Friday, December 5, 2008

പിറന്നാള്‍...?





രാവിലെ മുതല്‍ നടക്കുകയാണ്‌ ആ അമ്മയും കൊച്ചു മകനും. ചൂടില്‍ ഉരുകിയൊലിക്കുന്ന റോഡില്‍ ഉണ്ണിയുടെ കാലുകള്‍ പൊള്ളാതിരിക്കാന്‍ അവനെയെടുത്ത്‌ കുറേ ദൂരമായി ആ അമ്മ നടക്കുന്നു. കീറിപ്പറിഞ്ഞ അവളുടെ വസ്‌ത്രങ്ങള്‍ക്കിടയിലൂടെ തെളിഞ്ഞ മാംസക്കഷണങ്ങളെ വഴിയോരത്തെ കഴുകന്മാര്‍ കണ്ണുകള്‍ കൊണ്ട്‌ കൊത്തിയെടുക്കുന്നുണ്ടായിരുന്നു അവര്‍ക്കു നേരെയും അവള്‍ ഭിക്ഷാ പാത്രം നീട്ടി. പലരും അവളെ ക്ഷണിച്ചു. അവള്‍ ഓടിയകന്നു. ഇടുപ്പ്‌ കഴച്ചിട്ടും അവനെ നിലത്തിറക്കാതെ അവള്‍ പിന്നെയും നടന്നു. വഴിയരികിലെ വര്‍ണ്ണ ബലൂണുകളില്‍ നിന്ന്‌ അവന്റെ കണ്ണുകളെ അകറ്റാന്‍ വല്ലാതെ പാടു പെടേണ്ടി വന്നു അവള്‍ക്ക്‌. ഒരു കുട്ടി അവനു നേരെ നീട്ടിക്കൊതിപ്പിച്ച ബലൂണ്‍ പക്ഷേ ആ അമ്മയെ വല്ലാതെ കഷ്‌ടപ്പെടുത്തിക്കളഞ്ഞു. അത്‌ കിട്ടാതെ ദേഷ്യപ്പെട്ടവന്‍ അവളുടെ കഴുത്തില്‍ നഖങ്ങളാഴ്‌ത്തി.പിന്നെ ഉറക്കെക്കരയാന്‍ തുടങ്ങി. "അമ്മ തളരും കുട്ടാ ഇങ്ങനെ കരയല്ലേ" അവള്‍ കെഞ്ചി. കഴുത്തില്‍ ആ കുഞ്ഞിക്കൈകള്‍ തീര്‍ത്ത നഖക്ഷതങ്ങളില്‍ അവളുടെ വിയര്‍പ്പിന്റെ ഉപ്പാഴ്‌ന്നപ്പോള്‍ നീറിപ്പിടഞ്ഞു പോയി. ഇടനെഞ്ചിനെ കീറി വരച്ച്‌ അവന്‍ പിന്നെയും കരഞ്ഞപ്പോളും അവള്‍ കെഞ്ചി "അമ്മക്ക്‌ വയ്യ മോനെ." കരഞ്ഞു കരഞ്ഞ്‌ അവനുറങ്ങി. അപ്പോഴും അവളേതോ താരാട്ടു പാടുന്നുണ്ടായിരുന്നു
ഒരു ബഹളം കേട്ടാണ്‌ പിന്നെയവന്‍ ഉണര്‍ന്നത്‌
ചുറ്റിലും നോക്കി ഒരു വീട്ടില്‍ വര്‍ണ്ണ ബലൂണുകളുടെ കൂമ്പാരം. കൊതിപ്പിക്കുന്ന ഗന്ധം. മദിപ്പിക്കുന്ന സംഗീതം."വെശക്കുന്നമ്മാ." അവന്‍ പറഞ്ഞു. നെഞ്ചില്‍ കഫം കെട്ടി ശ്വാസം ആഞ്ഞു വലിക്കുമ്പോള്‍ ആ ശബ്‌ദം ഇടറിയിരുന്നു. തുളുമ്പി നിന്ന കണ്ണീരടക്കാന്‍ പാടുപെടുന്നതിനിടയില്‍ വീടിനകത്തു നിന്നൊരു ശബ്‌ദം"അഭിക്കുട്ടന്‌ അമ്മേടേം അഛന്റെയും പിറന്നാളാശംസകള്‍.." പിന്നെയും ആരൊക്കെയോ അത്‌ തുടര്‍ന്നു "എന്താമ്മേ പെറന്നാള്‌ന്ന്‌ വച്ചാ.."
വീട്ടുമുറ്റത്തെ ഭിക്ഷക്കാരിയെ കാവല്‍ക്കാരന്‍ ആട്ടിയൊടിച്ചു. ഒരു കല്ലിലിടിച്ച്‌ ആ റോഡിലേക്കു വീഴുമ്പോഴും നെഞ്ചില്‍ കുഞ്ഞുണ്ണിയെ അവള്‍ അടക്കിപ്പിടിച്ചിരുന്നു. കാല്‍വിരല്‍ത്തുമ്പില്‍ ഒരു നീറ്റല്‍ പടര്‍ന്നു. അടര്‍ന്ന കാല്‍നഖത്തില്‍ നിന്നും കുതിച്ചു ചാടിയ ചോരത്തുള്ളികള്‍ അവള്‍ കണ്ടില്ലെന്നു നടിച്ചു. പെട്ടെന്ന്‌ സമീപത്തെന്തോ വീഴുന്ന ശബ്‌ദം. ആരോ തിന്ന്‌ വലിച്ചെറിഞ്ഞ ചുരുട്ടിക്കൂട്ടിയ ഒരു പൊതിച്ചോറ്‌. കുരച്ച്‌ വന്ന തെരുവുനായില്‍ നിന്നും അത്‌ തട്ടിപ്പറിച്ചെടുക്കാന്‍ ഉണ്ണിയെ നിലത്തു വച്ച്‌ അവള്‍ ഓടി. ഭക്ഷണം തട്ടിപ്പറിച്ച ദേഷ്യത്തില്‍ ആ നായ്‌ കടിച്ചെടുത്ത കൈയിലെ മുറിവിനേയും അവള്‍ ശ്രദ്ധിച്ചില്ല. ഒരു ഭ്രാന്തിയെപ്പോലെ ഓടി വന്ന്‌ പൊതിച്ചോറഴിച്ച്‌ ഉണ്ണിയുടെ വായിലേക്ക്‌ കുറച്ച്‌ ചോറു വറ്റുകള്‍ വച്ചു കൊടുക്കുന്നതിനിടയില്‍ നെഞ്ചിടറി അവള്‍ പറഞ്ഞു "പൊന്നുമോന്‌ അമ്മേടെ പിറന്നാളാശംസകള്‍.."

(അന്ന്‌ ആരുമില്ലാത്തവനായി മാറിയ എന്റെ കണ്ണുകളില്‍ നോക്കി അവിടെ പുതിയൊരു ജീവിതം നിറച്ചു തന്ന അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങള്‍ക്കായി എന്റെയീ പിറന്നാള്‍ ദിനത്തില്‍..)

14 comments:

ശ്രീ said...

പിറന്നാളാണോ? എങ്കില്‍ ആദ്യത്തെ പിറന്നാള്‍ ആശംസകള്‍ എന്റെ വക.

പോസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ കണ്ണു നനയിച്ചു കളഞ്ഞൂട്ടോ. ആര്‍ഭാടത്തോടെ ഓരോ ജന്മദിനവും ഉത്സവമാക്കുന്ന ജനങ്ങളും ഇല്ലായ്മകളില്‍ പിറന്നാള്‍ ദിനമെങ്കിലും ഒരു നേരം വയറു നിറയ്ക്കാന്‍ കഷ്ടപ്പെടുന്ന ജനതയും...

വളരെ ടച്ചിങ്ങ് ആയ പോസ്റ്റ്.
എ.ടിയുടെ ‘പിറന്നാള്‍ ദിനത്തിന്റെ ഓര്‍മ്മയ്ക്ക്’ എന്ന കഥ ഓര്‍മ്മിപ്പിച്ചു.

ഒരിയ്ക്കല്‍ കൂടി ആശംസകള്‍!

smitha adharsh said...

Have A Sweet B'day...
കഥ എപ്പോഴും കഥയായി തന്നെ ഇരിക്കട്ടെ...
ശ്രീ പറഞ്ഞ പോലെ കണ്ണ് നിറഞ്ഞത്‌ കൊണ്ടു അക്ഷരങ്ങള്‍ വായിക്കാനാവാതെ വിഷമിച്ചു.എല്ലാവരും സമ്പന്നതയ്ക്ക് നടുവിലെ പിറന്നാള്‍ ആഘോഷങ്ങളെക്കുറിച്ച് വിവരിക്കുമ്പോള്‍..ഇതു വേറിട്ട ഒരു അനുഭവമായി .
കഥ നന്നായി..
no,need 4 this word verification..ketto

ചാളിപ്പാടന്‍ | chalippadan said...

പഹയാ,
ഞാന്‍ ആദ്യമായിട്ടാണ് ഇതിലെ. മനസ്സില്‍ തട്ടി. നന്നയിട്ടെഴുതിയിട്ടുന്ടു. മറ്റു പോസ്ടുങള്‍ വായിച്ചു വിശദമായിട്ടെഴുതാം.
അഭിനന്ദനങ്ങള്‍...

Appu Adyakshari said...

"വഴിയരികിലെ വര്‍ണ്ണ ബലൂണുകളില്‍ നിന്ന്‌ അവന്റെ കണ്ണുകളെ അകറ്റാന്‍ വല്ലാതെ പാടു പെടേണ്ടി വന്നു അവള്‍ക്ക്‌. ഒരു കുട്ടി അവനു നേരെ നീട്ടിക്കൊതിപ്പിച്ച ബലൂണ്‍ പക്ഷേ ആ അമ്മയെ വല്ലാതെ കഷ്‌ടപ്പെടുത്തിക്കളഞ്ഞു. അത്‌ കിട്ടാതെ ദേഷ്യപ്പെട്ടവന്‍ അവളുടെ കഴുത്തില്‍ നഖങ്ങളാഴ്‌ത്തി..."

യഥാര്‍ത്ഥ വര്‍ണ്ണനതന്നെ.. മനസ്സില്‍ ഒരു വിങ്ങല്‍. പിറന്നാളാശംസകളോടെ..

Jayasree Lakshmy Kumar said...

മനസ്സു നിറഞ്ഞ പിറന്നാളാശംസകൾ. പോസ്റ്റിനെ കുറിച്ച് എനിക്കൊന്നും പറയാൻ കഴിയുന്നില്ല. പിറന്നാളായിട്ട് എന്തിനാ എല്ലാരേം കരയിപ്പിച്ചത് എന്നു മാത്രം ചോദിക്കുന്നു

ഉപാസന || Upasana said...

നവീന്‍ : വളരെ ടച്ചിങ്ങ് ആയി എഴുതിയിരിയ്ക്കുന്നു. എഴുതിത്തെളീയാന്‍ കുറച്ച് കൂടെ ഉള്ളത് കൊണ്ട് ക്രമീകരണത്തില്‍ ചില അപാകതകള്‍ ഉണ്ട്. പക്ഷേ കഥയിലെ വിഷയം അതിന്റെ പൂര്‍ണമായും മായ്ച്ച് കളഞ്ഞു.

ഉണ്ണിയുടെ വായിലേക്ക്‌ കുറച്ച്‌ ചോറു വറ്റുകള്‍ വച്ചു കൊടുക്കുന്നതിനിടയില്‍ നെഞ്ചിടറി അവള്‍ പറഞ്ഞു "പൊന്നുമോന്‌ അമ്മേടെ പിറന്നാളാശംസകള്‍.."

ഈ വരി വായിച്ചപ്പോ മനസ്സിലൊരു ആന്തല്‍ വന്നു.
കഷ്ടപ്പാടുകള്‍ ഒത്തിരി അനുഭവിച്ചിട്ടുള്ള എനിക്ക് ഇതിലെ ഫീലിങ്ങ്സ് തൊട്ടറിയാന്‍ പറ്റി. ഇങ്ങിനെയുള്ളവരും തെരുവിലുണ്ടെന്ന ഓര്‍മപ്പെടുത്തലാണ് ഈ പോസ്റ്റ്.
ഇനിയും നന്നായി എഴുതുക.
:-)
ഉപാസന

ഷാനവാസ് കൊനാരത്ത് said...

നവീന്‍, ജന്മദിനാശംസകള്‍.

രാജീവ്‌ .എ . കുറുപ്പ് said...

പഹയാ താന്‍ പിറന്നാള്‍ സമ്മാനം ഒരുക്കി വച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓടി വന്നു നോക്കിയത് തന്നെ പാല്‍പായസം നുണയാം എന്ന ചിന്തയില്‍ ആയിരുന്നു. ഇതിലൂടെ ഒരു പാടു കാര്യങ്ങള്‍ താന്‍ പറഞ്ഞു. ഓരോ വരിയും അര്‍ത്ഥ സമ്പുഷ്ടം, പ്രത്യേകിച്ചും ഇതു "കീറിപ്പറിഞ്ഞ അവളുടെ വസ്‌ത്രങ്ങള്‍ക്കിടയിലൂടെ തെളിഞ്ഞ മാംസക്കഷണങ്ങളെ വഴിയോരത്തെ കഴുകന്മാര്‍ കണ്ണുകള്‍ കൊണ്ട്‌ കൊത്തിയെടുക്കുന്നുണ്ടായിരുന്നു അവര്‍ക്കു നേരെയും അവള്‍ ഭിക്ഷാ പാത്രം നീട്ടി. പലരും അവളെ ക്ഷണിച്ചു. അവള്‍ ഓടിയകന്നു. ഇടുപ്പ്‌ കഴച്ചിട്ടും അവനെ നിലത്തിറക്കാതെ അവള്‍ പിന്നെയും നടന്നു." അനില്‍ പനച്ചൂരാന്റെ "അനാഥന്‍" എന്ന കവിതയും ഓര്‍ക്കുവാന്‍ സാധിച്ചു. കണ്ണ് നനയിച്ചപ്പോള്‍ സമാധാനം ആയല്ലോ.

ഗൗരിനാഥന്‍ said...

കഥയിലെ കാര്യം നന്നായി..എന്നാലും പഹയാ..തന്റെ കഥയെഴുതുന്ന രീതി വെചു ഇതു കുരചു കൂടി നന്നാക്കാമയിരുന്നു..കാരണം അതിനുള്ള കഴിവുണ്ട് തനിക്കു..കഥ വായിചു കഴിഞ്ഞിട്ടും പൂര്‍ണമായില്ല എന്നൊരു തോന്നല്‍ ബാക്കി നില്‍ക്കുന്നു

Anil cheleri kumaran said...

a touching post.

ഗൗരിനാഥന്‍ said...
This comment has been removed by the author.
ഗൗരിനാഥന്‍ said...

puthiyathonnum illye

നിരക്ഷരൻ said...

കാഴ്ച്ച മങ്ങുന്ന* തരത്തിലുള്ള ഈ കഥയ്ക്ക് നന്ദി. ഇങ്ങനൊക്കെ എഴുതാന്‍ എനിക്കും പറ്റിയിരുന്നെങ്കിലോ എന്ന് ആശിപ്പിക്കുന്നു.

(*എനിക്കങ്ങനെയാണ്. മനസ്സ് ആര്‍ദ്രമായാല്‍ കാഴ്ച്ച മങ്ങും. കണ്ണുനിറയുന്നതുകൊണ്ടായിരിക്കാം.)

എന്റെ ‘ചില യാത്രകള്‍ ‘ ഇഷ്ടപ്പെട്ട ബ്ലോഗുകളുടെ കൂട്ടത്തില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പ്രത്യേകം നന്ദി നവീണ്‍ .

VEERU said...

വേദന വേദന...സർവത്ര വേദന !!
കരളിൽ കാരമുള്ളു കൊണ്ട പ്രതീതി..!!!