറി. പതുക്കെ ലീമാന്‍ ബ്രദേഴ്‌സും തങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം ഈ രംഗത്തേക്കിറക്കാന്‍ ആരംഭിച്ചു. യഥാര്‍ത്ഥത്തില്‍ ഭവന വായ്‌പകള്‍ എടുത്ത താഴെത്തട്ടിലുള്ളവരെ മറന്നായിരുന്നു ഈ കളികളെല്ലാം. അവര്‍ വായ്‌പ തിരിച്ചടച്ചില്ലെങ്കില്‍ തകരുന്നതാണ്‌ നിലവിലെ വളര്‍ച്ചയെന്ന്‌ പലരും സൗകര്യപൂര്‍വ്വം മറന്നു,അല്ലെങ്കില്‍ ലീമാനെപ്പോലുള്ള ഭീമന്മാര്‍ അവരെ ഓര്‍മ്മിപ്പിച്ചില്ല. ഒരു കമ്പനിയുടെ ഷെയറാണെന്ന മട്ടില്‍ ഇത്തരത്തില്‍ സി ഡി ഒ കള്‍ക്കും ഇന്‍ഷുറന്‍സ്‌ പരിരക്ഷ എന്ന നിലയില്‍ ക്രെഡിറ്റ്‌ ഡീഫോള്‍ട്ട്‌ സ്വാപ്‌സുകള്‍ക്കും ആവശ്യക്കാരേറിയതോടെ തിരിച്ചടവുശേഷിയില്‍ വന്‍ ഇളവുകള്‍ നല്‍കി വായ്‌പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറായി. ഇതിനായി അവര്‍ ഏജന്റുമാരെയും ഏര്‍പ്പെടുത്തി.
2005 ആയപ്പോഴേക്കും വരുമാനത്തിന്റെയോ സ്വത്തിന്റെയോ രേഖകളോ, എന്തിന്‌ ഒരു ജോലി പോലുമില്ലാത്ത ഒരാള്‍ക്ക്‌ 45 ലക്ഷം ഇന്ത്യന്‍ രൂപയുണ്ടെങ്കില്‍ അമേരിക്കയില്‍ വീടു കിട്ടുമെന്നായി. നിന (No Income No Assets) എന്ന ഓമനപ്പേരിലായിരുന്നു ഈ വായ്‌പകള്‍ നല്‍കിയിരുന്നത്‌. വായ്‌പക്ക്‌ ആവശ്യക്കാരേറിയതോടെ വീടുകളുടെ വിലയും കുതിച്ചുയര്‍ന്നു. ഒപ്പം റിയല്‍എസ്റ്റേറ്റ്‌ രംഗം നിക്ഷേപമായി കണക്കാക്കി നിക്ഷേപകര്‍ പണമിറക്കാനും തുടങ്ങി. ഇതൊരു വശത്തു കൂടി നടക്കുമ്പോള്‍ തന്നെ വിപണിയില്‍ ഉല്‌പാദനം കുറയുകയും അവശ്യസാധനങ്ങള്‍ക്ക്‌ വില കുതിച്ചുകയറുകയുമായിരുന്നു. താമസിക്കാന്‍ വലിയ വീടുണ്ട്‌ എന്നാല്‍ തിന്നാനും കുടിക്കാനും ഒന്നുമില്ലാത്ത അവസ്ഥ. അന്താരാഷ്‌ട്ര വിപണിയില്‍ വിലയിടിഞ്ഞതില്‍ ഏറ്റവും പ്രധാനം എണ്ണ തന്നെയായിരുന്നു. വിവിധ ഉപരോധങ്ങളിലൂടെയും യുദ്ധത്തിലൂടെയും ഇറാഖിനെ സമ്മര്‍ദ്ദത്തിലാക്കിയ അമേരിക്കന്‍ തന്ത്രം തന്നെയാണ്‌ തിരിച്ചടിച്ചത്‌. ഇറാഖിന്റെ എണ്ണ ഉല്‌പാദനം പ്രതിദിനം 29 ദശലക്ഷം വീപ്പയില്‍ നിന്നും 2005-ഓടെ 17 ദശലക്ഷം ടണ്ണായി ഇടിഞ്ഞു. ഇതോടൊപ്പം അഫ്‌ഗാന്‍-ഇറാഖ്‌ യുദ്ധവും റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ ഊഹക്കച്ചവടവും കൂടിയായതോടെ രാജ്യം വന്‍ വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്നു. ഒപ്പം 2004-06 കാലയളവില്‍ വായ്‌പകളുടെ പലിശനിരക്ക്‌ പലമടങ്ങ്‌ വര്‍ധിച്ചു,സ്വാഭാവികമായി തിരിച്ചടക്കേണ്ട വായ്‌പാനിരക്കും കൂടാന്‍ തുടങ്ങി. പലരും വായ്‌പകളെടുത്ത്‌ ആദ്യഗഡു പോലും അടച്ചിരുന്നില്ല, ലാഭക്കൊതികൊണ്ട്‌ കാഴ്‌ച മറഞ്ഞ ആരും ഈ സാഹചര്യം കണക്കിലെടുത്തില്ലെന്നതാണ്‌ സത്യം. ആരു വായ്‌പ തിരിച്ചടക്കാതായതോടെ വിപണിയിലേക്ക്‌ ധാരാളം വീടുകള്‍ വില്‍പ്പനക്കെത്തി. എന്നാല്‍ കീശ കാലിയായിരിക്കുന്ന അവസ്ഥയില്‍ വാങ്ങാനായി ആരുമുണ്ടായില്ല. അങ്ങനെ 2007 തുടക്കത്തില്‍ വീടുകളുടെ വില വന്‍തോതില്‍ ഇടിഞ്ഞു. എങ്ങനെയെങ്കിലും കുറച്ച്‌ പണം കിട്ടിയാല്‍ മതിയെന്ന അവസ്ഥയില്‍ ഉടമകള്‍ വീടിന്റെ വില കുറച്ചുകൊണ്ടേയിരുന്നു. നിക്ഷേപകര്‍ക്ക്‌ പണവും കിട്ടാതായി. ഇതോടെ പ്രാദേശിക ബാങ്കുകളില്‍ നിന്നും വായ്‌പകളെടുക്കുന്നത്‌ വാള്‍സ്‌ട്രീറ്റ്‌ കമ്പനികള്‍ നിര്‍ത്താനാരംഭിച്ചു.ലീമാന്‍ ബ്രദേഴ്‌സിനും മറ്റും നല്‍കി വന്‍ ലാഭമുണ്ടാക്കാമെന്ന്‌ സ്വപ്‌നം കണ്ട്‌ വന്‍കിടബാങ്കുകളില്‍ നിന്ന്‌ ആവശ്യക്കാര്‍ക്ക്‌ നല്‍കാനെന്നു പറഞ്ഞ്‌ വായ്‌പകളെടുത്ത പ്രാദേശിക ബാങ്കുകളുടെയും മറ്റ്‌ സാമ്പത്തികസ്ഥാപനങ്ങളുടെയും തകര്‍ച്ച അവിടെ നിന്നാരംഭിക്കുകയായിരുന്നു. എന്നാല്‍ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ രക്ഷാപാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്ന അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പെന്ന ഇന്‍ഷുറന്‍സ്‌ കമ്പനി പോലും ഇത്തരമൊരു തകര്‍ച്ച മുന്‍കൂട്ടി കണ്ടിരുന്നില്ല. മാത്രവുമല്ല ധാരാളം പണം അവരും ഓഹരിവിപണിയില്‍ ഇറക്കിയിരുന്നു. അതുകൊണ്ട്‌ തന്നെ പെട്ടെന്നുണ്ടായ ഈ വിലത്തകര്‍ച്ച ഇന്‍ഷുറന്‍സ്‌ കമ്പനികളേയും കാലതാമസമില്ലാതെ പാപ്പരാക്കി. ലാഭം മാത്രം ലക്ഷ്യമിട്ടിട്ടുള്ള, മൂലധന വ്യവസ്ഥയില്‍ അധിഷ്‌ഠിതമായ അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെ അനുകൂലിക്കുകയും അതിന്റെ നയങ്ങള്‍ പിന്‍തുടരുകയും ചെയ്‌ത രാജ്യങ്ങളിലേക്ക്‌ പ്രതിസന്ധിയുടെ വേരുകള്‍ വളരെ പെട്ടെന്നു തന്നെ ആഴ്‌ന്നിറങ്ങി ശ്വാസം മുട്ടിക്കാനും തുടങ്ങി. ഇനിയും പിടിച്ചു നിര്‍ത്താനാകാത്ത വിധം അത്‌ തുടരുകയുമാണ്‌.
ആരെയാണ്‌ പഴിക്കേണ്ടത്‌?
700 മില്ല്യണ്‍ ഡോളറിന്റെ രക്ഷാപാക്കേജാണ്‌ ബാങ്കുകള്‍ക്ക്‌ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടാനായി അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കുന്നത്‌. സാധാരണക്കാരനില്‍ നിന്നും പിരിച്ചെടുത്ത
നികുതിപ്പണമാണിതെന്നോര്‍ക്കണം. നവയുഗ
ബാങ്കുകള്‍ മാത്രമല്ല 100 വര്‍ഷത്തിലധികം പാരമ്പര്യമുള്ള സാമ്പത്തികസ്ഥാപനങ്ങളും സര്‍ക്കാരിന്റെ കൈയില്‍ നിന്ന്‌ പത്തുപൈസ പോലും സഹായം കിട്ടാതെ പാപ്പരായി അകാലചരമമടഞ്ഞു. സാമ്പത്തികസുരക്ഷിതത്വം ഉറപ്പുവരുത്താനാണ്‌ ഈ പണം നല്‍കുന്നതെന്ന്‌ പറയുന്നു. യഥാര്‍ത്ഥത്തില്‍ ആരാണ്‌ ഈ അരക്ഷിതാവസ്ഥയുണ്ടാക്കിയത്‌. യു എസ്‌ സര്‍ക്കാരും ബാങ്കുകളും കുറ്റപ്പെടുത്തുന്നത്‌ വായ്‌പയെടുത്ത്‌ തിരിച്ചടക്കാത്തവരെയാണ്‌. അവര്‍ കുറ്റക്കാരാണ്‌,എന്നാല്‍ അതിന്റെ ഇരട്ടിയായി കുറ്റപത്രം ചുമത്തപ്പെടുക വായ്‌പകളെ രൂപമാറ്റം നടത്തി ലാഭം മാത്രം ലക്ഷ്യമിട്ട്‌ വിപണിയില്‍ കള്ളക്കളി നടത്തിയ ലീമാന്‍ ബ്രദേഴ്‌സിലെപ്പോലെയുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ മേലാണ്‌. അങ്ങനെ വരുമ്പോള്‍ യു എസ്‌ സര്‍ക്കാരിന്റെ 700 മില്ല്യണ്‍ ഡോളര്‍ രക്ഷാപാക്കേജ്‌ ധനകാര്യസ്ഥാപനങ്ങളുടെ വിഢിത്തം നിറഞ്ഞ നടപടികള്‍ക്കും അത്യാര്‍ത്തിക്കുമുള്ള അംഗീകാരമായി മാറുകയാണ്‌. സാമ്പത്തിക മാന്ദ്യക്കൊടുങ്കാറ്റില്‍പ്പെട്ട്‌ വിവിധരാജ്യങ്ങളിലെ ഓഹരിവിപണികളും ആഗോള വിപണിയും ഐ ടി ,ടൂറിസം മേഖലകളും കയറ്റുമതി ഇറക്കുമതി രംഗങ്ങളുമടക്കം തകരുമ്പോള്‍ ഒരു ചോദ്യത്തിനു മാത്രം ആരും ഉത്തരം തരുന്നില്ല. ഇതിനെല്ലാം നാം ആരെപ്പഴിക്കും?

No comments: