പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ജോലിസ്ഥലത്ത് പത്രങ്ങളും വായിച്ചിരിക്കുമ്പോഴാണ് ഉച്ചക്ക് 12 മണിയോടെ പ്രസ്സ് ക്ലബ്ബില്‍ നിന്നും ബ്യൂറോ ചീഫ് ബഷീറിക്കായുടെ വിളി.
"വേഗം വാ ക്ലബ്ബില്‍ ഒരു സ്റ്റോറിക്കുള്ള വകയുണ്ട്".
വേഗം ഇറങ്ങി സെക്രട്ടറിയേറ്റിനു മുന്നില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ ശിവജിയേട്ടനേയും കൂട്ടി നേരെ ക്ലബ്ബിലേക്ക്. അവിടെ അനേകം പേരുടെ ഇടയില്‍ കുറേ ട്രോഫികളും കഴുത്തില്‍ രണ്ട് മെഡലുകളുമായി ഒരാള്‍ മേശമേലിരിക്കുന്നു. ഇവിടെ എന്തോന്ന് സ്റ്റോറിയെന്നും പറഞ്ഞ് ചുറ്റിലും നോക്കിയപ്പോളാണ്, പത്രസമ്മേളനമൊക്കെക്കഴിഞ്ഞ് പത്രക്കാരൊക്കെ ഇറങ്ങി വരുന്നു. തിരക്കില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഞാന്‍ മേശയുടെ ഭാഗത്തേക്ക് നീങ്ങി നിന്നപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്, നേരത്തേ കണ്ട കക്ഷിക്ക് എന്റെ പകുതി പോലും പൊക്കമില്ല. പക്ഷേ ആള്‍ടെ ഒരു കൈക്ക് എന്റെ ഉടലിന്റെ മൊത്തം വണ്ണമുണ്ടായിരുന്നു. "ശിവജ്യേട്ടാ ദാ നമ്മുടെ സ്റ്റോറി". ഞാന്‍ പറഞ്ഞതും പിന്നെ ചറപറ ഫോട്ടോയെടുപ്പായിരുന്നു. ഇത്രയേറെ ഉത്സാഹത്തോടെ ചിരിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു. വൈകല്യങ്ങളെ മന:ക്കരുത്ത് കൊണ്ട് തോല്‍പ്പിച്ച ഒരു മനുഷ്യന്റെ സ്വകാര്യാഹങ്കാരം ആ ചിരിയില്‍ കാണാമായിരുന്നു. ഫോട്ടോയെടുപ്പൊക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ പതുക്കെ പേരു പറഞ്ഞ് പരിചയപ്പെട്ടു. മൊബൈല്‍ നമ്പറും വാങ്ങി. വൈകീട്ട്,തിരിച്ച് നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രക്കിയടയില്‍ വിളിച്ച് വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. രാത്രിയോടെ സ്റ്റോറി തയ്യാര്‍. 15-10-2008ലെ സിറാജിന്റെ സ്പോര്‍ട്സ് പേജില്‍ ബൈലൈനോടെ സ്റ്റോറിയെത്തി. ആ സ്റ്റോറിയാണ് താഴെക്കൊടുത്തിരിക്കുന്നത്. വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നല്ല പോലെ പ്രതീക്ഷിക്കുന്നു.ബ്ലോഗിനു വേണ്ടി കുറച്ച് മാറ്റം വരുത്തിയിട്ടുണ്ട്. വളരെക്കുറച്ചുമാത്രം. ഒന്നങ്ങ് ക്ഷമിച്ചേക്കണേ..
പാലായില്‍ നിന്നൊരു ജോബിച്ചായന്
ഈ വര്‍ഷം സ്പെയിനില്‍ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍, 60 കിഗ്രാം വിഭാഗത്തില്‍ വെള്ളി, 2005ല്‍ ജപ്പാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് വെങ്കല മെഡലുകള്‍, സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി പഞ്ചഗുസ്തിയില്‍ പങ്കെടുത്ത് 150 ഓളം മെഡലുകള്‍. ഇതുകൂടാതെ കരാട്ടെയില്‍ ബ്രൗണ്‍ ബെല്‍റ്റ്, പാരാസെയ്ലിംഗ്, ഫെന്‍സിംഗ്, അത്ലറ്റിക്സ്, നീന്തല്‍....ഒരു വ്യക്തി വര്‍ഷങ്ങളായി ചെയ്യുന്ന കാര്യങ്ങളാണിവ. പട്ടിക ഇനിയും നീളും. ഇതൊക്കെ ചെയ്യുന്നത് എല്ലാം തികഞ്ഞ ശരീരമുള്ള ആജാനബാഹുവായ ഒരുമനുഷ്യനാണെന്ന് കരുതിയാല്‍ അവിടെ തെറ്റി. മൂന്നര അടി മാത്രം പൊക്കമുള്ള തനി പാലാക്കാരന് അച്ചായന് ജോബി മാത്യുവാണ് കഥാനായകന്. പിടിച്ചടക്കിയ നേട്ടങ്ങള്‍ക്ക് പുറമേ നല്ല ഒത്ത ശരീരമുള്ള ഹിന്ദിക്കാരന് ജോണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള മസിലന്മാരെയൊക്കെ വെല്ലുവിളിച്ച് ഇനി ഹിമാലയപര്‍വ്വതം കൂടി കീഴടക്കാനൊരുങ്ങുകയാണ് ജോബിച്ചായന്. വിധിയെ കൈക്കരുത്ത് കൊണ്ട് നേരിട്ട് പഞ്ചഗുസ്തിയില്‍ ലോകചാമ്പ്യനായ അച്ചായന് ജി വി രാജ അനുസ്മരണ യോഗത്തില്‍ വച്ച് കേരളസര്‍ക്കാരിന്റെ പ്രത്യേക ഉപഹാരമായി ഒരുലക്ഷം രൂപ ഗവര്‍ണ്ണര്‍ ആര് എസ് ഗവായ് സമ്മാനിച്ചിരുന്നു.ജനിക്കുമ്പോള്‍ തന്നെ ഇദ്ദേഹത്തിന്റെ രണ്ട് കാലുകള്‍ക്കും നീളം കുറവായിരുന്നു. എന്നാല്‍ അരയ്ക്കു മുകളിലേക്കാവട്ടെ സാധാരണ മനുഷ്യന്റെ വളര്‍ച്ചയും. അതുകൊണ്ടുതന്നെ 1994 ചങ്ങനാശ്ശേരിയില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ അവഗണനകള്‍ക്കിടയിലും തന്റെ കരുത്ത് കൈകളിലാണെന്ന് തിരിച്ചറിഞ്ഞ് പഞ്ചഗുസ്തിയിലേക്ക് തിരിഞ്ഞു. ഫിറ്റ്നസും മറ്റു കാര്യങ്ങളും ശ്രദ്ധിക്കേണ്ടതിനാല്‍ തുടക്കത്തില്‍ പരിശീലനം നല്കാന് ആരും തയ്യാറായില്ല. എന്നാല്‍ സ്വന്തമായി ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധിച്ച് ചിട്ടയായി വ്യായാമം ചെയ്ത് ശരീരം നിറയെ ഉരുണ്ടു കളിക്കുന്ന മസിലുകളായതോടെ വെറുതേ പരിശീലനം നടത്തി സമയം കളയേണ്ട എന്നുപദേശിച്ചവര് തന്നെ പറഞ്ഞു.
"ഇത്തിരിയേ ഒള്ളേലെന്താ അവന്റൊരു ബോഡി കണ്ടില്ലേ?"
അങ്ങനെ 1994ല്‍ തന്നെ പഞ്ചഗുസ്തി ജില്ലാതല മത്സരത്തില്‍ ജേതാവായി. ആ വര്‍ഷം സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പിഴച്ചെങ്കിലും 1997, 98 വര്‍ഷമായപ്പോഴേക്കും അച്ചായന് നഷ്ടപ്പെട്ട പട്ടം പിടിച്ചെടുത്തു. തുടര്‍ന്ന് ആലുവയിലെ കരിഷ് മാസ് ജിംനേഷ്യത്തില്‍ മുന്‍ സംസ്ഥാനബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ ചിത്രാംഗദന്റെ കീഴില്‍ പരിശീലനവും ആരംഭിച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇവിടെയാണ് പരിശീലനം. ലോകത്ത് പലയിടങ്ങളില്‍ നിന്നും പഞ്ചഗുസ്തി മത്സരങ്ങള്‍ക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും യാത്രാചെലവിനടക്കം പണമില്ലാത്തിതനാല് മിക്ക ആഗ്രഹങ്ങളും ഇദ്ദേഹം മാറ്റിവക്കുകയായിരുന്നു.ഇപ്പോള്‍ ഭാരത് പെട്രോളിയമാണ് ഇദ്ദേഹത്തിന്റെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഒരുമാസം മുമ്പ് ഇവിടെ സ്പോര്‍ട്സ് ഓഫീസറായി നിയമിക്കപ്പെടുകയും ചെയ്തു. സ്പെയിനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന് പോകാന്‍ ഒന്നര ലക്ഷം രൂപയായിരുന്നു ഭാരത് പെട്രോളിയം നല്‍കിയത്. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പിലും പഞ്ചഗുസ്തി ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കാനും കമ്പനി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പഞ്ചഗുസ്തി കൂടാതെ വികലാംഗരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 1983 മുതല്‍ 2004വരെ സംസ്ഥാന ചാമ്പ്യന്‍, ഇന്ത്യയിലെ ആദ്യ വീല്‍ ചെയര്‍ ഫെന്‍സര്‍, കേരളത്തിലെ ആദ്യ ചാരസെയ്ലിംഗ് താരം, 2002ലെ സംസ്ഥാന ബോഡിബില്‍ഡിംഗ് (അപ്പര്‍) ചാമ്പ്യന്‍, വൈപ്പിന്‍, ആലപ്പുഴ എന്നിവിടങ്ങളിലെ കടലുകളില്‍ അഞ്ച് കിലോമീറ്ററും വിഴിഞ്ഞത്ത് രണ്ടര കിലോമീറ്ററും നീന്തി റെക്കോര്‍ഡ് തുടങ്ങിയ പദവികളും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. ഹിമാലയം കീഴടക്കാനായി സിംലയില്‍ പരിശീലനത്തിനായും അച്ചായന് ഒരുങ്ങുകയാണ്. കൊച്ചിയിലെ റൊട്ടോറാക്ട് അഡ്വഞ്ചര്‍ ക്ലബ്ബിലെ അംഗമായ ഇദ്ദേഹം ദിവസവും സുഹൃത്തിന്റെ വീട്ടില്‍ റോപ്ക്ലൈംബിംഗും പരിശീലിക്കുന്നുണ്ട്. തൊലിയില്ലാത്ത ചിക്കന്‍,മീന്‍, പാല്,മുട്ട ,പച്ചക്കറികള്‍, പഴങ്ങള്‍ ഇങ്ങനെ 450 രൂപയോളമാണ് ഭക്ഷണത്തിനായി മാത്രം ഒരു ദിവസം ചെലവിടുന്നത്. ഭക്ഷണം കഴിക്കുന്നതോടൊപ്പം ചിട്ടയായ വ്യായാമത്തിനും അച്ചായന് ഇതുവരെ മുടക്കം വരുത്തിയിട്ടില്ല. അരുവിത്തറ സെന്റ് ജോര്‍ജ് കോളജില്‍ നിന്നും ബി എ, യൂനിവേഴ്സിറ്റി കോളജില്‍ നിന്നും പൊളിറ്റിക്സില്‍ എം എ, എറണാകുളം ലോ കോളജില്‍ നിന്നും എല്‍ എല്‍ ബി ഇങ്ങനെ ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളുടെ ഗ്രാഫും ഉയര്‍ന്നതാണ്. ജോബിച്ചായന്റെ അച്ചന് ചെറുപ്പത്തിലേ മരിച്ചു. അമ്മ ഏലിക്കുട്ടി മാത്യുവിനോടും ചങ്ങനാശ്ശേരി എസ് എച്ച് കോണ്‍വെന്റില്‍ പഠിക്കുന്ന അനിയത്തി സ്മിതയോടുമൊപ്പമാണ് ഇപ്പോഴത്തെ സന്തുഷ്ട ജീവിതം.വൈകല്യങ്ങളെ അതിജീവിച്ച് സമൂഹത്തിന് പ്രചോദനമാവുന്ന രീതിയില്‍ പ്രവൃത്തിക്കണമെന്ന ഒരു ചെറിയ ഉപദേശമാണ് തന്നെപ്പോലുള്ളവര്‍ക്ക് അച്ചായന് നല്‍കുന്നത്. 2012ല്‍ നടക്കാനിരിക്കുന്ന വികലാംഗരുടെ ഒളിമ്പിക്സില്‍ സ്വണ്ണം നേടുകയാണ് തന്റെ ലക്ഷ്യമെന്നു പറയുമ്പോള്‍ ആ വാക്കുകളില്‍ തന്നെ ജീവിതം തനിക്കു പകര്‍ന്നുതന്ന പ്രചോദനം തെളിഞ്ഞു കാണാം.
1 comment:
വൈകല്യം നല്കിയ വിധിയെ സ്വന്തം പരിശ്രമം കൊണ്ടു,തോല്‍പ്പിച്ച "വലിയ മനുഷ്യന്"...നന്നായിരിക്കുന്നു..നല്ല പോസ്റ്റ്..
Post a Comment